Tuesday, January 24, 2012

വിവാദങ്ങളുടെ ഇഷ്ടതോഴന്‍

അഴീക്കോട് മാഷ് എന്നും വിവാദങ്ങളുടെ നായകനായിരുന്നു. ഒരു വിവാദം ഒഴിഞ്ഞാല്‍ ഉടനെ അടുത്ത വിവാദം അതാണ് അഴീക്കോട്. തന്‍ കണ്ടത് എന്തും തുറന്ന് പറയുക, അത് ശരിയോ, തെറ്റോ എന്തോ ആവട്ടെ, തനിക്ക് ശരിയെന്ന് തോന്നിയാല്‍ അത് ശരി തന്നെ, അതാണ് മാഷ്. അഴീക്കോട് ഇടപെടുന്ന മിക്ക വിഷയങ്ങളിലും അത് കൊണ്ടാണ് വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നതും. വിമര്‍ശനങ്ങള്‍ സന്തോഷത്തോടെ സ്വീകരിച്ച് ഉടനെ അതിന്റെ ഡബിള്‍ സ്പീഡിലുള്ള മാഷിന്റെ മറുപടി കേരളം ആസ്വദിച്ചു. പുകഴ്ത്തിയെ വ്യക്തിയെ ഇകഴ്ത്തണം എന്നു തോന്നിയാല്‍ യാതൊരു മടിയും ഇല്ല. അതിന് ആരെയും ഭയപ്പെട്ടിരുന്നും ഇല്ല. മാത്രമല്ല, അങ്ങനെ വൈരുദ്ധ്യങ്ങള്‍ പറയുന്നത് ശരിയാണോ എന്ന് ഒരു ചിന്തപോലും മാഷിനില്ലായിരുന്നു. തനിക്ക് തോന്നിയത് അപ്പോള്‍ പറയും. അതിലൊരു അപമാനഭാരവും അദ്ദേഹം കണ്ടില്ല.

അഴീക്കോട് വെറും ഒരു സാഹിത്യകാരനായി ഒതുങ്ങികൂടിയില്ല. എല്ലാ വിഷയങ്ങളിലും ഇടപെട്ടു. വിഎസ് അച്യുതാനന്ദനെ വലിജനസമ്മതനായ വ്യക്തിയാണെന്ന് വിഎസ് പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ അഴീക്കോട് പുകഴ്ത്തി. എന്നാല്‍ വിഎസ് മുഖ്യമന്ത്രിയായിരിക്കെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് പരാജയം രുചിച്ചപ്പോള്‍ വിഎസിനെ കളിയാക്കാനും മാഷ് മറന്നില്ല. വിഎസിന്റെ ചിരി അശ്ലീലമാണെന്നാണ് മാഷിന്റെ കമന്റ്. തുര്‍ന്ന് പരസ്പരം വാക് യുദ്ധങ്ങള്‍ അരങ്ങേറി ഒടുവില്‍ അച്യുതാനന്ദന്‍ ഫോണില്‍ വിളിച്ചുവെന്ന് പറഞ്ഞ് ആ വിവാദം അവസാനിപ്പിക്കുകയായിരുന്നു.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും അഴീക്കോടിന്റെ വിമര്‍ശനം ഏറ്റുവാങ്ങി. വ്യാജ മരുന്നുകളും, ഒരേ മരുന്നിന് പല കമ്പനികള്‍ ഈടാക്കുന്ന പല വിലയും വിവാദമായപ്പോള്‍ അഴീക്കോട് അവര്‍ക്കെതിരെ തിരിഞ്ഞത്. ഇത് വിവാദത്തിന് തിരികൊളുത്തി. മാപ്പര്‍ഹിക്കാത്ത കുറ്റം ചെയ്തിട്ടും അതിന്റെ പേരില്‍ ദുഃഖമോ ഖേദമോ പ്രകടിപ്പിക്കാത്ത ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കൊലയാളികളുടെ സംഘടനയാണെന്നു സുകുമാര്‍ അഴീക്കോട് കുറ്റപ്പെടുത്തി. 'ഐഎംഎ കേരളഘടകം' കേസിനു പോയെങ്കിലും സംഘടനയ്ക്കു നിയമപരമായ നിലനില്‍പ്പില്ല എന്ന നിരീക്ഷണത്തോടെ കോടതി കേസ് തള്ളുകയായിരുന്നു.

വാണിജ്യ സാധ്യതകള്‍ മനസ്സിലാക്കി മാതാ അമൃതാനന്ദമയിയെ പലരും അതു ചൂഷണം ചെയ്യുന്നതിനെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. 'അമൃതാനന്ദമയിയുടെ വാണിജ്യ സാധ്യതകള്‍ മനസ്സിലാക്കിയ വഞ്ചക സമൂഹത്തെയാണു ഞാന്‍ വിമര്‍ശിക്കുന്നത്. മതത്തെപ്പറ്റിയുള്ള സന്ദേഹം പരിഹരിക്കാന്‍ അവരുടെ പക്കല്‍ എന്തെങ്കിലുമുണ്ടോ? കെട്ടിപ്പിടിച്ചാലും സന്ദേഹം മാറില്ല. റിട്ടയര്‍ ചെയ്ത കുടവയറന്മാരെയല്ല, കുഷ്ഠരോഗികളെയാണു കെട്ടിപ്പിടിക്കേണ്ടത്' എന്നും പറഞ്ഞു.

2006 ജനുവരി എട്ടിന് അന്വേഷി പ്രസിഡന്റ് കെ. അജിത ഐസ്‌ക്രീം പാര്‍ലര്‍ കേസിലെ സാക്ഷികളുടെ കൂട്ടക്കൂറുമാറ്റത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട്ട് സംഘടിപ്പിച്ച സമരപ്രഖ്യാപന കണ്‍വന്‍ഷനില്‍ പ്രസംഗിക്കുമ്പോള്‍ അഴീക്കോട് നടത്തിയ പരാമര്‍ശങ്ങള്‍ വീണ്ടും കേസിന് ആധാരമായി. 'വഞ്ചനയ്ക്കു കൂട്ടു നിന്ന പ്രോസിക്യൂട്ടറെ പിരിച്ചുവിട്ടാല്‍ പോരാ, കയ്യും കാലും പിരിച്ചൊടിച്ച് ആശുപത്രിയിലെത്തിക്കണ'മെന്ന് അഴീക്കോടു പ്രസംഗിച്ചു.

വയലാര്‍ രവിയുടെ മകന്റെ ഗുരുവായൂര്‍ ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ടു പുണ്യാഹം നടത്തിയതിനെതിരെയും സുകുമാര്‍ അഴീക്കോടിന്റെ പ്രതികരണം വന്നു. പുണ്യാഹം ഗുരുവായൂര്‍ ദേവസ്വത്തിനു തന്നെ അപമാനമാണെന്ന് അഴീക്കോട് ആരോപിച്ചു. മനുഷ്യന്‍ ക്ഷേത്രത്തില്‍ കടന്നതിന് പുണ്യാഹത്തിന് ഉത്തരവിട്ടവരെയാണ് ഗുരുവായൂര്‍ ഭരണസമിതി പുണ്യാഹം തളിച്ചു ശുദ്ധീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഒടുവില്‍ തിലകനെ പുറത്താക്കിയ താരസംഘടന അമ്മയുടെ നടപടിക്കെതിരെ അഴീക്കോട് ആഞ്ഞടിച്ചു. 'അമ്മ' അധോലോക സംഘടനയായാണു പ്രവര്‍ത്തിക്കുന്നതെന്നും മക്കളുടെ ചോര കുടിക്കുന്ന പിശാചായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മോഹന്‍ലാലും അഴീക്കോടും വലിയ ഒരു ഫൈറ്റിന് തന്നെ കളമൊരുക്കി. തത്വമസി എന്ന തന്റെ പുസ്തകത്തിന്റെ മഹത്വം അറിയാതെ സംസാരിക്കുന്ന മോഹന്‍ലാല്‍ കുങ്കുമം ചുമക്കുന്ന കഴുതയാണെന്നു പ്രസ്താവനയും നടത്തി. മോഹന്‍ലാലിനെ സംസ്ഥാന സര്‍ക്കാരിന്റെ ഖാദി ബോര്‍ഡിന്റെ ബ്രാന്‍ഡ് അംബാസിഡറാക്കിയപ്പോള്‍ മദ്യത്തിന്റെ പ്രചാരകനാകാനാണു യോഗ്യനെന്നും ഖാദിയുടേതല്ലെന്ന് അഴീക്കോട് പറഞ്ഞു. ഒടുവില്‍ മോഹന്‍ലാല്‍ പത്രം സമ്മേളനം വിളിച്ചു അഴീക്കോടിനെ ബുദ്ധിഭ്രംശം സംഭവിച്ചയാള്‍ എന്നു പറഞ്ഞു. 'അമ്മ' അഴീക്കോടിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. അഴീക്കോട് മാഹന്‍ലാലിനെതിരെയും. ആരോഗ്യം മോശമായി തൃശൂര്‍ അമല ആശുപത്രിക്കിടക്കയില്‍ വിശ്രമിക്കുമ്പോഴാണ് ഇരുവരും തമ്മില്‍ സംസാരിച്ച് കേസ് ഒത്തുതീര്‍പ്പാക്കിയത്.

അഴീക്കോടിന്റെ ജീവിതത്തിലെ അവസാനത്തെ ക്ലൈമാക്‌സ്‌ എന്നു പറയുന്നത് വിലാസിനി ടീച്ചറുടേതാണ്. ഒരിക്കല്‍ വിവാഹാലോചന വരെ എത്തിയ ബന്ധത്തില്‍ നിന്നു പിന്മാറിയെങ്കിലും തന്നെ ആത്മകഥയില്‍ മോശപ്പെട്ട സ്ത്രീയായി ചിത്രീകരിച്ചെന്നാരോപിച്ച് റിട്ട. കോളജ് പ്രിന്‍സിപ്പല്‍ ജി. വിലാസിനി അദ്ദേഹത്തിനെതിരെ അപകീര്‍ത്തിക്കേസിനു വക്കീല്‍ നോട്ടീസ് അയച്ചു. പിന്നെ പരസ്പം ആക്ഷേപിച്ചു ചാനലുകള്‍ക്ക് വാര്‍ത്തയാക്കി. ഒടുവില്‍ തൃശൂര്‍ അമല ആശുപത്രിയില്‍ കിടക്കുമ്പോള്‍ വിലാസിനി ടീച്ചര്‍ അഴീക്കോടിനെ കാണാനെത്തി. പ്രണയത്തിന്റെ റോസാപുഷ്പങ്ങള്‍ മാഷിന് നല്‍കി വിലാസിനി ടീച്ചര്‍ വിതുമ്പി. അഴീക്കോട് മാഷാകട്ടെ ടീച്ചറുടെ കൈകള്‍ ചേര്‍ത്ത് പിടിച്ച് ഗദ്ഗദ കണ്ഠനായി ചുവന്ന റോസാപുഷ്പങ്ങള്‍ ഏറ്റുവാങ്ങി. ഒരുപാടു വര്‍ഷങ്ങള്‍ക്കുശേഷം ഒടുവില്‍ സംഭവിച്ച സ്വപ്‌നസാക്ഷാത്കാരത്തിന്റെ വേദിയായി തൃശൂര്‍ അമല ആശുപത്രി. പനിനീര്‍പ്പൂക്കളുമായി എത്തിയ ടീച്ചര്‍ അഴീക്കോടിനൊപ്പം അരമണിക്കൂറോളം ചെലവിട്ടു. തന്റെ കൂടെ വന്നാല്‍ പൊന്നുപോലെ നോക്കാമെന്ന് വിലീസിനി ടീച്ചര്‍ അഴീക്കോടിനോട് പറഞ്ഞു. ഈ വാക്കുകള്‍ കേള്‍ക്കാനായത് തന്നെ ഏറെ സന്തോഷിപ്പിക്കുന്നുവെന്നായിരുന്നു അഴീക്കോടിന്റെ മറുപടി. ഒന്നിലും വിഷമമില്ലെന്നും എല്ലാം തന്റെ തലയിലെഴുത്താണെന്നും ടീച്ചര്‍ പറഞ്ഞു.

Tuesday, December 13, 2011

മാണിയുടെ ഭീഷണി ഏറ്റെടുക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിയുമോ?

ഭരണം നഷ്ടമായാലും മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ നടത്തുന്ന സമരത്തില്‍ നിന്ന് പിറകോട്ടില്ലെന്നാണ് മന്ത്രി കെഎം മാണിയുടെ നിലപാട്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ 10 ദിവസത്തിനകം തീരുമാനമെടുത്തില്ലെങ്കില്‍ സമരസ്വഭാവം മാറുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. മുല്ലപ്പെരിയാര്‍ വിഷശയത്തില്‍ ഏറ്റവും കൂടുതല്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ കഴിയുക മാണിയുടെ പാര്‍ട്ടിയ്ക്ക് തന്നെയാണ്. അതിനാല്‍ അത് പരമാവധി പ്രയോജനപ്പെടുത്താന്‍ തന്നെയാണ് കേരള കോണ്‍ഗ്രസിന്റെ തീരുമാനവും.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഒളിഞ്ഞും മറിഞ്ഞും കോണ്‍ഗ്രസിനെതിരെ കുത്തുന്ന മാണി ഗ്രൂപ്പിന് ഇടതു മുന്നണി വാതില്‍ തുറന്നിട്ടിരിക്കുകയാണ്. അതിനാല്‍ മാണിയുടെ മുന്നറയിപ്പ് കേവലം രാഷ്ട്രീയക്കാരന്റെ സംസാരമായി തള്ളിവിടാനാവില്ല. കേന്ദ്ര സര്‍ക്കാര്‍ യുക്തമായ തീരുമാനം എടുത്തില്ലെങ്കില്‍ തന്റെ എംഎല്‍എമാരെയും എംപി മാരെയും രാജിവെപ്പിക്കാനുള്ള നീക്കം നടക്കുന്നതായും സൂചനയുണ്ട്. കേന്ദ്രത്തല്‍ ഒരു പക്ഷെ ഇതു വലിയ ക്ഷീണം സംഭവച്ചേക്കില്ല. എന്നാല്‍ കേരളത്തില്‍ ഇതോടെ ഉമ്മന്‍ചാണ്ടി സര്‍ക്കാറിന് അന്ത്യമാകും. മാണിഗ്രൂപ്പിലെ മന്ത്രി പിജെ ജോസഫ് കഴിഞ്ഞ ദിവസം എല്‍ഡിഎഫ് തീര്‍ത്ത മനുഷ്യമതിലില്‍ സംബന്ധിച്ച് എല്‍ഡിഎഫിലേക്കു പോകുന്നതിനുള്ള സൂചനകള്‍ നല്‍കിക്കഴിഞ്ഞു. മോന്‍ജോസഫിനേയും കൂട്ടി എംഎല്‍എ സ്ഥാനം രാജിവെയ്ക്കാതെ തന്നെ പിജെ ജോസഫ് എല്‍ഡിഎഫിലേക്കു ചേക്കാറാന്‍ ശ്രമിക്കുന്നതായും റിപോര്‍ട്ടുകളുണ്ട്.
എന്നാല്‍ കെഎം മാണിയുടെ ഭീഷണിയ്ക്ക് വഴങ്ങിക്കൊടുക്കരുതെന്ന് ആര്‍ ബാലകൃഷ്ണ പിള്ള കഴിഞ്ഞ ദിവസം പറഞ്ഞു. യുഡിഎഫിലെ മറ്റു ചില ഘടകകക്ഷികള്‍ക്കും ഈ അഭിപ്രായമാണുള്ളത്. മുസ്‌ലിം ലീഗ് തല്‍ക്കാലം മാണിക്കെതിരെ ഒന്നും സംസാരിക്കില്ല. കാരണം അഞ്ചാം മന്ത്രി പോക്കറ്റിലാകാതെ കമന്റ് അടിച്ചാല്‍ മാണി തിരിച്ച് കൊത്തിയാല്‍ സംഗതി നഷ്ടം ലീഗിനാണ്. മുല്ലപ്പെരിയാര്‍ വിഷയം ഉന്നയിച്ചു സമരത്തിനിറങ്ങിയാല്‍ ഇപ്പോള്‍ പാര്‍ട്ടിയ്ക്ക് ചെറിയ നഷ്ടം സംഭവിച്ചാലും ഭാവിയില്‍ അത് വലിയ ഗുണം ചെയ്യുമെന്നാണ് മാണിഗ്രൂപ്പിന്റെ വിലയിരുത്തല്‍. എല്‍ഡിഎഫിനോടു അനുഭാവം പുലര്‍ത്തുന്ന സമീപനങ്ങളാണ് മാണി ഗ്രൂപ്പ് സ്വീകരിച്ചുവരുന്നത്.
കല്ലിനും മുള്ളിനും ഏല്‍ക്കാതെ പ്രശ്‌നം പരിഹരിക്കുകയെന്നതാണ് ഉമ്മന്‍ചാണ്ടിയുടെ മുമ്പിലുള്ളത്. അതിനാല്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി കൃത്യമായ തീരുമാനങ്ങളും നടപടികളും എടുക്കേണ്ടതുണ്ട്. തന്റെ സര്‍ക്കാര്‍ തകരാതെ സൂക്ഷിക്കുകയെന്നത് അദ്ദേഹത്തിന്റെ ബാധ്യതയാണ്. പിറവം ഉപതിരഞ്ഞെടുപ്പും മുഖ്യമന്ത്രിയ്ക്ക് മുമ്പിലുള്ള മറ്റൊരു ഭീഷണിയാണ്.

അഞ്ചാം മന്ത്രി: കോണ്‍ഗ്രസിന് സമ്മതം; കാത്തിരിക്കാന്‍ നിര്‍ദേശം

മുസ്‌ലിം ലീഗിന്റെ അഞ്ചാം മന്ത്രിയെന്ന ആവശ്യത്തിന് ഒടുവില്‍ കോണ്‍ഗ്രസ് സമ്മതം മൂളി. പക്ഷെ, പിറവം തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ കാത്തിരിക്കണമെന്ന് മാത്രം. പിറവം തിരഞ്ഞെടുപ്പിന്റെ പ്രാരംഭ നടപടികള്‍ പോലൂം ആരംഭിക്കാത്ത സാഹജര്യത്തില്‍ മന്ത്രി സ്ഥാനം സ്വപ്നം കാണുന്ന മഞ്ഞളാംകുഴി അലിക്കും അനുയായികള്‍ക്കും ഇനിയും ഏറെ നാള്‍ കാത്തിരിക്കേണ്ടി വരും.
കഴിഞ്ഞ ദിവസം പാണക്കാട് ചേര്‍ന്ന ലീഗിന്റെ ഉന്നതരാഷ്ട്രീയകാര്യ സമമിതി ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്തിരുന്നു. ഇനിയും കുറച്ചു കാലം കൂടി കാത്തിരിക്കാനാണ് അവര്‍ അലിയ്ക്ക് നല്‍കിയ നിര്‍ദേശം. പിറവത്ത് യുഡിഎഫ് പരാജയപ്പെട്ടാല്‍ ഈ സ്വപ്നങ്ങള്‍ ഒരു പക്ഷെ അസ്ഥാനത്താകും. യുഡിഎഫ് പരാജയപ്പെടുകയും രാഷ്ട്രീയ അടിയൊഴുക്കുകള്‍ സംഭവിക്കുകയും ചെയ്താല്‍ പതിറ്റാണ്ടുകളായി മങ്കടക്കാര്‍ കാത്തിരുന്ന 'മന്ത്രി' ഇല്ലാതാകും.
മഞ്ഞളാംകുഴിയ്ക്ക് മന്ത്രി സ്ഥാനം ലഭിക്കാതെ നീട്ടികൊണ്ടുപോകുന്നത് അലി അനുകൂലികള്‍ക്കിടയില്‍ കടുത്ത അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്. ഒടുവില്‍ കഴിഞ്ഞ നിയമസഭാ സമ്മേളനത്തിന് ശേഷം അഞ്ചാം മന്ത്രി പ്രഖ്യാപനവും സത്യപ്രഖ്യാപനവും ഉണ്ടാകുമെന്നാണ് ലീഗ് നേതൃത്വം അറിയിച്ചിരുന്നത്. മുസ്‌ലിം ലീഗ് നേതാക്കള്‍ പത്രപ്രസ്താവനകള്‍ നടത്തുകയെന്നല്ലാതെ കാര്യമായി ഈ വിഷയത്തില്‍ ഇടപെടുന്നില്ലെന്നാണ് അലി അനുകൂലികള്‍ ആരോപിക്കുന്നത്. അതിനാലാണ് മുന്നണിയില്‍ നിര്‍ണായക ശക്തിയായിരുന്നിട്ടുപോലും ലീഗിന് അത് നേടിയെടുക്കാനാവാത്തത് എന്നാണ് ഇവര്‍ പറയുന്നത്.
കഴിഞ്ഞ വിഎസ് മന്ത്രിസഭയില്‍ അലിയ്ക്ക് മന്ത്രി സ്ഥാനം നല്‍കുമെന്ന സിപിഎമ്മിന്റെ വാഗ്ദാനം അവസാനം വരെ പാലിക്കാതെ വന്നപ്പോള്‍ എം എല്‍ എ സ്ഥാനം രാജിവെച്ച് മുസ്‌ലിം ലീഗിലേക്ക് ചേക്കേറിയ അലിക്ക് യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മന്ത്രിസ്ഥാനം നല്‍കുമെന്ന് വാഗാദാനം ചെയ്തിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലീഗിലെ ചില പ്രാദേശിക നേതാക്കളുടെ എതിര്‍പ്പിനെ തുര്‍ന്ന് മങ്കടയില്‍ നിന്നും അലിയെ പെരിന്തല്‍മണ്ണയിലേക്ക് മാറ്റി. കടുത്ത പോരാട്ടത്തിനൊടുവില്‍ സിപിഎമ്മിന്റെ കയ്യില്‍ നിന്നും പെരിന്തല്‍മണ്ണ അലി പിടിച്ചെടുത്തു. മണ്ഡലം പിടിച്ചു നല്‍കിയാല്‍ മന്ത്രിസ്ഥാനം നല്‍കാമെന്ന് അലിയ്ക്ക് ഉറപ്പ് നല്‍കിയിരുന്നു. അങ്ങനെയാണ് മന്ത്രിമാരെ പ്രഖ്യപിച്ചപ്പോള്‍ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ അഞ്ചാം മന്ത്രിയായി മഞ്ഞളാംകുഴി അലിയെ പ്രഖ്യപിച്ചത്. യുഡിഎഫ് മുസ്‌ലിം ലീഗിന് നാല് മന്ത്രിമാരെ നല്‍കിയപ്പോള്‍ യുഡിഎഫ് പോലും അറിയാതെ മുസ്‌ലിം ലീഗ് അഞ്ചാം മന്ത്രിയെ പ്രഖ്യാപിച്ചത് ഏറെ വിവാദമായിരുന്നു. തുടര്‍ന്ന് മാണി ഗ്രൂപ്പും വിലപേശി. ലീഗിന് ചീഫ് വിപ്പ് സ്ഥാനം നല്‍കാമെന്ന് അറിയിച്ചെങ്കിലും ലീഗ് തൃപ്തിപ്പെട്ടില്ല. ഒടുവില്‍ ചീഫ് വിപ്പ് സ്ഥാനം മാണിയ്ക്ക് ലഭിച്ചു. മന്ത്രി സ്ഥാനം എന്ന വാശിയില്‍ കടിച്ചു തൂങ്ങിയ ലീഗിന് ഇപ്പോഴും ഒന്നും ലഭിച്ചിട്ടില്ല. അലിയ്ക്ക് മന്ത്രി സ്ഥാനം നല്‍കാതെ നീട്ടി കൊണ്ടു പോകുന്നതിനെതിരെ മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ സിപിഎമ്മിന്റെ പാര്‍ട്ടി സമ്മേളനങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യുന്നതും അലിയുടെ മന്ത്രിസ്ഥാനമാണ്.
ഇനിയും നീട്ടികൊണ്ടുപോകാതെ മങ്കടക്കാരുടെ സ്വപ്നമായ മന്ത്രി സ്ഥാനം നല്‍കണമെന്നാണ് അലി അലി അനുകൂലികളുടെ ആവശ്യം. അല്ലെങ്കില്‍ അഞ്ചാം മന്ത്രിയില്ലെന്ന് പറയാന്‍ മുസ്‌ലിം ലീഗ് നേതൃത്വം തയ്യറാകണം.


-മിന്‍ശാദ് അഹ്മദ്‌

Friday, December 9, 2011

മര്‍കസ്‌ ശഅ്‌റെ മുബാറക്‌ മസ്ജിദിന് ജനുവരി 30ന് തറക്കല്ലിടും

 കോഴിക്കോട്‌: കോഴിക്കോട്‌ കേന്ദ്രമായി മര്‍കസ്‌ ശഅ്‌റെ മുബാറക്‌ മസ്ജിദിന് ജനുവരി 30ന് തറക്കല്ലിടും സയ്യിദ്‌ അബ്ബാസ്‌ മാലികി മക്ക സംബന്ധിക്കും. ഹിജ്റ വര്‍ഷം 1433 റബീ ഉല്‍ അവ്വല്‍ ഏഴിനു മര്‍കസില്‍ ശഅ്‌റെ മുബാറക്‌ പ്രദര്‍ശനത്തോടനുബന്ധിച്ച് നടക്കുന്ന മീലാദ് കോണ്‍ഫറന്‍സിലാണ് ശിലാസ്ഥാപനം നടത്തുക. ചടങ്ങില്‍ രാജ്യാന്തര നേതാക്കള്‍ക്ക്‌ പുറമേ പ്രമുഖ സാദാത്തുക്കളും മതനേതാക്കളും പങ്കെടുക്കും. മീലാദ് കോണ്‍ഫറന്‍സിന്റെ നടത്തിപ്പിനായി 1433 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. മര്‍കസ് യത്തീംഖാന ഓഡിറ്റോറിയത്തില്‍ നടന്ന സ്വാഗത സംഘ യോഗത്തില്‍ സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍ അധ്യക്ഷതവഹിച്ചു. സയ്യിദലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തി. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍ വിഷയാവതരണം നടത്തി. പി.കെ.എം. സഖാഫി ഇരിങ്ങല്ലൂര്‍, താഹിര്‍ സഖാഫി മഞ്ചേരി എന്നിവര്‍ സംസാരിച്ചു. എന്‍ അലി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍ , കെ പി മുഹമ്മദ്‌ മുസ്‌ലിയാര്‍ കൊമ്പം, കെ കെ അഹമ്മദ്‌ കുട്ടി മുസ്‌ലിയാര്‍ , എ പി മുഹമ്മദ്‌ മുസ്‌ലിയാര്‍ , വി പി എം ഫൈസി വില്ല്യാപ്പള്ളി , ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ആസാദ്‌ ഹാജി എറണാകുളം, നൌഷാദ് മേത്തര്‍, ജമാല്‍ എടപ്പള്ളി, സിദീഖ്‌ ഹാജി, എന്‍ പി ഉമര്‍ ഹാജി, വി പി എം കോയ മാസ്റ്റര്‍ , പ്രൊഫ എം കെ അബ്ദുല്‍ ഹമീദ്‌ , അബൂബക്കര്‍ ഹാജി, നൌഷാദ് അഹ്സനി, അബ്ദുറഹ്മാന്‍ മാസ്റ്റര്‍ പടിപ്പിക്കള്‍, ജി അബൂബക്കര്‍, നാസര്‍ ഹാജി ഓമച്ചപ്പുഴ, ഇബ്രാഹീം കുട്ടി ഹാജി ചെമ്മാട് , സലിം മടവൂര്‍, ഗഫൂര്‍ ഹാജി, സംബന്ധിചു. മര്‍കസ് ജനറല്‍ മാനേജര്‍ സി. മുഹമ്മദ് ഫൈസി സ്വാഗതവും സയ്യിദ് തുറാബ് തങ്ങള്‍ നന്ദിയും പറഞ്ഞു.

Wednesday, September 21, 2011

മുസ്‌ലിം ലീഗിന്റെ ചാനല്‍ സ്വപ്നങ്ങള്‍ക്ക് എന്തുപറ്റി?




ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് (ഐ.യു.എം.എല്‍) ചാനല്‍ തുടങ്ങാന്‍ ഒരുങ്ങിയിട്ട് കാലങ്ങളേറെയായി. തൊട്ടതെല്ലാം പൊന്നാക്കുന്ന ലീഗിന് ചാനല്‍ സ്വപ്‌നം മാത്രമാവുകയാണ്. ഒരു ചാനല്‍ തുടങ്ങാനുള്ള സംഘടനാ ശക്തിയോ, വലുപ്പമോ ലീഗിന് ഇല്ലാഞ്ഞിട്ടല്ല. എന്നാല്‍ ചാനല്‍ തുടങ്ങാനുള്ള ശ്രമം മാത്രം പരാജയപ്പെടുകയായിരുന്നു. ഒടുവില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ചെയര്‍മാനായി തുടങ്ങാനിരുന്ന ചാനല്‍ ഐ.ബി.സി അടച്ചുപൂട്ടിയതായി കഴിഞ്ഞ മാസം പ്രഖ്യാപിച്ചു. ഇതോടെ മുസ്‌ലിം ലീഗിന്റെ പുതിയ ചാനല്‍ സ്വപ്‌നവും അകാല ചരമമടഞ്ഞു. സാമ്പത്തികമാണ് പോലും പ്രശ്‌നം. അധിക വൈകാതെ അടുത്ത പ്രൊജക്ട് വന്നേക്കും.
ഇന്ത്യവിഷന്‍ തുടങ്ങുന്ന സമയത്ത് ലീഗിന്റെ ചാനലെന്ന് ഏറെ കൊട്ടിയാഘോഷിച്ചു. മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തകരും അനുഭാവികളുമായവര്‍ ധാരാളം അതില്‍ പണം നിക്ഷേപിക്കുകയും ചെയ്തു. മുസ്‌ലിം ലീഗിലെ അനിഷേധ്യനായ നേതാവ് സി.എച്ച്. മുഹമ്മദ് കോയയുടെ പൊന്നോമന പുത്രന്‍ ഡോ. എം.കെ മുനീര്‍ ചാനലിന്റെ ചെയര്‍മാനാണെന്നറിഞ്ഞതോടെ ലീഗുകാര്‍ക്ക് മറ്റൊന്ന് ചിന്തിക്കേണ്ടി വന്നില്ല. മുനീര്‍ സാഹിബ് നേതൃത്വം കൊടുക്കുന്ന ചാനല്‍ ലീഗിന്റേതല്ലാതെ പിന്നെ ആരുടേതാണ് എന്ന മട്ടിലായിരുന്നു ലീഗുകാര്‍. അതിനാല്‍ ഇന്ത്യാവിഷന്റെ വിജയത്തിന് വേണ്ടി മുസ്‌ലിം ലീഗ് പ്രവര്‍ത്തകരും നേതാക്കളും അനുഭാവികളുമെല്ലാം അക്ഷീണം പ്രവര്‍ത്തിച്ചു.
മുസ്‌ലിം ലീഗിന്റേയും ഒപ്പം സമുദായത്തിന്റേയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു ചാനല്‍ സ്വപ്‌നം കണ്ടവര്‍ പിന്നീട് നിരാശരാകുന്ന കാഴ്ചയാണ് കണ്ടത്. തങ്ങളുടെ സ്വപ്‌ന ചാനലല്ല ഇന്ത്യവിഷന്‍ എന്ന് തിരിച്ചറിയാന്‍ ഇത്തിരി വൈകി. ഒടുവില്‍ തോളിലിരുന്ന് ചെവികടിച്ചത് പോലെയായി. മുസ്‌ലിം ലീഗുകാര്‍ ഏറെ സ്‌നേഹിച്ച ചാനലാണ് ഇന്ത്യാവിഷന്‍. എന്നാല്‍ ഇന്ന് മുസ്‌ലിം ലീഗുകാര്‍ ഏറ്റവും വെറുക്കുന്നതും ഇന്ത്യാവിഷന്‍ തന്നെ.
മുസ്‌ലിം ലീഗിലെ രാഷ്ട്രീയ ചാണക്യനായ പാണ്ടിക്കടവത്ത് കുഞ്ഞാലിക്കുട്ടിയെ തൊട്ടുകളിച്ചാല്‍ വിവരമറിയും. ലീഗുകാരന്റെ സ്വന്തം കുഞ്ഞാപ്പയാണത്. ഐസ്‌ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ ആദ്യമായി വാര്‍ത്ത നല്‍കിയത് ഇന്ത്യവിഷനാണെന്ന് പറയുമ്പോള്‍ ലീഗുകാര്‍ അത് പൊറുക്കുമോ? ചുട്ടുപൊള്ളുന്ന മണലാരണ്യത്തില്‍ ചോര നീരാക്കി അധ്വാനിച്ച് ഇന്ത്യാവിഷന്റെ ഷെയര്‍ വാങ്ങിയത് മുസ്‌ലിം ലീഗിനെ സ്‌നേഹിച്ചാണ്. ലീഗ് കഴിഞ്ഞിട്ടാണ് അവര്‍ക്ക് അവരുടെ കുടുംബവും മറ്റുമെല്ലാം. കുഞ്ഞാലിക്കുട്ടിക്കെതിരായ വാര്‍ത്ത ഇന്ത്യവിഷന്‍ പുറത്ത് വിട്ടതോടെ തങ്ങളുടെ ചാനല്‍ എന്ന് ലീഗുകാര്‍ പറഞ്ഞിരുന്ന ഇന്ത്യവിഷന്‍ ഓഫീസുകള്‍ക്ക് നേരെ മാര്‍ച്ചും അക്രമങ്ങളും നടന്നു. മക്കയിലായിരുന്ന കുഞ്ഞാലിക്കുട്ടി ഉംറ കഴിഞ്ഞ് കരിപ്പൂരിലെത്തിയപ്പോള്‍ സാഹിബിന് ലീഗുകാരുടെ ഊഷ്മള വരവേല്‍പ്പ്. പക്ഷെ, ഇത്തിരി ഏറിപ്പോയി. വിമാനത്താവളത്തിന്റെ മുകളില്‍ ലീഗിന്റെ പതാക ഉയര്‍ത്തി. എയര്‍പോര്‍ട്ടില്‍ വന്ന പത്രക്കാരെയെല്ലാം അടിച്ചോടിച്ചു. ഒടുവില്‍ സാഹിബ് ജനറല്‍സെക്രട്ടറി സ്ഥാനം രാജിവെച്ചു. അപ്പോഴും ചാനലിന്റെ ചെയര്‍മാന്‍ മുനീര്‍ തന്നെയായിരുന്നു. മുനീറിനെതിരെ ലീഗില്‍ വലിയ ഒച്ചപ്പാടും ബഹളവും ഉണ്ടായി. പക്ഷെ നടപടിയൊന്നും ഉണ്ടായില്ലെന്ന് മാത്രം. ഇന്ത്യാവിഷന്‍ സ്വതന്ത്ര ചാനലാണെന്നും ലീഗിന്റേതല്ലെന്നും ലീഗുകാര്‍ അറിയുന്നത് അപ്പോഴാണ്. അല്‍പം കഴിഞ്ഞപ്പോഴേക്കും കുഞ്ഞാപ്പ വീണ്ടും ജനറല്‍ സെക്രട്ടറിയായി പാര്‍ട്ടിയില്‍ സജീവമായി. സ്വന്തമായ ചാനലെന്ന ആശയം വീണ്ടും ഉദിച്ചു. അങ്ങനെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ചാനല്‍ ആരംഭിക്കാന്‍ തീരുമാനിച്ചു.
കുഞ്ഞാലിക്കുട്ടി ചെയര്‍മനായി ഐ.ബി.സി എന്ന പേരില്‍ ചാനല്‍ ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയി. കേരള ഇ- മീഡിയ ഡെവലപ്‌മെന്റ് ആന്റ് സര്‍വ്വീസസ്(കെഡ്‌സ്) എന്ന എന്ന കമ്പനിയെയാണ് ചാനല്‍ ഐ.ബി.സി യുടെ പ്രമോട്ടര്‍മാരായി പ്രഖാപിച്ചിരുന്നത്. കോഴിക്കോട് മിനി ബൈപാസ് റോഡില്‍ ചാനലിന്റെ ഓഫീസും പ്രവര്‍ത്തനം തുടങ്ങി. 70 ഓളം പേരെ വിവിധ സെക്ഷനുകളിലേക്കായി ഇന്റര്‍വ്യൂ നടത്തി തിരഞ്ഞെടുക്കുകയും ഇവര്‍ക്കുവെണ്ട പരിശിലനം ആരംഭിക്കുകയും ചെയ്തിരുന്നു. ഇന്ത്യ വിഷനില്‍ നിന്നും രാജി വെച്ചുവന്ന കെ. പി. ഗോപീകൃഷണനാണ് എക്‌സിക്യൂട്ടീവ് എഡിറ്ററായി ചുമതലയേറ്റത്. എം.ഡിയായി സെയ്ഫൂദ്ദീനെയും, വൈസ് ചെയര്‍മാനായി കുഞ്ഞിഖാദറിനെയും നിയമിച്ചിരുന്നു. റെനു കുരുവിളയായിരുന്നു ജനറല്‍ മാനേജര്‍. തിരഞ്ഞെടുപ്പിന് മുമ്പ് കേബിള്‍ വഴി ചാനല്‍ സംപ്രേക്ഷണം തുടങ്ങാനും പിന്നീട് സാറ്റലൈറ്റിലേക്ക് മാറാനുമായിരുന്നു പദ്ധതി.
ഇന്ത്യാവിഷന് പണം നല്‍കിയത് എം.കെ മുനീറിനെ കണ്ടാണ്. ഇത് പോലെ ഇനി വഞ്ചിതരാകാനില്ലെന്ന ചില ലീഗുകാരുടെ നിലപാടുകള്‍ ചാനല്‍ ഐ.ബി.സിയെ ബാധിച്ചു. ഇനി വടികൊടുത്ത് അടിവാങ്ങിക്കാനാകില്ലെന്ന നിലപാടിലായിരുന്നു പലരും. ചാനല്‍ ഐ.ബി.സിയെ പ്രതീക്ഷച്ചത് പോലെ മുന്നോട്ട് കൊണ്ടുപോകാനായില്ല. സാമ്പത്തീക ബുദ്ധിമുട്ടിനപ്പുറം വലിയൊരു വിഭാഗം ലീഗുകാരുടെ എതിര്‍പ്പും ചാനല്‍ സ്വപ്‌നത്തിന് തിരിച്ചടിയായിട്ടുണ്ട്. ഐ.ബി.സിയുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്നതിനിടെയാണ് ഐസ്‌ക്രീം കേസുമായി ഇന്ത്യാവിഷന്‍ രണ്ടാമതും എത്തിയത്. തിരഞ്ഞെടുപ്പിന്റെ വക്കിലെത്തിയ സമയത്ത് ഇത്തരത്തിലുള്ള ആരോപണം ലീഗിന് തലവേദനയായി. അതിനാല്‍ ചാനല്‍ ഐ.ബി.സിയുടെ പ്രവര്‍ത്തനത്തില്‍ ശ്രദ്ധിക്കാന്‍ കുഞ്ഞാലിക്കുട്ടിക്ക് തീരെ കഴിയാതെയായി. നാല് മാസത്തോളം ജീവനക്കാര്‍ ശമ്പളം നല്‍കിയിട്ടില്ലായിരുന്നു. പലരും മറ്റുള്ളവയിലേക്ക് ചേക്കേറി. ബാക്കിയുള്ളവര്‍ കേസുകൊടുക്കാനുള്ള തയ്യറെടുപ്പിലായിരുന്നു. അങ്ങനെയാണ് കഴിഞ്ഞ മാസം ജീവനക്കാരെ വിളിച്ചു ചേര്‍ത്ത് ചാനല്‍ അടച്ചുപൂട്ടിതായി പ്രഖ്യാപിച്ചത്.
അതിനിടെ കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ആശിഖ് പുതിയ വാര്‍ത്താ ചാനല്‍ തുടങ്ങുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇതിന്റെ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാകുന്നു. ഐ.ബി.സിയുടെ എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്ന കെ. പി. ഗോപികൃഷണനാണ് പുതിയ ചാനലിന്റെ സി.ഇ.ഒ. എന്നാല്‍ ഗോപീകൃഷ്ണനേക്കാള്‍ പരിചയ സമ്പന്നരായ ആരെയെങ്കലും ഈ സ്ഥാനത്തേക്ക് പരിഗണിച്ചേക്കും. ചാനല്‍ ഐ.ബി.സിയില്‍ നിയമിതരായ മാധ്യമ പ്രവര്‍ത്തകരെ കുറിച്ച് ലീഗിനുള്ളില്‍ വന്‍ എതിര്‍പ്പാണുണ്ടായിരുന്നത്. അതിനാല്‍ കുഞ്ഞാലിക്കുട്ടിയുടെ മകന്റെ ചാനലിലേക്ക് ഐ.ബി.സി.യിലുണ്ടായിരുന്ന വാര്‍ത്താവിഭാഗം ജീവനക്കാരെ എടുത്തേക്കില്ല. കുഞ്ഞാലിക്കുട്ടിയുടെ മകന്‍ പുതിയ ചാനല്‍ തുടങ്ങിയാലും ഇത് ഇന്നല്ലെങ്കില്‍ നാളെ മറ്റൊരു ഇന്ത്യവിഷനായേക്കക്കുമോയെന്ന ഭയവും ലീഗുകാര്‍ക്കുണ്ട്. എന്നാലും ലീഗിന് സ്വന്തമനായി ഒരു ചാനല്‍ പ്രതീക്ഷിച്ചിരിക്കുകായണ് നല്ലൊരു വിഭാഗം ലീഗുകാര്‍.

http://kvartha.com/profiles/blogs/6430427:BlogPost:25321


Tuesday, August 9, 2011

പാമൊയിലില്‍ തെന്നി വീഴുമോ?


 രണ്ടുകാലില്‍ നേരാവണ്ണം എണീറ്റു നില്‍ക്കാനാവാത്ത ഉമ്മന്‍ചാണ്ടിസര്‍ക്കാരിനെ പാമൊയില്‍ കേസില്‍ തുടരന്വേഷണത്തിനുള്ള ഉത്തരവ് കൂടുതല്‍ പ്രതിസന്ധിയിലാക്കും. പാമൊയിലില്‍ തെന്നിവീണത് പ്രമുഖ നോതാക്കന്‍മാരാണ്. കെ കരുണാകരന്‍ മുതല്‍ ഒടുവില്‍ വീഴ്ത്തിയത് ചീഫ് വിജിലന്‍സ് കമ്മീഷണറായിരുന്ന പി.ജെ തോമസിനെയാണ്. ഇപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നേരെ വാളോങ്ങി നില്‍ക്കുന്നു.

ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ കൂടുതല്‍ പേരെ പ്രതിചേര്‍ക്കാന്‍ തെളിവില്ലെന്നു വിശദീകരിച്ച് വിജിലന്‍സ് ഹാജരാക്കിയ തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളിയാണ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയുടെ ഉത്തരവ്. മൂന്നു മാസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും പ്രത്യേക ജഡ്ജി പി കെ ഹനീഫ നിര്‍ദേശിച്ചു.

1991- 92 കാലത്താണ് വിവാദമായ പാമൊലിന്‍ ഇടപാട്. പവര്‍ ആന്‍ഡ് എനര്‍ജി കോര്‍പറേഷനില്‍ നിന്ന് 15,000 ടണ്‍ പാമൊലിന്‍ ഇറക്കുമതി ചെയ്തിരുന്നു കേരള സര്‍ക്കാര്‍. സ്റ്റേറ്റ് ട്രേഡിംഗ് കോര്‍പറേഷന്റെ മാനദണ്ഡങ്ങള്‍ ലംഘിച്ച് അന്താരാഷ്ട്ര വിലയേക്കാള്‍ കൂടുതല്‍ നിരക്കിന് പാമോയില്‍ ഇറക്കുമതി ചെയ്തുവെന്നായിരുന്നു കേസ്. അന്താരാഷ്ട്ര വിപണിയില്‍ ഒടു ടണ്‍ പാമൊയിലിന് 392.25 ഡോളര്‍ മാത്രം വിലയുണ്ടായിരുന്നപ്പോള്‍ 405 ഡോളര്‍ നിരക്കില്‍ ഇറക്കുമതി ചെയ്തുവെന്നും ഈ ഇടപാടില്‍ പൊതുഖജനാവിന് 2.32 കോടി രൂപ നഷ്ടം സംഭവിച്ചതായും കുറ്റപത്രത്തില്‍ ചൂണ്ടികാട്ടുന്നു. കെ. കരുണാകരനെ ലക്ഷ്യം വച്ചാണു പ്രതിപക്ഷം അന്ന് ആക്രമണം തുടങ്ങിയത്. 1997ല്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തു. കെ. കരുണാകരനായിരുന്നു ഒന്നാം പ്രതി. അദ്ദേഹം സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. ആറു വര്‍ഷത്തിനു ശേഷമാണു വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. അതില്‍ 23ാം സാക്ഷിയായിരുന്നു ധനകാര്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി. മന്ത്രിസഭാ യോഗത്തില്‍ പ്രത്യേക അജന്‍ഡയായി പാമോയില്‍ ഇറക്കുമതി വിഷയം ചര്‍ച്ചയ്‌ക്കെടുത്തതും ഒരു മാസത്തിലധികം ഈ ഫയല്‍ ധനവകുപ്പിലായിരുന്നുവെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉമ്മന്‍ ചാണ്ടിയെ സാക്ഷിയാക്കിയത്.

2005ല്‍ അധികാരത്തിലെത്തിയ യു.ഡി.എഫ് സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചു. പിന്നീട് വന്ന ഇടതു സര്‍ക്കാര്‍ കേസ് റദ്ദാക്കി. ഇതിനെ ചോദ്യം ചെയ്തു കരുണാകരന്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഹര്‍ജി നല്‍കി. അദ്ദേഹം അന്തരിച്ച ശേഷം 2011ല്‍ കേസ് വിജിലന്‍സ് കോടതിയില്‍ വിചാരണയ്ക്കു വന്നു. മുന്‍ ഭക്ഷ്യമന്ത്രി ടി.എച്ച്. മുസ്തഫയും സകറിയാ മാത്യുവും ഉള്‍പ്പെടെ എല്ലാ പ്രതികളും തുടര്‍ന്ന് ഒഴിവാക്കല്‍ ഹര്‍ജി നല്‍കി. മുസ്തഫയുടെ ഹര്‍ജിയില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് പരാമര്‍ശിച്ചതിനെച്ചൊല്ലി വിവാദങ്ങളുണ്ടായി. തുടര്‍ന്നു കേസില്‍ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് തുടരന്വേഷണം നടത്തണമെന്നു സര്‍ക്കാരിനു വേണ്ടി ഹാജരായ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി.എ. അഹമ്മദ് 2011 ഫെബ്രുവരി 26ന് ഹര്‍ജി നല്‍കി. മാര്‍ച്ച് 14ന് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി തുടരന്വേഷണം നടത്താന്‍ നിര്‍ദേശിച്ചു. തുടരന്വേഷണ റിപ്പോര്‍ട്ട് മെയ് 13നു നല്‍കി. അന്ന് ഇടതു സര്‍ക്കാരായിരുന്നു അധികാരത്തില്‍. പുതുതായി ആരെയും പ്രതിചേര്‍ക്കാന്‍ തെളിവില്ലെന്ന റിപ്പോര്‍ട്ടാണ് അന്വേഷണോദ്യോഗസ്ഥന്‍ നല്‍കിയത്. ഈ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ തള്ളിയത്.

പാമൊലിന്‍ ഇടപാടുമായി ബന്ധപ്പെട്ട എല്ലാ കാര്യവും തനിക്ക് അറിയാമെന്ന് 2005 ജനുവരി 19നു ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതാണ് കേസിന് വഴിത്തിരിവായത്. പാമൊലിന്‍ ഇറക്കുമതി സംബന്ധിച്ച എല്ലാ കാര്യവും അന്ന് ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ അറിവോടെയാണ് നടന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. പാമൊലിന്‍ ഇറക്കുമതിക്കാര്യം മന്ത്രിസഭാ യോഗത്തിന്റെ അജന്‍ഡയ്ക്കു പുറത്ത് പ്രത്യേക വിഷയമായി കൊണ്ടുവരണമെന്ന അന്നത്തെ ഭക്ഷ്യമന്ത്രി ടി എച്ച് മുസ്തഫയുടെ നിര്‍ദേശം ധനമന്ത്രിയും അംഗീകരിച്ച് ഒപ്പുവച്ചു. ഇറക്കുമതിയെ കുറിച്ച് തനിക്ക് അറിവില്ലായിരുന്നെന്ന ഉമ്മന്‍ചാണ്ടിയുടെ വാദം അംഗീകരിക്കാനാകില്ല. ഫയല്‍ ഒന്നരമാസം ധനമന്ത്രിയുടെ ഓഫീസിലുണ്ടായിരുന്നു. 15 ശതമാനം കമീഷന്‍ നല്‍കണമെന്ന വ്യവസ്ഥ ഉമ്മന്‍ചാണ്ടിക്കും അറിവുള്ളതായിരുന്നു. തുടങ്ങിയവയാണ് ഉമ്മന്‍ചാണ്ടിയുടെ പങ്കിനെ കുറിച്ച് പ്രധാനമായും കോടതിപറയുന്നത്.

കേസില്‍ മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് ന്‌ലകാനാണ് കോടതി പറഞ്ഞിരിക്കുന്നത്. ഈ റിപ്പോര്‍ട്ട് ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായി വന്നാല്‍ തന്നെ അന്വേഷണത്തിലെ വിശ്വാസതയെ ചോദ്യം ചെയ്യപ്പെടും. വരും ദിവസങ്ങളില്‍ യു.ഡി.എഫില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും ഉമ്മന്‍ചാണ്ടിക്ക് ലഭിക്കുന്ന പിന്തുണയെ ആശ്രയിച്ചാവും അദ്ദേഹത്തിന്റെ ഭാവി. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല അദ്ദേഹത്തിന് പൂര്‍ണ പിന്തുണ നല്‍കിയിട്ടുണ്ടെങ്കിലും ഗ്രൂപ്പ് പോര് ശക്തമായ കോണ്‍ഗ്രസില്‍ ഇനി എന്തെല്ലാമാണ്‌ നടക്കുന്നതെന്ന് കാത്തിരുന്ന് കാണാം.

Monday, August 8, 2011

റമസാന്‍: പാപമോചനത്തിന്റെ നാളുകള്‍

വിശുദ്ധമായ റമസാന്‍ മാസം അല്ലാഹു നല്‍കിയ അനുഗ്രഹത്തിന്റെ മാസമാണ്. പാപമോചനം തേടിയും കൂടുതല്‍ ആരാധനകള്‍ ചെയ്തും ആത്മീയമായ പുരോഗതി നേടാന്‍ വിശ്വാസികള്‍ക്ക് റമസാന്‍ അവസരമൊരുക്കുന്നു. ഈ പുണ്യമാസത്തിലെ ഓരോ നിമിഷവും വിലപ്പെട്ടതാണ്. ഐഛീക ആരാധനകള്‍ക്ക് (സുന്നത്ത്) നിര്‍ബന്ധ ആരാധനകളുടെ (ഫര്‍ള്) കൂലിയും നിര്‍ബന്ധ ആരാധനകള്‍ക്ക് എഴുപതിലധികം മടങ്ങ്‌ പ്രതിഫലവും ലഭിക്കുന്ന റമസാന്‍ മാസത്തെ ഗൗരവത്തോടെ കാണാന്‍ വിശ്വാസികള്‍ക്കാവണം. ഓരോ ദിവസങ്ങളും കൂടുതല്‍ കൂടുതല്‍ നന്മകള്‍ ചെയ്ത് അല്ലാഹുവിന്റെ പ്രീതി നേടാനാണ് വിശ്വാസികള്‍ ശ്രമിക്കേണ്ടത്.
ആരാധനകള്‍ക്ക് മുന്‍പത്തേക്കാള്‍ ആവേശം കണ്ടുവരുന്ന കാലമാണിത്. കഴിഞ്ഞ് പോയ കാലത്തെ തെറ്റുകള്‍ അല്ലാഹുവിനോട് ഏറ്റുപറഞ്ഞ് പലരും ആരാധനകള്‍ ആരംഭിക്കുന്ന പുണ്യമാസമാണ്‌ റമസാന്‍. അള്ളാഹുവിന്റെ അനുഗ്രഹത്തിന്റെ കവാടങ്ങള്‍ വിശ്വാസികള്‍ക്കായി തുറന്നിട്ടിരിക്കുന്ന കാലം. ഈമാസത്തില്‍ തെറ്റുകളില്‍ നിന്ന് മോചനം തേടാന്‍ വിശ്വാസികള്‍ക്കാവണം.
വിശുദ്ധ ഖുര്‍ആന്‍ ജ്ഞാനത്തിന്റെ അക്ഷയ ഖനിയാണ്. അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ) യുടെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ്. ഖുര്‍ആനിലെ ഒരു അക്ഷരം ഈ വിശുദ്ധമാസത്തില്‍ പാരായണം ചെയ്താല്‍ 10 പ്രതിഫലം നബി (സ) വാഗ്ദാനം ചെയ്തിട്ടുണ്ട്. അതിനാല്‍ ഈമാസത്തില്‍ വിശ്വാസികള്‍ ഖുര്‍ആര്‍ പാരായണത്തില്‍ മുഴുകുന്നു. ഖുര്‍ആനിന്റെ വാര്‍ഷികം കൂടിയായ ഈമാസത്തില്‍ ഖുആന്‍ പഠന ക്ലാസുകളും ഖുര്‍ആനിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന വിവിധ പരിപാടികളും നാടുനീളെ സംഘടിപ്പിക്കുന്നു. എന്നാല്‍ വിശുദ്ധ റമസാനില്‍ വിശ്വാസികള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് ഖുര്‍ആന്‍ പാരായണത്തിനാണ്‌.
അല്ലാഹു ബഹുമാനിച്ചതും ആദരിച്ചതുമായ വ്യക്തികളേയും വസ്തുക്കളേയും ബഹുമാനിക്കലും ആദരിക്കലും വിശ്വാസികള്‍ക്ക് നിര്‍ബന്ധമാണ്. മതത്തിന്റെ അംഗീകൃത അടയാളങ്ങളെ ബഹുമാനിക്കല്‍ വിശ്വാസത്തിന്റെ ഭാഗമാണ്. വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്. വിശുദ്ധ റമസാന്‍ മാസത്തില്‍ വിശ്വാസികള്‍ ഈവിഷയത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നു. ഖുര്‍ആന്‍, പള്ളികള്‍, മദ്‌റസകള്‍, മതപണ്ഡിതര്‍ എന്നിങ്ങനെ അല്ലാഹു ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്ത ഒന്നിനേയും വിശ്വാസികള്‍ നിന്ദിച്ചു കൂടാ.
നമ്മുടെ നാടുകളിലെ പള്ളികള്‍ ഈ വിശുദ്ധമാസത്തില്‍ വിശ്വാസികളെക്കൊണ്ട് നിറഞ്ഞ് കവിയുന്നത് പതിവാണ്‌.അല്ലാഹുവിന്റെ കല്‍പ്പനകളേയും അല്ലാഹു വിലക്കിയതിനേയും വേണ്ടവിധം കൈകാര്യം ചെയ്യുന്നവനാണ് യഥാര്‍ത്ഥ വിശ്വാസി. നമ്മുടെ ചുറ്റുപാടുമുള്ള സാഹചര്യം തെറ്റിലേക്ക് മാടി വിളിക്കുമ്പോള്‍ അതില്‍ നിന്ന് മാറി നില്‍ക്കാന്‍ വിശ്വാസികള്‍ക്ക് അവസരം നല്‍കുന്ന മാസമാണ്‌ വിശുദ്ധറമസാന്‍.

Sunday, July 31, 2011

മറക്കാനാവാത്ത അനിപ്പൂര്‍ യാത്ര

വിശുദ്ധ റമസാന്‍ മാസമെത്തിയാല്‍ എല്ലാവരും നിസ്‌കരിക്കുകയും നോമ്പെടുക്കുകയും സക്കാത്തും ദാന-ധര്‍മങ്ങളെല്ലാം ചെയ്യുന്നതാണ് നാം കാണുന്നത്. മുസ്‌ലിം ഉമ്മത്തിന് അല്ലാഹു വലിയ അനുഗ്രഹം ചൊരിഞ്ഞ മാസമാണിത്. 

എല്ലാ റമസാന്‍ മാസം എത്തിയാലും പള്ളിയില്‍ ഖുര്‍ആന്‍ ഓതിയും നിസ്‌കരിച്ചും വീട്ടില്‍ ഉമ്മയെ ഭക്ഷണം തയ്യാറാക്കാന്‍ സഹായിച്ചും മറ്റുമാണ് സമയം ചിലവഴിക്കാറുള്ളത്. എന്നുവെച്ചാല്‍ മറ്റുമാസങ്ങളെ പോലെ മറ്റുകളികളിലൊന്നും ഏര്‍പ്പെടാതെ ശരീരത്തേയും മനസിനേയും സംസ്‌കരിച്ചടുക്കുകയാണ് ചെയ്യുന്നത്.

ഞാനും എന്റെ സഹ പ്രവര്‍ത്തകരായ ഇര്‍ഷാദും ഉമറും അനിപ്പൂരിലേക്കുള്ള ബസ് കാത്ത് നിന്നു. ഞങ്ങളുടെ മുമ്പില്‍ കണ്ട ഒരു കച്ചവടക്കാരനോട് ബസ് എപ്പോള്‍ വരുമെന്ന് ചേദിച്ചു. ഉടനെ വരുമെന്നും കുറച്ചപ്പുറത്ത് നില്‍ക്കുന്ന സ്ത്രിയെ ചൂണ്ടികാണിച്ച് അവര്‍ അവിടേക്കാണെന്നും പറഞ്ഞു. 5 മിനുട്ട് കഴിഞ്ഞപ്പോള്‍ ഞാന്‍ ആസ്ത്രിയുടെ അടുത്തേക്ക് ചെന്നു. സംസാരിക്കുന്നതിനിടെ ഞാന്‍ പേര് ചോദിച്ചു. ഞെട്ടിപ്പോയി. പോകാനിരിക്കുന്ന സ്ഥലത്തെക്കുറിച്ച് ഏകദേശം ധാരണയായി. ഞാന്‍ എന്റെ സഹപ്രവര്‍ത്തകരോട് വിവരം പറഞ്ഞു. ആ സ്ത്രി ഏകദേശം 50 വയസ് പ്രായം ഉണ്ടാകും. സാരിയും ബ്ലൗസുമാണ് വേഷം. ഞങ്ങള്‍ ഇവിടേക്ക് പോരുന്നതിന് മുമ്പ് കല്ലേക്കാട് ഹസനിയയില്‍ പോയിരുന്നു. അവിടെ നിന്ന് അനിപ്പൂരിലേക്ക് പുറപ്പെടും മുമ്പെ അവര്‍ പറഞ്ഞിരുന്നു മതമെന്തെന്നറിയാത്തവരാണ് ടെയുള്ള മിക്കവരും.
ബസ് വന്നു ഞങ്ങള്‍ യാത്ര തുടര്‍ന്നു. കുറെ പോയപ്പോള്‍ ആ സത്രി ഞങ്ങളോട് ഇറങ്ങാനായെന്ന് പറഞ്ഞു. ഇനി ഏകദേശം 3 കിലോമീറ്റര്‍ നടക്കണം ലക്ഷ്യ സ്ഥലത്തെത്താന്‍. രണ്ടും കല്‍പ്പിച്ച് ഞങ്ങള്‍ ആ സ്ത്രിയുടെ കൂടെ നടന്നു. കുറച്ചെത്തിയപ്പോള്‍ ഒരു മോട്ടോര്‍ സൈക്കിളില്‍ ഒരു യുതിയും യുവാവും ആടി പാടി വരുന്നത് കണ്ടു. ഈ അടുത്ത് വിവാഹം കഴിച്ചവരാണെന്ന് ധരിച്ചു. ഞങ്ങളുടെ അടുത്ത് എത്തിയപ്പോള്‍ ബൈക്ക് ബ്രൈക്കിട്ടു. ആ സ്ത്രീയോട് എന്തൊക്കെയോ സംസാരിച്ചു. അവര്‍ പോയി. അതാരാണെന്ന് ഞാന്‍ ചോദിച്ചു. അവരുടെ മരുമകളാണെന്ന് (മകന്റെ ഭാര്യ) പറഞ്ഞു. നിങ്ങളുടെ മകനാണോ ആ ബൈക്ക് ഓടിച്ചതെന്ന് ചോദിച്ചപ്പോള്‍ അല്ല, മകന്റെ കൂട്ടുകാരനാണെന്നും അവര്‍ ടൗണില്‍ പോയി വരികയാണ്. മകന്‍ വേലക്ക് പോയിട്ടുണ്ടെന്നും ഒരു കൂസലും കൂടാതെ അവര്‍ പറഞ്ഞപ്പോള്‍ കേട്ട് നില്‍ക്കാനല്ലാതെ ഞങ്ങള്‍ക്കൊന്നും കഴിഞ്ഞില്ല.

അങ്ങനെ ഞങ്ങള്‍ അനിപ്പൂരിലെത്തി. അവിടെ പള്ളിയില്‍ കൂടാമെന്ന് കരുതി. പക്ഷെ എന്ത് ചെയ്യാന്‍ അതിനുള്ള ഒരു സൗകര്യവലും അവിടെയില്ല. അസര്‍ നിസ്‌കാരം കഴിഞ്ഞ് ഞങ്ങള്‍ അവിടെ കറങ്ങി. നല്ല രസമുള്ള നാട്. ധാരാളം വയലുകള്‍. മുഴുവന്‍ കൃഷി. അവിടെ പ്രധാനമായും തക്കാളി കൃഷിയാണ്. എല്ലാവരും കര്‍ഷകരും. നോമ്പ് തുറക്കാന്‍ ഒരു മാര്‍ഗ്ഗവും കാണ്ടില്ല. മഗ്‌രിബിന് അല്‍പ്പം മുമ്പ് പള്ളിയില്‍ കഞ്ഞി വിതരണം നടക്കും. വൈകീട്ട് അഞ്ച് മണിയോടെ, ഞങ്ങള്‍ മലപ്പുറത്ത് നിന്ന് വരുന്നവരാണെന്ന് അറിഞ്ഞ ഒരു കര്‍ഷകന്‍ മലപ്പുറം കോട്ടക്കലിലുള്ള ഒരു ഹാജിയാര്‍ കുറച്ച് അകലെയുണ്ടെന്ന് ഞങ്ങളോട് പറഞ്ഞു. ഞങ്ങള്‍ അയാളെ തേടി പുറപ്പെട്ടു. സന്തോഷത്തോടെ അയാള്‍ ഞങ്ങളെ സ്വീകരിച്ചു. അവിടെനിന്നും നോമ്പ് തുറന്ന് പള്ളിയില്‍ വന്നു. നിസാകാരം കഴിഞ്ഞു. അല്‍പനേരം വിശ്രമിച്ചു. ഇശാ നിസ്‌കരം കഴിഞ്ഞു തറാവീഹ് കഴിഞ്ഞതിന് ശേഷം പള്ളിയിലേക്ക് വന്ന ആളുകളുമായി സംസാരിച്ചു. അവിടെയുള്ളവര്‍ക്ക് മിക്കവര്‍ക്കും നിസ്‌കാരം അറിയില്ല.


തൊട്ടടുത്ത ദിവസം ആ ഗ്രാമത്തിലെ വീടുകള്‍ കയറിയിറങ്ങി. അവരുടെ പ്രത്യേക സംസ്‌കാരവും രീതികളുമെല്ലാം മനസിലാക്കി. ഏകദേശം ഉച്ചക്ക് 12 മണിയായപ്പോള്‍ ഞങ്ങള്‍ ഒരു വീട്ടിലെത്തി. വീടിന്റെ പുറത്ത് ആരെയും കാണുന്നില്ല. വാതിലുകളെല്ലാം തുറന്നിട്ടിരിക്കുകയാണ്. വിളിച്ചപ്പോള്‍ ഒരു കയ്യില്‍ ചോറ് കഴിക്കുന്ന പാത്രം പിടിച്ചിരിക്കുന്ന ഒരു വീട്ടമ്മയെയാണ് കണ്ട്. ഞങ്ങല്‍ മലപ്പുറത്ത് വരികയാണ്. നിങ്ങളെയെല്ലാം കാണാന്‍ വന്നതാണെന്ന് പറഞ്ഞപ്പോള്‍ ഞങ്ങളോട് ഇരിക്കാനും ചോറ് കഴിക്കാനും പറഞ്ഞു. അന്വേഷിച്ചപ്പോഴാണ് രഹസ്യം മനസിലായത്. റമസാന്‍ മൂന്നായിട്ടും അവര്‍ റമസാന്‍ എത്തിയത് അറിഞ്ഞിട്ടില്ലായിരുന്നു. ഞങ്ങള്‍ ആ ഉമ്മയോട് കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി കൊടുത്തതിന് ശേഷം അവിടെ നിന്നും മടങ്ങി.

കാശ്മീരിലെ വനിതാ ആത്മഹത്യ


ര്‍സാന അഖ്തറിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത് 16-ാം വയസിലായിരുന്നു. 18ാം വയസില്‍ വിവാഹം കഴിഞ്ഞ അവള്‍ ഭര്‍തൃഗ്രഹത്തിലെ പീഢനം സഹിക്കാന്‍ കഴിയാതെ തന്റെ 9 മാസം പ്രായമായ മകളെ ഭര്‍ത്താവിന്റെ കയ്യില്‍ ഏല്‍പിച്ച് 20-ാം വയസില്‍ തീകൊളുത്തി ജീവനൊടുക്കി. ആറ് മക്കളുടെ ഉമ്മയായ ശാഹിദ 60 ശതമാനം പൊള്ളലേറ്റാണ് ശ്രീനഗറിലെ എസ്.എം.എച്ച്.എസ് ഹോസ്പിറ്റലില്‍ മരണത്തിന് കീഴടങ്ങിയത്.
ശ്രീനഗറിലെ പ്രധാന ആശുപത്രികളായ എസ്.എം.എച്ച്.എസിലും എസ്.കെ.ഐ.എം.എസിലും ആഴ്ചയില്‍ മൂന്ന്-നാല് ഇത്തരം കേസുകള്‍ എത്തുന്നുണ്ട്. ഗ്രാമപ്രദേശത്തുള്ള കേസുകളൊന്നും ഇവിടെയെത്താറില്ല. ഗുരുതരമായി പരുക്കേറ്റ ഇവരെ ഇവിടെയെത്തിക്കുമ്പോഴേക്കും മരണപ്പടല്‍ പതിവാണ്. ഗുരുതരമായി പരുക്കേറ്റവരെ മരിക്കുന്നതിന്റെ മുമ്പ് 30 ശതമാനം മാത്രമാണ് ശ്രിനഗറിലെ ഹോസ്പിറ്റലുകളില്‍ എത്തിക്കാനാകുന്നത്. കാശ്മീരിലെ ഏറ്റവും പാവപ്പെട്ട വീടുകളില്‍ പോലും തീപ്പെട്ടിയും പാചകവാതകവും സുലഭമാണ്.
ഇത് രണ്ടും അവരുടെ നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്. പക്ഷേ ഇത് തന്നെയാണ് ദാരിദ്രത്തില്‍ നിന്നും ചൂഷണത്തില്‍ നിന്നും രക്ഷപ്പെടാനും അവര്‍ ഉപയോഗിക്കുന്നത്. കാശ്മീരിലെ ആശുപത്രികളില്‍ കഴിയുന്ന സ്ത്രീകളില്‍ അധികവും പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നവരാണ്.
1989-90 ന് ശേഷം കാശ്മീരിലെ വിഭാഗീയ സംഘട്ടനകളെ തുടര്‍ന്ന് ഏറ്റവും അധികം ദുരിതം അനുഭവിക്കുന്നത് സ്ത്രീകളായിരുന്നു. ലോകത്തിലെ ഇതര സംഘട്ടന മേഖലകളിലുള്ളതുപോലെ അവര്‍ ബാലാത്സംഗത്തിനും പീഢനത്തിനും ഇരയാവുകുയും അതിക്രൂരമായി കൊലചെയ്യപ്പെടുകയും ചെയ്തു. മെഡിസന്‍സ് സാന്‍സ് ഫ്രണ്ടിയേഴസ് നടത്തിയ പഠനമനുസരിച്ച് ലോകത്തിലെ ഏറ്റവും കൂടുതല്‍ ലൈഗീക ചൂഷണത്തിനിരയാകുന്നത് കാശ്മീരീ വനിതകളാണ്. (ഇത് ശ്രിലങ്കയേക്കാളും ചൈനെയേക്കാളും കൂടുതലാണ്).
കാശ്മീര്‍ യൂണിവേഴ്‌സിറ്റിയിലെ സോഷ്യോളജി വിഭാഗം 2002-ല്‍ നടത്തിയ 10,000 കാശ്മീരീ വനിതകളില്‍ നടത്തിയ പഠനം പറയുന്നത്. വിധവകളില്‍ 90 ശതമാനവും പുനര്‍വിവാഹം കഴിക്കാത്തവരാണ്.
കാശ്മീരിലെ പ്രമുഖ സാമൂഹ്യ ശാസ്ത്രജ്ഞനായ ഡോ. ബഷീര്‍ അഹ്മദ് ദബ്‌ല പറയുന്നു: ലോകത്തിലുടനീളം സ്ത്രികളേക്കാള്‍ കൂടുതല്‍ പുരുഷന്‍മാരിലാണ് ആത്മഹത്യ പ്രവണത കൂടുതലായി കണ്ടുവരുന്നത്. എന്നാല്‍ കാശ്മീര്‍ താഴ്‌വരയില്‍ ഇത് നേരെ വിപരീതമാണ്. ഇതിന് കാരണമായി അദ്ദേഹം പറയുന്നത് കാശ്മീരിലെ വര്‍ദ്ധിച്ചുവരുന്ന സംഘട്ടനങ്ങളാണ്. ഭര്‍ത്താവിന്റെ മരണത്തിന് ശേഷം ഒറ്റപ്പെടുന്ന സ്ത്രീകള്‍ പലപ്പോഴും തനിയെ കുടുംബം പോറ്റേണ്ട അവസ്ഥയാണ്. സമൂഹത്തില്‍ നിന്നും കുടുംബത്തില്‍ നിന്നും സാമ്പത്തീകമായോ, വൈകാരികമായോ പിന്തുണ ലഭിക്കാത്തത് അവരുടെ ജീവിതം ഏറെ ദുരിതത്തിലാക്കുന്നു. എസ്. എം. എച്ച്. എസ് ആശുപത്രിയിലെ ഡോ. നദീം പറയുന്നു: ജീവിത പങ്കാളിയേയും കുടുംബത്തിന്റെ അത്താണിയേയും നഷ്ടപ്പെടുന്ന സ്ത്രീകള്‍ വളരെ ദുരിതമാണ് അനുഭവിക്കുന്നത്.
പലരും കൗമാരപ്രായക്കാരാണ്. കുട്ടികളുമുണ്ട്. ചെറുപ്രായത്തിലെ മുഴുവന്‍ ഉത്തരവാദിത്വങ്ങള്‍ അവരുടെ ചുമലിലിലാകുമ്പോള്‍ അത് ഏത് സ്ത്രികളേയും തളര്‍ത്തികളയും. ഭര്‍തൃ കുടുംബത്തില്‍ നിന്നോ, സ്വന്തം കുടുംബത്തില്‍ നിന്നോ പിന്തുണ ലഭിക്കാത്ത ഇവര്‍ മാനസീക പ്രയാസങ്ങളില്‍ അകപ്പെടുന്നു. ഭര്‍ത്താക്കന്‍മാര്‍ നഷ്ട്ടപ്പെട്ട ചില സ്ത്രികള്‍ കുടുംബത്തോടൊപ്പം കഴിയുമ്പോള്‍ ഭൂരിഭാഗം സ്ത്രികളും കുട്ടികളോടൊപ്പം തനിച്ചാണ് കഴിയുന്നത്. നിത്യജീവിതത്തിന് വേണ്ടി സമ്പാദിക്കുന്നതിന്റേയും കുട്ടികളെ വളര്‍ത്തേണ്ടതിന്റേയും വിദ്യാസമ്പന്നരാക്കേണ്ടതിന്റേയും ഉത്തരവാദിത്വം ഇവരില്‍ മനോവ്യധയുണ്ടാകാന്‍ കാരണമാകുന്നു. ഈ മാനസീക സമ്മര്‍ദ്ദം വര്‍ഷങ്ങളോളം നീണ്ട് നില്‍ക്കുമ്പോള്‍ ഒടുവില്‍ അവര്‍ സ്വയം ജീവനൊടുക്കുന്നു. (ഫര്‍സനയുടേയും ശാഹിദയുടേയും പേര് യഥാര്‍ത്ഥമല്ല
http://www.kvartha.com/article-about-women-suicide-at-kashmir-by-minshad-ahmed-131144.html

Wednesday, May 25, 2011

ഹൈക്കോടതി ഉത്തരവ്‌ മറയാക്കി പെപ്‌സി കൂടുതല്‍ ഭൂഗര്‍ഭജലം ഊറ്റമെന്ന്‌ ആശങ്ക

മിന്‍ശാദ്‌ അഹ്‌മദ്‌


പാലക്കാട്‌: കാഞ്ചിക്കോട്ടെ പെപ്‌സി കമ്പനി വിനിയോഗിക്കുന്ന ഭൂഗര്‍ഭജലത്തിന്റെ അളവ്‌ സംബന്ധിച്ച്‌ പഠനം നടത്തി റിപ്പോര്‍ട്ട്‌ നല്‍കുന്നത്‌ വരെ ജലം ഊറ്റാനുള്ള ഹൈക്കോടതിയുടെ ഉത്തരവില്‍ പ്രദേശവാസികള്‍ക്ക്‌ ആശങ്ക. ഉത്തരവിനെ മറയാക്കി കമ്പനി നിര്‍ബാധം ജലചൂഷണം തുടരുമെന്നാണ്‌ നാട്ടുകാര്‍ ഭയപ്പെടുന്നത്‌. ഭൂഗര്‍ഭജലത്തെ കുറിച്ച്‌ പഠിക്കാന്‍ സര്‍ക്കാര്‍ വിദഗ്‌ധ സമിതിയെ നിയോഗിക്കണമെന്നാണ്‌ ഹൈക്കോടതിയുടെ ഉത്തരവ്‌. പ്രദേശവാസികള്‍ കുടിവെള്ളത്തിനായി കേഴുമ്പോഴാണ്‌ കമ്പനിയുടെ ജലചൂഷണം നടക്കുന്നത്‌. 2000-ല്‍ സ്ഥാപിച്ച പെപ്‌സികോ ഇന്ത്യ ഹോള്‍ഡിംഗ്‌സ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ കമ്പനി ആറ്‌ ലക്ഷത്തോളം ലിറ്റര്‍ ഭൂഗര്‍ഭജലം ദിവസേനെ ഊറ്റുന്നുവെന്നാണ്‌ പറയുന്നത്‌. കമ്പനിയുടെ അകത്തേക്ക്‌ ആര്‍ക്കും പ്രവേശനമില്ലാത്തതിനാല്‍ എത്രത്തോളം ഭൂഗര്‍ഭജലം ഊറ്റുന്നുണ്ടെന്നുള്ള കണക്ക്‌ വ്യക്തമല്ല. വലിയ ഒമ്പതോളം കുഴല്‍ കിണറുകളില്‍ നിന്ന്‌ ദിനം പ്രതി 10 ലക്ഷത്തോളം ലിറ്റര്‍ ഭൂഗര്‍ഭ ജലം ഊറ്റുന്നുണ്ടെന്ന്‌ നാട്ടുകാര്‍ പറയുന്നു.
വി എസ്‌ സര്‍ക്കാര്‍ കമ്പനിക്ക്‌ ഊറ്റിയെടുക്കാവുന്ന ഭൂഗര്‍ഭജലത്തിന്റെ അളവ്‌ ദിവസേന 2.34 ലക്ഷം ലിറ്ററായി പരിമിതപ്പെടുത്തിയതിനെതിരെ പെപ്‌സികോ കമ്പനി നല്‍കിയ ഹര്‍ജിയിലാണ്‌ കോടതിയുടെ ഉത്തരവ്‌. കമ്പനിക്ക്‌ നോട്ടീസ്‌ നല്‍കിയ ശേഷം സമഗ്ര പഠനം നടത്തി മൂന്നു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട്‌ നല്‍കണം. അതുവരെ വ്യവസ്‌ഥകള്‍ക്കു വിധേയമായി ദിനംപ്രതി ആറുലക്ഷം ലീറ്റര്‍വരെ വെള്ളമൂറ്റുന്ന സ്ഥിതി തുടരാനും കോടതി നിര്‍ദേശിച്ചു. ഭൂഗര്‍ഭജലത്തിന്റെ ലഭ്യത, ഊറ്റിയെടുക്കാവുന്ന ജലത്തിന്റെ പരമാവധി പരിധി എന്നിവയെക്കുറിച്ചു പഠിക്കണം. ഇതുവരെ ലഭ്യമായ വിവരങ്ങളും പരിശോധിക്കണം. പരിശോധനാ സമയത്തു പ്രസക്‌തമായ മറ്റു വിവരങ്ങളുണ്ടെങ്കില്‍ അവയും സമിതിയുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും കോടതി വ്യക്‌തമാക്കി.
പെപ്‌സി കമ്പനിയുടെ ജല ചൂഷണത്തിനെതിരെ നാട്ടുകാര്‍ ശക്തമായി രംഗത്ത്‌ വന്നതിനെ തുടര്‍ന്ന്‌ 2003 ല്‍ പുതുശ്ശേരി ഗ്രാമപഞ്ചായത്ത്‌ കമ്പനിയുടെ ലൈസന്‍സ്‌ റദ്ദാക്കിയിരുന്നു. എന്നാല്‍ ലൈസന്‍സ്‌ പുതുക്കി നല്‍കാന്‍ കമ്പനി കോടതിയില്‍ പോയി. കോടതിയില്‍ നിന്ന്‌ കമ്പനിക്ക്‌ അനുകൂലമായ വിധിയുമുണ്ടായി. 2006ല്‍ ലൈസന്‍സിന്റെ കാലാവധി അവസാനിച്ചപ്പോള്‍ പുതുക്കി നല്‍കാന്‍ പഞ്ചായത്ത്‌ വിസമ്മതിച്ചു. തുടര്‍ന്ന്‌ ലൈസന്‍സ്‌ പുതുക്കാനായി കമ്പനി സുപ്രീംകോടതിയിലേക്ക്‌ പോയി. 2007 ല്‍ കേരളത്തിലെ വിദഗ്‌ധ സംഘം പഠനം നടത്തി അനുവദനീയമായതിലും 48.5 ശതമാനം വെള്ളം കൂടുതല്‍ ഊറ്റുന്നുണ്ടെന്ന്‌ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. അതിനാല്‍ ഭൂഗര്‍ഭ ജലം ഊറ്റുന്നതിന്‌ നിയന്ത്രണം ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. റിപ്പോര്‍ട്ടുകള്‍ നടപ്പാക്കുന്നതിനെതിരെ കോടതികളില്‍ നിന്നും താത്‌ക്കാലിക ഉത്തരവുകള്‍ നേടി കമ്പനി പ്രവര്‍ത്തനം തുടരുകയായിരുന്നു. ആരോഗ്യവകുപ്പ്‌ നടത്തിയ വിദഗ്‌ധ പഠനത്തില്‍ പ്രദേശത്തെ കിണറുകളില്‍ ഫ്‌ളൂറൈഡിന്റെ അംശം അളവില്‍ കൂടുതലുള്ളതായി ചൂണ്ടികാട്ടിയിരുന്നു. ഇപ്പോള്‍ മലമ്പുഴ ഡാമിലെ വെള്ളം പമ്പ്‌ ചെയ്‌താണ്‌ സമീപ പ്രദേശങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്യുന്നത്‌. ഇനിയൊരു പഠനം നടത്തി അതിന്റെ റിപ്പോര്‍ട്ട്‌ വരുന്നത്‌ വരെ കമ്പനിക്ക്‌ വെള്ളമൂറ്റാനുള്ള അനുമതിയ നല്‍കിയതിനെതിരെ ശക്തമായ പ്രക്ഷേപം നടത്താനുള്ള ഒരുക്കത്തിലാണ്‌ നാട്ടുകാര്‍.

SIRAD DAILY- 25/05/2011........ PAGE 12