ARTICLES




വിവാദങ്ങളുടെ ഇഷ്ടതോഴന്‍


അഴീക്കോട് മാഷ് എന്നും വിവാദങ്ങളുടെ നായകനായിരുന്നു. ഒരു വിവാദം ഒഴിഞ്ഞാല്‍ ഉടനെ അടുത്ത വിവാദം അതാണ് അഴീക്കോട്. തന്‍ കണ്ടത് എന്തും തുറന്ന് പറയുക, അത് ശരിയോ, തെറ്റോ എന്തോ ആവട്ടെ, തനിക്ക് ശരിയെന്ന് തോന്നിയാല്‍ അത് ശരി തന്നെ, അതാണ് മാഷ്. അഴീക്കോട് ഇടപെടുന്ന മിക്ക വിഷയങ്ങളിലും അത് കൊണ്ടാണ് വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നതും. വിമര്‍ശനങ്ങള്‍ സന്തോഷത്തോടെ സ്വീകരിച്ച് ഉടനെ അതിന്റെ ഡബിള്‍ സ്പീഡിലുള്ള മാഷിന്റെ മറുപടി കേരളം ആസ്വദിച്ചു. പുകഴ്ത്തിയെ വ്യക്തിയെ ഇകഴ്ത്തണം എന്നു തോന്നിയാല്‍ യാതൊരു മടിയും ഇല്ല. അതിന് ആരെയും ഭയപ്പെട്ടിരുന്നും ഇല്ല. മാത്രമല്ല, അങ്ങനെ വൈരുദ്ധ്യങ്ങള്‍ പറയുന്നത് ശരിയാണോ എന്ന് ഒരു ചിന്തപോലും മാഷിനില്ലായിരുന്നു. തനിക്ക് തോന്നിയത് അപ്പോള്‍ പറയും. അതിലൊരു അപമാനഭാരവും അദ്ദേഹം കണ്ടില്ല.

അഴീക്കോട് വെറും ഒരു സാഹിത്യകാരനായി ഒതുങ്ങികൂടിയില്ല. എല്ലാ വിഷയങ്ങളിലും ഇടപെട്ടു. വിഎസ് അച്യുതാനന്ദനെ വലിജനസമ്മതനായ വ്യക്തിയാണെന്ന് വിഎസ് പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ അഴീക്കോട് പുകഴ്ത്തി. എന്നാല്‍ വിഎസ് മുഖ്യമന്ത്രിയായിരിക്കെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് പരാജയം രുചിച്ചപ്പോള്‍ വിഎസിനെ കളിയാക്കാനും മാഷ് മറന്നില്ല. വിഎസിന്റെ ചിരി അശ്ലീലമാണെന്നാണ് മാഷിന്റെ കമന്റ്. തുര്‍ന്ന് പരസ്പരം വാക് യുദ്ധങ്ങള്‍ അരങ്ങേറി ഒടുവില്‍ അച്യുതാനന്ദന്‍ ഫോണില്‍ വിളിച്ചുവെന്ന് പറഞ്ഞ് ആ വിവാദം അവസാനിപ്പിക്കുകയായിരുന്നു.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും അഴീക്കോടിന്റെ വിമര്‍ശനം ഏറ്റുവാങ്ങി. വ്യാജ മരുന്നുകളും, ഒരേ മരുന്നിന് പല കമ്പനികള്‍ ഈടാക്കുന്ന പല വിലയും വിവാദമായപ്പോള്‍ അഴീക്കോട് അവര്‍ക്കെതിരെ തിരിഞ്ഞത്. ഇത് വിവാദത്തിന് തിരികൊളുത്തി. മാപ്പര്‍ഹിക്കാത്ത കുറ്റം ചെയ്തിട്ടും അതിന്റെ പേരില്‍ ദുഃഖമോ ഖേദമോ പ്രകടിപ്പിക്കാത്ത ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കൊലയാളികളുടെ സംഘടനയാണെന്നു സുകുമാര്‍ അഴീക്കോട് കുറ്റപ്പെടുത്തി. 'ഐഎംഎ കേരളഘടകം' കേസിനു പോയെങ്കിലും സംഘടനയ്ക്കു നിയമപരമായ നിലനില്‍പ്പില്ല എന്ന നിരീക്ഷണത്തോടെ കോടതി കേസ് തള്ളുകയായിരുന്നു.

വാണിജ്യ സാധ്യതകള്‍ മനസ്സിലാക്കി മാതാ അമൃതാനന്ദമയിയെ പലരും അതു ചൂഷണം ചെയ്യുന്നതിനെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. 'അമൃതാനന്ദമയിയുടെ വാണിജ്യ സാധ്യതകള്‍ മനസ്സിലാക്കിയ വഞ്ചക സമൂഹത്തെയാണു ഞാന്‍ വിമര്‍ശിക്കുന്നത്. മതത്തെപ്പറ്റിയുള്ള സന്ദേഹം പരിഹരിക്കാന്‍ അവരുടെ പക്കല്‍ എന്തെങ്കിലുമുണ്ടോ? കെട്ടിപ്പിടിച്ചാലും സന്ദേഹം മാറില്ല. റിട്ടയര്‍ ചെയ്ത കുടവയറന്മാരെയല്ല, കുഷ്ഠരോഗികളെയാണു കെട്ടിപ്പിടിക്കേണ്ടത്' എന്നും പറഞ്ഞു.

2006 ജനുവരി എട്ടിന് അന്വേഷി പ്രസിഡന്റ് കെ. അജിത ഐസ്‌ക്രീം പാര്‍ലര്‍ കേസിലെ സാക്ഷികളുടെ കൂട്ടക്കൂറുമാറ്റത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട്ട് സംഘടിപ്പിച്ച സമരപ്രഖ്യാപന കണ്‍വന്‍ഷനില്‍ പ്രസംഗിക്കുമ്പോള്‍ അഴീക്കോട് നടത്തിയ പരാമര്‍ശങ്ങള്‍ വീണ്ടും കേസിന് ആധാരമായി. 'വഞ്ചനയ്ക്കു കൂട്ടു നിന്ന പ്രോസിക്യൂട്ടറെ പിരിച്ചുവിട്ടാല്‍ പോരാ, കയ്യും കാലും പിരിച്ചൊടിച്ച് ആശുപത്രിയിലെത്തിക്കണ'മെന്ന് അഴീക്കോടു പ്രസംഗിച്ചു.

വയലാര്‍ രവിയുടെ മകന്റെ ഗുരുവായൂര്‍ ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ടു പുണ്യാഹം നടത്തിയതിനെതിരെയും സുകുമാര്‍ അഴീക്കോടിന്റെ പ്രതികരണം വന്നു. പുണ്യാഹം ഗുരുവായൂര്‍ ദേവസ്വത്തിനു തന്നെ അപമാനമാണെന്ന് അഴീക്കോട് ആരോപിച്ചു. മനുഷ്യന്‍ ക്ഷേത്രത്തില്‍ കടന്നതിന് പുണ്യാഹത്തിന് ഉത്തരവിട്ടവരെയാണ് ഗുരുവായൂര്‍ ഭരണസമിതി പുണ്യാഹം തളിച്ചു ശുദ്ധീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഒടുവില്‍ തിലകനെ പുറത്താക്കിയ താരസംഘടന അമ്മയുടെ നടപടിക്കെതിരെ അഴീക്കോട് ആഞ്ഞടിച്ചു. 'അമ്മ' അധോലോക സംഘടനയായാണു പ്രവര്‍ത്തിക്കുന്നതെന്നും മക്കളുടെ ചോര കുടിക്കുന്ന പിശാചായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മോഹന്‍ലാലും അഴീക്കോടും വലിയ ഒരു ഫൈറ്റിന് തന്നെ കളമൊരുക്കി. തത്വമസി എന്ന തന്റെ പുസ്തകത്തിന്റെ മഹത്വം അറിയാതെ സംസാരിക്കുന്ന മോഹന്‍ലാല്‍ കുങ്കുമം ചുമക്കുന്ന കഴുതയാണെന്നു പ്രസ്താവനയും നടത്തി. മോഹന്‍ലാലിനെ സംസ്ഥാന സര്‍ക്കാരിന്റെ ഖാദി ബോര്‍ഡിന്റെ ബ്രാന്‍ഡ് അംബാസിഡറാക്കിയപ്പോള്‍ മദ്യത്തിന്റെ പ്രചാരകനാകാനാണു യോഗ്യനെന്നും ഖാദിയുടേതല്ലെന്ന് അഴീക്കോട് പറഞ്ഞു. ഒടുവില്‍ മോഹന്‍ലാല്‍ പത്രം സമ്മേളനം വിളിച്ചു അഴീക്കോടിനെ ബുദ്ധിഭ്രംശം സംഭവിച്ചയാള്‍ എന്നു പറഞ്ഞു. 'അമ്മ' അഴീക്കോടിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. അഴീക്കോട് മാഹന്‍ലാലിനെതിരെയും. ആരോഗ്യം മോശമായി തൃശൂര്‍ അമല ആശുപത്രിക്കിടക്കയില്‍ വിശ്രമിക്കുമ്പോഴാണ് ഇരുവരും തമ്മില്‍ സംസാരിച്ച് കേസ് ഒത്തുതീര്‍പ്പാക്കിയത്.

അഴീക്കോടിന്റെ ജീവിതത്തിലെ അവസാനത്തെ ക്ലൈമാക്‌സ്‌ എന്നു പറയുന്നത് വിലാസിനി ടീച്ചറുടേതാണ്. ഒരിക്കല്‍ വിവാഹാലോചന വരെ എത്തിയ ബന്ധത്തില്‍ നിന്നു പിന്മാറിയെങ്കിലും തന്നെ ആത്മകഥയില്‍ മോശപ്പെട്ട സ്ത്രീയായി ചിത്രീകരിച്ചെന്നാരോപിച്ച് റിട്ട. കോളജ് പ്രിന്‍സിപ്പല്‍ ജി. വിലാസിനി അദ്ദേഹത്തിനെതിരെ അപകീര്‍ത്തിക്കേസിനു വക്കീല്‍ നോട്ടീസ് അയച്ചു. പിന്നെ പരസ്പം ആക്ഷേപിച്ചു ചാനലുകള്‍ക്ക് വാര്‍ത്തയാക്കി. ഒടുവില്‍ തൃശൂര്‍ അമല ആശുപത്രിയില്‍ കിടക്കുമ്പോള്‍ വിലാസിനി ടീച്ചര്‍ അഴീക്കോടിനെ കാണാനെത്തി. പ്രണയത്തിന്റെ റോസാപുഷ്പങ്ങള്‍ മാഷിന് നല്‍കി വിലാസിനി ടീച്ചര്‍ വിതുമ്പി. അഴീക്കോട് മാഷാകട്ടെ ടീച്ചറുടെ കൈകള്‍ ചേര്‍ത്ത് പിടിച്ച് ഗദ്ഗദ കണ്ഠനായി ചുവന്ന റോസാപുഷ്പങ്ങള്‍ ഏറ്റുവാങ്ങി. ഒരുപാടു വര്‍ഷങ്ങള്‍ക്കുശേഷം ഒടുവില്‍ സംഭവിച്ച സ്വപ്‌നസാക്ഷാത്കാരത്തിന്റെ വേദിയായി തൃശൂര്‍ അമല ആശുപത്രി. പനിനീര്‍പ്പൂക്കളുമായി എത്തിയ ടീച്ചര്‍ അഴീക്കോടിനൊപ്പം അരമണിക്കൂറോളം ചെലവിട്ടു. തന്റെ കൂടെ വന്നാല്‍ പൊന്നുപോലെ നോക്കാമെന്ന് വിലീസിനി ടീച്ചര്‍ അഴീക്കോടിനോട് പറഞ്ഞു. ഈ വാക്കുകള്‍ കേള്‍ക്കാനായത് തന്നെ ഏറെ സന്തോഷിപ്പിക്കുന്നുവെന്നായിരുന്നു അഴീക്കോടിന്റെ മറുപടി. ഒന്നിലും വിഷമമില്ലെന്നും എല്ലാം തന്റെ തലയിലെഴുത്താണെന്നും ടീച്ചര്‍ പറഞ്ഞു.
-----------------------------------------------------------------------------------------------------



മാരിയത്തിന്റെ ജീവിതം മഴവില്ല്‌ പോലെ... 

മാരിയത്ത്‌ അഥവാ ഏറനാട്ടുകാരുടെ മാരി. എഴുത്തുകാരിയും ചിത്രകാരിയുമാണ്‌ വീടിനുള്ളില്‍ നിന്ന്‌ പുറം ലോകം കാണുന്ന മാരി തന്റെ വിധികളെയെല്ലാം ധീരമായി നേരിട്ട വനിത. വിധിയെ പഴിക്കാതെ തന്റെ കഴിവ്‌ സമൂഹത്തിന്‌ നല്‍കിയവളാണ്‌ മാരി.
ഒഴുക്കു ഉണ്ടാവുമ്പോഴാണല്ലോ ഒഴുക്കിനെതിരെ നീന്തുക. പക്ഷെ,നീന്തുന്നവര്‍ വളരെ ചുരുക്കം.. ജീവിത വഴിയിലെ മുള്ളുകളെ തട്ടിമാറ്റി ഉന്നത പദവികളിലെത്തിയ ധാരാളം പേരുണ്ട്‌. മലപ്പുറം ജില്ലയിലെ ചുങ്കത്തറയിലെ ചോലശ്ശേരി സൈതലവിഹാജിയുടേയും സൈനബയുടേയും രണ്ടാമത്തെ മകളായ മാരിയത്തും അത്തരത്തിലുള്ള ഒരുവളാണ്‌.


പുഞ്ചിരിക്കുന്ന മാരിയത്തിന്റെ മുഖം കാണുമ്പോള്‍ മാരിയത്തിന്‌ വൈകല്യങ്ങളുണ്ടന്ന്‌ ആരും അറിയുന്നില്ല. ഏഴാമത്തെ വയസ്സില്‍ ശരീരം തളര്‍ന്ന യുവതിയെപോലെയല്ല മാരിയത്ത്‌. തന്റെ വൈകല്യങ്ങളെയെല്ലാം മറികടന്ന്‌ തനിക്ക്‌ കയറി പറ്റാവുന്ന പടവുകള്‍ ഓരോന്നും താണ്ടുകയാണവള്‍.സുന്ദരമായ ജീവിതത്തിന്റെ ഉടമയായിരുന്നു മാരിയത്ത്‌. 1975 ല്‍ മലപ്പുറത്തിനടുത്ത വടക്കേമണ്ണ മലയിലെ തറവാട്ടിലാണ്‌ മാരിയത്തിന്റെ ജനനം. മാരിയത്തിന്റെ പിതാവിന്‌ ചുങ്കത്തറയില്‍ തുണിക്കടയിലായിരുന്നു ജോലി. 
1982 - ഏപ്രില്‍- മാരിയത്തിനെ ഏറനാട്ടുകാരുടെ മാരിയാക്കിയ ജീവിത കഥയുടെ തുടക്കം ഇവിടെ നിന്നാണ്‌. സ്‌കൂള്‍ അവധിക്കാലമാണങ്കിലും മദ്രസയില്‍ പോവുന്നത്‌ കൊണ്ട്‌ രാവിലെ നേരത്തെ എഴുന്നേല്‍ക്കണം. ഒരു പ്രഭാതത്തില്‍ മാരിയത്ത്‌ പതുക്കെ എണീറ്റു. നേരിയ പനിയുണ്ട്‌.. പിതാവ്‌ തുണിക്കടയിലേക്ക്‌ പോയതാണ്‌.. വലിയുമ്മയുടെ അസുഖം കാരണം ഉമ്മ മലപ്പുറത്താണ്‌. വൈകുന്നേരമായിട്ടും പനികുറയുന്നില്ലെന്ന്‌ കണ്ടപ്പോള്‍ വീട്ടില്‍ ജോലിക്കുവരുന്ന വിലാസിനിയാണ്‌ മാരിയത്തിനെ ആശുപത്രിയിലെത്തിച്ചത്‌.

പനിയുടെ ക്ഷീണത്താല്‍ രാത്രി പെട്ടന്നുറങ്ങി. നിലത്തു കിടന്നുറങ്ങുക മാരിയത്തിന്റെ പതിവാണ്‌. രാത്രി കടയില്‍ നിന്ന്‌ വന്ന പിതാവ്‌ പതിവുപോലെ അവളെ എടുത്ത്‌ കട്ടിലില്‍ കിടത്തി. നേരെത്തെ ഉറങ്ങിയിരുന്നെങ്കിലും പതിവിലും വൈകിയാണ്‌ ഉണര്‍ന്നത്‌. മദ്രസയില്‍ പോകാനുള്ളതുകൊണ്ട്‌ വേഗത്തില്‍ കട്ടിലില്‍ നിന്ന്‌ ഇറങ്ങി. പക്ഷെ, കാല്‍ നിലത്ത്‌ കുത്താന്‍ കഴിയുന്നില്ല. പെട്ടെന്ന്‌ കിടക്കയില്‍ പിടിച്ചു. കരച്ചില്‍ കേട്ട്‌ പിതാവ്‌ ഓടിവന്നു. അവളെ എടുത്തു. നിലത്ത്‌ നിര്‍ത്താന്‍ നോക്കിയെങ്കിലും കഴിഞ്ഞില്ല. അദ്ദേഹം കാലുകള്‍ ഉഴിഞ്ഞ്‌ ചൂടാക്കി. നെഞ്ചിന്‌ താഴെ ചലനമില്ല. ഉടനെ അവളെ എടുത്ത്‌ ആശുപത്രിയിലേക്ക്‌ ഓടി.

പിന്നീട്‌ പിതാവ്‌ അവള്‍ക്ക്‌ വിദഗ്‌ധ ചികിത്സ നല്‍കിയില്ലെങ്കിലും വേണ്ടത്ര ഫലം കിട്ടിയില്ല. ഇതോടെ കട്ടിലില്‍ കിടക്കേണ്ട അവസ്ഥ മാരിയത്തിന്‌  ഉണ്ടാകേണ്ടതായിരുന്നു. പക്ഷെ, കുറേക്കാലം വേദന സഹിച്ചു കിടന്നെങ്കിലും, കൂറേ ചികിത്സക്ക്‌ ശേഷം വില്‍ചെയറിന്‍മേല്‍ ഇരിക്കാന്‍ പറ്റുന്ന രൂപത്തിലായി. നടക്കാന്‍ പോകുന്നില്ലെന്ന്‌ മനസ്സിലാക്കിയ മാരിയത്ത്‌, തന്റെ ഉള്ളില്‍ ഉറങ്ങികിടക്കുന്ന ഓരോ കഴിവുകളേയും പതുക്കെ മാടിവിളിക്കാന്‍ ശ്രമമാരംഭിച്ചു. അതിന്‌ സഹായികളായി ഓരോ സമയത്തും ദൈവം അതിനനുയോജ്യമായവരെ എത്തിച്ചുകൊടുത്തു.പഠന സാധ്യതകള്‍ അകലെയായിരുന്നുവെങ്കിലും പഠിക്കണമെന്നുമാത്രമായിരുന്നു മാരിയത്തിന്റെ ചിന്ത. അഹമ്മദ്‌ കുട്ടി ഉസ്‌താദ്‌ വീട്ടില്‍ വന്ന്‌ മദ്രസ പാഠ ഭാഗങ്ങളും നിസ്‌ക്കരിക്കാനും മറ്റും പഠിപ്പിച്ചു. സ്‌കൂള്‍ പോകുവാന്‍ കഴിയാത്തതില്‍ മാരിയത്ത്‌ വല്ലാതെ വേദനിപ്പിച്ചിരുന്നു.

മാരിയത്തിന്റെ വീടിന്റെ മുന്‍വശം മൈതാനമായിരുന്നു. അവിടെ നടക്കുന്ന കളികള്‍ നോക്കിയിരുന്നാണ്‌ മാരിയത്ത്‌ സമയം തള്ളി നീക്കിയിരുന്നത്‌. ഒരു ദിവസം ചുങ്കത്തറ എല്‍ പി സ്‌കൂളിലെ കുട്ടികളെ പരിശീലനത്തിനായി അവിടെ കൊണ്ടുവന്നു. അത്‌ കാണാന്‍ വേണ്ടി മാരിയത്തിനെ ഉമ്മ മുറ്റത്ത്‌ കസേരയില്‍ ഇരുത്തി. മാരിയത്തിനെ കണ്ട്‌ കുഞ്ഞമ്മ ടീച്ചര്‍ അടുത്ത്‌ വന്നു. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. വിശമത്തോടെ വീണ്ടും വരാമെന്ന്‌ പറഞ്ഞു. പിന്നീട്‌ മാരിയത്തിന്റെ ഓരോ ചലനത്തിന്‌ പിന്നിലും കുഞ്ഞമ്മ ടീച്ചറുടെ സഹായം വേണ്ടിവന്നു.
വീട്ടില്‍ നിന്ന്‌ പുറത്ത്‌ പോയി പഠിക്കാന്‍ ബുദ്ധിമുട്ടാണ്‌. അങ്ങനെയിരിക്കുമ്പോഴാണ്‌ ചുങ്കത്തറയിലെ നവോദയ ട്യൂട്ടോറിയല്‍ കോളേജില്‍ പഠിപ്പിക്കുന്ന ബഷീര്‍ സാറിനെ പരിചയപ്പെടുന്നത്‌. രണ്ടാം ക്ലാസില്‍ പഠനം നിര്‍ത്തിവെക്കേണ്ടി വന്ന മാരിയത്ത്‌ വീണ്ടും പഠിച്ചു. എസ്‌.എസ്‌.എല്‍.സി പരീക്ഷ എഴുതാന്‍ തീരുമാനിച്ചു. 1992 എസ്‌.എസ്‌.എല്‍.സി പാസായി.
എസ്‌.എസ്‌.എല്‍.സി വിജയിച്ചപ്പോള്‍ കോളജില്‍ പോവണമെന്ന്‌ കുഞ്ഞമ്മ ടീച്ചര്‍ പറഞ്ഞു. സ്ഥിരമായി കോളേജില്‍ പോയിവരുന്നതിനെ കുറിച്ച്‌ ആദ്യം ചിന്തിക്കാന്‍ കഴിഞ്ഞില്ല. മര്‍ത്തോമ കോളജിലെ മിനി ടീച്ചറാണ്‌ കോളജുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എല്ലാം ശരിയാക്കി കൊടുത്തത്‌. മാരിയത്തിനെ എന്നും കോളജിലേക്ക്‌ കൊണ്ടു പോകുന്നതും കൊണ്ടു വരുന്നതും സഹോദന്‍ ഫിറോസാണ്‌. ചുങ്കത്തറ മര്‍ത്തോമ കോളേജില്‍ പ്രിഡിഗ്രിക്ക്‌ ചേര്‍ന്നു. ജീവിതത്തിലെ സന്തോഷകരമായ വര്‍ഷമായാണ്‌ കലാലയ വര്‍ഷങ്ങളെ മാരിയത്ത്‌ സ്‌മരിക്കുന്നത്‌.പ്രി ഡിഗ്രി പഠന ശേഷം ഡിഗ്രിക്ക്‌ പോവുന്നതിന്‌ തടസമായത്‌ ഫിറോസിനോടുള്ള കനിവാണ്‌. തനിക്കുവേണ്ടി ഫിറോസിന്റെ ജിവിതം നഷ്‌ടമാവരുതെന്ന മാരിയത്തിന്റെ നിര്‍ബന്ധം. ഡിഗ്രി വീട്ടിലിരുന്ന്‌ പഠിക്കാമെന്ന്‌ തീരുമാനിച്ചു. ജസ്റ്റിന്‍ എന്ന സുഹൃത്തിന്റെ സഹായത്തോടെ ഡിഗ്രിക്ക്‌ ഇക്കണോമിക്‌സ്‌ എടുത്ത്‌ ഫസ്റ്റ്‌ ഇയര്‍ പരീക്ഷ എഴുതി. ജസ്റ്റിന്‍ ഇവിടം വിട്ടു പോയതോടെ ഡിഗ്രി സ്വപ്‌നം അസ്‌തമിച്ചു.

തുടര്‍ന്നാണ്‌ മാരിയത്ത്‌ എഴുത്തിലേക്കും ചിത്രം വരയിലേക്കും കടന്നത്‌. രോഗാവസ്ഥയാണ്‌ എന്റെ കഴിവുകള്‍ വളര്‍ത്തിയെടുക്കാന്‍ സഹായിച്ചെതെന്ന്‌  മാരിയത്ത്‌ പറയുന്നു. ടി വി യിലെ ഷോകളില്‍ നിന്നാണ്‌ ഗ്ലാസ്‌ പെയിന്റിംഗ്‌ ചെയ്യാന്‍ പഠിച്ചത്‌. വരച്ചു തുടങ്ങിയപ്പോള്‍ മാരിയത്തിന്‌ സമയം പോകുന്നതറിഞ്ഞില്ല. നൂറിലധികം ഗ്ലാസ്സ്‌ പെയിന്റുകള്‍ ഇതിനകം മാരിയത്ത്‌ ചെയ്‌തിട്ടുണ്ട്‌. മിക്കതും വിറ്റു പോവുകയോ സുഹൃത്തുക്കള്‍ സ്വന്തമാക്കുകയോ ചെയ്‌തിട്ടുണ്ട്‌. ഈ അടുത്ത്‌ നാലു താലൂക്കുകളില്‍ നിന്ന്‌ ഒരു മികച്ച കലാകാരിയെ തെരഞ്ഞെടുത്ത്‌ എടക്കര ഫൈനാര്‍ട്‌സ്‌ നല്‍കിയ ബഹുമതി മാരിയത്തിനായിരുന്നു. തിരൂര്‍ മാപ്പിള കലാ അക്കാദമിയും ചുങ്കത്തറ ഗ്രാമ പഞ്ചായത്തും മര്‍ത്തോമ കോളജിലെ പൂര്‍വ്വ വിദ്യാര്‍ഥികളും മാരിയത്തിനെ ആദരിച്ചിട്ടുണ്ട്‌. സാരികളില്‍ മനോഹരമായി ഫാബ്രിക്കേഷന്‍ വര്‍ക്കുകള്‍ ചെയ്യാനും മാരിയത്തിന്‌ കഴിയും. തന്റെ വസ്‌ത്രങ്ങളില്‍ മിക്കതും മാരിയത്ത്‌ തന്നെ തയ്‌ച്ചുണ്ടാക്കിയതാണ്‌. ഇതിനായി കൈ മാത്രമുപയോഗിച്ച്‌ പ്രവത്തിക്കുന്ന തയ്യല്‍ മെഷീനും മാരിയക്കുണ്ട്‌. കംപ്യൂട്ടറില്‍ ഡി ടി പി, ഫോട്ടോഷോപ്പ്‌,  ഇന്റര്‍നെറ്റ്‌ ചാറ്റിംങ്‌ തുടങ്ങിയവ ചെയ്യുവാനും മാരി പഠിച്ചു. ഇതിനൊപ്പം എഴുതിയ മാരിയത്തിന്റെ കഥകള്‍ പലതും പ്രസിദ്ധീകരിച്ചു.

ഏഴാം വയസ്സില്‍ ആകസ്‌മികമായി ചലനശേഷി നഷ്ടപ്പെട്ട്‌ ജീവിതം വഴിമുട്ടിയ കുഞ്ഞുബാല്യം. സ്വപ്‌നങ്ങളും മോഹങ്ങളും തകര്‍ന്നെന്ന്‌ കരുതിയിരിക്കുമ്പോള്‍ നിശ്ചയ ദാര്‍ഢ്യം കൊണ്ട്‌ ഒരു ഫീനിക്‌സ്‌ പക്ഷിയെപ്പോലെ ജീവിതത്തിന്റെ നിറങ്ങളിലേക്ക്‌ പറന്ന്‌ വിധിയെ വെല്ലുവിളിച്ച കൗമാരത്തിന്റെ കഥകളാണ്‌ `കാലം മായ്‌ച്ച കാല്‍പ്പാടുകള്‍'നാലുചുമരുകള്‍ക്കകത്തെ തീഷ്‌ണമായ ഏകാന്തതയില്‍നിന്ന്‌ കൈമാടി വിളിച്ച മരണത്തിന്റെ സ്‌നേഹസ്‌പര്‍ശം. നിശ്ചലമായ കാലുകളാല്‍ ജീവിതത്തിന്റെ നന്മകളിലേക്ക്‌ നടന്നുകയറിയ ഒരു പെണ്‍ ജന്മം.  കൊച്ചു പുസ്‌തകത്തില്‍ മാരിയത്തിന്റെ ജീവിത കഥ വിവരിക്കുന്നുണ്ട്‌. പള്ളികൂടത്തില്‍ പോകുന്ന കുട്ടികളുടെ തൊട്ടാവാടിയോടുള്ള സംസാരങ്ങളും കോളാമ്പി പൂ പറിക്കാന്‍ പോകുന്നതും പൊന്നീച്ചയെ പിടിക്കുന്നതെല്ലാം വായനക്കാരെ കഥയിലേക്ക്‌ അടുപ്പിക്കുന്നു.


ഇപ്പോള്‍ മാരി വളരെ സന്തോഷത്തിലാണ്‌. ധാരാളം സുഹൃത്തുക്കള്‍, വലിയ ആഗ്രഹങ്ങളൊന്നുമില്ല. വിവാഹത്തെ കുറിച്ച്‌ സംസാരിക്കുന്നത്‌ തന്നെ ഇഷ്‌ടമില്ല. തന്റെ കാര്യങ്ങള്‍ക്ക്‌ വേണ്ടി മറ്റുള്ളവരെ അല്‍പം പോലും ബുദ്ധിമുട്ടിക്കുന്നത്‌ മാരിയത്തിന്‌ ഇഷ്‌ടമില്ല. മാരിയുടെ റൂമില്‍ അവള്‍ക്കാവശ്യമായ എല്ലാ സജ്ജീകരണങ്ങളുമുണ്ട്‌. വസ്‌ത്രങ്ങള്‍ അലക്കുന്നതിനും അടുക്കള ജോലി ചെയ്യുന്നതിനും മാരിയത്തിന്‌ കഴിയും. വീടിന്റെ ഏത്‌ ഭാഗത്തേക്കും വീല്‍ചെയറില്‍ മാരിയെത്ത്‌ ഓടിയെത്തും.നല്ല ബന്ധങ്ങളാണ്‌ മാരിയത്തിന്റെ മുതല്‍ കൂട്ട്‌. അവളുടെ ജീവിത രഹസ്യവും അതാണ്‌. കുഞ്ഞമ്മ ടീച്ചര്‍, ശ്രീധരന്‍ സാര്‍, മിനി ടീച്ചര്‍, രവിയേട്ടന്‍, ബാബു, ഇങ്ങനെ നീളുന്ന ആ പട്ടിക... ഈ ദുരിതത്തിലെല്ലാം മാരി അഞ്ച്‌ നേരവും നിസ്‌ക്കരിച്ച്‌ പ്രാര്‍ത്ഥിക്കുന്നു. എസ്‌.എസ്‌.എല്‍ .സി വിജയിച്ചപ്പോള്‍ അല്ലാഹു വിജയിപ്പിച്ചുയെന്നാണവള്‍ പറഞ്ഞത്‌. കുടുബമാണ്‌ ജിവിതത്തിന്റെ സന്തോഷം, വെളിച്ചം, വിജയമാണെന്ന്‌ മാരി പറയുന്നു. എനിക്കൊന്നിനും കഴിയില്ലെന്ന്‌ പറഞ്ഞ്‌ മാറിനില്‍ക്കുന്നവര്‍ക്ക്‌ മാരിയത്തിന്റെ 'കാലം മായ്‌ച്ച കാല്‍പ്പാടുകള്‍' മറുപടി പറയും

 

No comments:

Post a Comment