Sunday, May 22, 2011

ഷീല വധക്കേസ്‌: കനകരാജന്‌ വധശിക്ഷ



വിധികേട്ട ശേഷം കനകരാജിനെ
 പാലക്കാട്‌ സബ്‌ ജെയിലിലേക്ക്‌ കൊണ്ടുപോകുന്നു
ഷീല

പാലക്കാട്‌: പുത്തൂര്‍ സായൂജ്യം വീട്ടില്‍ ജയകൃഷ്‌ണന്റെ ഭാര്യ ഷീല (40) യെ കഴുത്തറുത്ത്‌ കൊലപ്പെടുത്തിയ കേസില്‍ രണ്ടാംപ്രതി കൊയമ്പത്തൂര്‍ സ്വദേശി കനകരാന്‌(36) വധ ശിക്ഷ. പാലക്കാട്‌ അഡീഷണല്‍ സെഷന്‍സ്‌ ആന്റ്‌ ഡിസ്‌ട്രിക്ട്‌ കോടതി ജഡ്‌ജി പി കെ ഹനീഫയാണ്‌ ശിക്ഷ വിധിച്ചത്‌. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്ന്‌ കോടതി വിലയിരുത്തി.
കൊലപാതകശ്രമം, മനപൂര്‍വമായ നരഹത്യ, അതിക്രമിച്ചു കടക്കല്‍, കവര്‍ച്ച തുടങ്ങിയ കുറ്റങ്ങള്‍ കനകരാജ്‌ ചെയ്‌തതായി തെളിയിക്കപ്പെട്ടിരിക്കുന്നതെന്ന്‌ കോടതി പറഞ്ഞു. അപൂര്‍വങ്ങളില്‍ അപൂര്‍വമായി നടന്ന കേസാണിതെന്നും പരമാവധി ശിക്ഷ നല്‍കണമെന്നുമെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം 302 വകുപ്പ്‌ പ്രകാരം മരണം വരെ തൂക്കിലേറ്റാനാണു കോടതി വിധി. 30 ദിവസത്തിനുള്ളില്‍ വിധിക്കെതിരെ കനകരാജിന്‌ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാമെന്നും കോടതി അറിയിച്ചിട്ടുണ്ട്‌.
ഇന്ത്യന്‍ ശിക്ഷാ നിയമം 302, 307, 392,397,449 വകുപ്പുകള്‍ പ്രകാരം കരകരാജ്‌ കുറ്റക്കാരനാണെന്ന്‌ കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയികരുന്നു. 392/397 വകുപ്പ്‌ പ്രകാരം ഏഴ്‌ വര്‍ഷം കഠിന തടവിനും 1000 രൂപ പിഴയും അടക്കണം. പിഴ അടച്ചില്ലെങ്കില്‍ ആറ്‌ മാസം കഠിന തടവ്‌ അനുഭവിക്കണം. 307 പ്രകാരം അഞ്ച്‌ വര്‍ഷത്തെ കഠിന തടവിനും 1000 രൂപയും പിഴയും അടക്കണം. പിഴ അടച്ചില്ലെങ്കില്‍ ആറ്‌ മാസം കഠിന തടവ്‌ അനുഭവിക്കണം. 302 പ്രകാരം അഞ്ച്‌ വര്‍ഷം കഠിന തടവും 1000 രൂപ പിഴയും അടക്കണം. പിഴ അടച്ചില്ലെങ്കില്‍ ആറ്‌ മാസം കഠിന തടവ്‌ അനുഭവിക്കണം. ശിക്ഷ എല്ലാം ഒന്നിച്ച്‌ അനുഭവിച്ചാല്‍ മതി. വധശിക്ഷ ഹൈക്കോടതി നടപ്പിലാക്കിയാല്‍ മറ്റു ശിക്ഷകള്‍ ഇല്ലാതാകും.
2010 ജൂണ്‍ 22 നാണ്‌ ഷീലവധക്കേസിന്റെ കുറ്റപത്രം സമര്‍പ്പിച്ചത്‌. കേസിലെ ഒന്നാംപ്രതി സമ്പത്ത്‌ പൊലീസ്‌ കസ്‌റ്റഡിയില്‍ കൊല്ലപ്പെട്ടിരുന്നു. മറ്റ്‌ രണ്ട്‌ പ്രതികളാണ്‌ വിചാരണ നേരിട്ടത്‌. മൂന്നാംപ്രതി കോയമ്പത്തൂര്‍ അണ്ണാനഗര്‍ സ്വദേശി മണികണ്‌ഠനെ (42) കുറ്റക്കാരനല്ലെന്നുകണ്ട്‌ കോടതി വെറുതെവിട്ടിരുന്നു. മൂന്നാംപ്രതിയായ മണികണ്‌ഠനെതിരെ ആരോപിച്ചിട്ടുള്ള കുറ്റങ്ങള്‍ക്ക്‌ വിശ്വസനീയമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന്‌ കഴിയാത്തതിനാലാണ്‌ കോടതി വെറുതെവിട്ടത്‌. വിചാരണക്കിടെ പ്രോസിക്യൂഷന്റെ പ്രധാനസാക്ഷിയും അന്വേഷണഉദ്യോഗസ്ഥരില്‍ ഒരാളുമായ പാലക്കാട്‌ ടൗണ്‍നോര്‍ത്ത്‌ സി ഐ. എ വിപിന്‍ദാസ്‌ കൂറുമാറിയതും കേസിന്‌ തിരിച്ചടിയായി.
പ്രോസിക്യൂഷനുവേണ്ടി സീനിയര്‍ അഭിഭാഷകനായ ബി രാമന്‍പിള്ളയും അഡ്വ. അനില്‍മുഹമ്മദും മൂന്നാംപ്രതി മണികണ്‌ഠനുവേണ്ടി അഡ്വ. സുനീഷ്‌ കെ എബ്രഹാമും രണ്ടാംപ്രതി കനകരാജിനുവേണ്ടി അഡ്വ. കെ വി സുരേന്ദ്രന്‍ മങ്കരയും ഹാജരായി.



ഷീല വധക്കേസ്‌: വിധിക്ക്‌ തുണയായത്‌ സുപ്രീം കോടതിയുടെ പരാമര്‍ശം
മിന്‍ശാദ്‌ അഹ്‌മദ്‌
പാലക്കാട്‌: പുത്തൂര്‍ ഷീല വധക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്ത്‌ നിന്നും ഗുരുതരമായ വീഴ്‌ചയുണ്ടായിട്ടും വിധിക്ക്‌ തുണയായത്‌ സുപ്രീം കോടതിയുടെ പരാമര്‍ശം. പോലീസ്‌ നല്‍കിയ കുറ്റപത്രത്തില്‍ ക്രമക്കേടുകളോ വീഴചകളോ ഉണ്ടെങ്കിലും വിശ്വസനീയമായ മറ്റു തെളിവുകള്‍ ഉണ്ടെങ്കില്‍ അത്‌ വിധിന്യയത്തെ ബാധിക്കില്ലെന്ന സുപ്രിം കോടതിയുടെ പരാമര്‍ശമാണ്‌ തുണയായത്‌. ഷീല വധക്കേസിലെ ആദ്യ അന്വേഷണ ചുമതലയുണ്ടായിരുന്ന സി ഐ വിപിന്‍ദാസ്‌ 2010 മാര്‍ച്ച്‌ 29ന്‌ തൊണ്ടിമുതല്‍ പിടിച്ചതായി സീന്‍ മഹസറില്‍ കാണിച്ചിരുന്നു. എന്നാല്‍ പീന്നീട്‌ കേസിന്റെ അന്വേഷണ ചുമതലയേറ്റ ഡി വൈ എസ്‌ പി. എം കെ പുഷ്‌കരന്‍ ഇതേ തൊണ്ടിമുതല്‍ 2010 ഏപ്രില്‍ 12ന്‌ പിടിച്ചതായും കേസ്‌ ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഈ വൈരുദ്ധ്യങ്ങളുണ്ടായിട്ടും വിശ്വസനീയമായ മറ്റു തെളിവുകള്‍ ലഭിച്ചതായി വിധിന്യായത്തില്‍ പറയുന്നു.
2010 ജൂണ്‍ 26 നാണ്‌ കുറ്റപത്രം സമര്‍പ്പിച്ചത്‌. ഒന്നാം പ്രതി സമ്പത്ത്‌ കസ്റ്റഡിയില്‍ മരിച്ചതിനാല്‍ രണ്ടു മൂന്നും പ്രതികളെയാണ്‌ കേസില്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയത്‌. 130 പേജുള്ള വിധി ന്യായത്തില്‍ പറയുന്നത്‌ ഇങ്ങനെ: കേസിലെ ഒന്നാം പ്രതി സമ്പത്തും രണ്ടാം പ്രതി കനകരാജും മൂന്നാപ്രതി മണികണ്‌ഠനുംപുത്തരിലെ ഷീല താമസിക്കുന്ന വീട്ടില്‍ 2010 മാര്‍ച്ച്‌ 23ന്‌ എത്തി. മൂന്നാം പ്രതി മണികണ്‌ഠന്‍ പുറത്ത്‌ കാവല്‍ നിന്നു. ഒന്നും രണ്ടു പ്രതികള്‍ ചേര്‍ന്ന്‌ കോളിംഗ്‌ ബെല്ലടിച്ചു. ഷീല വാതില്‍ തുറന്ന ഉടനെ അവരെ മര്‍ദ്ദിക്കുകയായിരുന്നു. ഈസമയം വീട്ടില്‍ ഷീലയുടെ അമ്മ കാര്‍ത്ത്യാനി പുറത്തായിരുന്നു. ശബ്‌ദം കേട്ട്‌ വീടിനകത്തേക്ക്‌ അമ്മ കയറിവന്നപ്പോള്‍ മകള്‍ ഷീലയെ മര്‍ദ്ദിച്ച്‌ തോര്‍ത്ത്‌ മുണ്ടെടുത്ത്‌ രണ്ട്‌ കൈയ്യും കൂട്ടികെട്ടിയ ശേഷം വായ മൂടികെട്ടുന്നതാണ്‌ കണ്ടത്‌. ഇത്‌ കണ്ട്‌ ശബ്‌ദം വെച്ച അമ്മയെ രണ്ടാം പ്രതി കനകരാജ്‌ ഛായ കപ്പ്‌കൊണ്ട്‌ തലക്കടിച്ചു ഗുരുതരമായ പരുക്കേല്‍പ്പിക്കുകയും സമ്പത്ത്‌ തോര്‍ത്ത്‌ മുണ്ട്‌ കൊണ്ട്‌ അവരുടെ വായ കെട്ടുകയും ചെയ്‌തു. ശേഷം അലമാര തുറന്ന്‌ 30,000 രൂപയും സ്വര്‍ണാഭരണങ്ങളും എടുത്തു. സമ്പത്ത്‌ ഷീലയുടെ ദേഹത്തുള്ള താലിമാല, കമ്മല്‍, വളകള്‍ എന്നിവയും കനകരാജ്‌ കാര്‍ത്ത്യാനിയുടെ കമ്മലും മൂന്നു വളകളും എടുത്തു. മൊത്തം 1,75,000 രൂപയുടെ മുതലാണ്‌ മോഷ്‌ടിച്ചത്‌. ഷീലയുടെ ഉടമസ്ഥയിലുള്ള കടയില്‍ 14 ദിവസം സമ്പത്ത്‌ ജോലി ചെയ്‌തിരുന്നു. അതിനാല്‍ സമ്പത്തിനെ ഷീല തിരിച്ചറിഞ്ഞുവെന്ന്‌ ഇവര്‍ മനസിലാക്കി. രണ്ടാം പ്രതി കനകരാജ്‌ അടുക്കളയില്‍ പോയി കറിക്കത്തി എടുത്ത്‌ വന്നു. ഷീലയുടെ കൈ രണ്ടും പുറകിലേക്ക്‌ വലിച്ച്‌ പിടിച്ച്‌ താടിയെല്ല്‌ പുറകിലേക്ക്‌ വലിച്ച്‌ പിടിച്ചു. സമ്പത്ത്‌ ഷീലയുടെ മുകളില്‍ കയറി ഇടത്തെ കാലിന്റെ മുട്ട്‌ വയറിലും വലത്തെകാലിന്റെ മുട്ട്‌ നെഞ്ചെത്തും വെച്ച്‌ കഴുത്തറുത്ത്‌ കൊന്നു. കറിക്കത്തി മൂര്‍ച്ചയില്ലാത്തതിനാല്‍ സമയമെടുത്താണ്‌ സമ്പത്ത്‌ അവരുടെ കഴുത്തത്‌. പ്രായം ചെന്ന അമ്മയുടെ മുമ്പില്‍ വെച്ചാണ്‌ നിസ്സഹായിയായ വീട്ടമ്മയെ മൃഗീയമായി കൊന്നതെന്നും വിധിന്യായത്തില്‍ പറയുന്നു.
2010 മാര്‍ച്ച്‌ 29ന്‌ പ്രതികളെ പോലീസ്‌ കോയമ്പത്തൂരില്‍ നിന്നും പിടികൂടി. കേസിലെ ഒന്നാം പ്രതി സമ്പത്ത്‌ കസ്റ്റഡിയില്‍ മരിക്കുകയായിരുന്നു. കോടതിയുടെ തിരിച്ചറിയല്‍ പരേഡില്‍ കാര്‍ത്ത്യാനി രണ്ടാം പ്രതി കനകരാജിനെ തിരിഞ്ഞറിഞ്ഞു. അന്വേഷണ ചുമതലയുണ്ടായിരുന്ന സി ഐ വിപിന്‍ദാസ്‌ സീന്‍ മഹസറില്‍ 2010 മാര്‍ച്ച്‌ 29ന്‌ തൊണ്ടി മുതല്‍ കണ്ടെടുത്തതായി രേഖപ്പെടുത്തിയിരുന്നു. സമ്പത്തിന്റെ കസ്റ്റഡി മരണക്കേസില്‍ കുടുങ്ങിയ ഡി വൈ എസ്‌ പി. സി കെ രാമചന്ദ്രന്‌ പകരം ചുമതലയേറ്റ ഡി വൈ എസ്‌ പി. എം കെ പുഷ്‌കരന്‍ കേസ്‌ ഡയറിയില്‍ 2010 ഏപ്രില്‍ 12ന്‌ കൊയമ്പത്തൂരില്‍ നിന്നും തൊണ്ടി മുതല്‍ അദ്ദേഹം കണ്ടെത്തിയതായി രേഖപ്പെടുത്തിയിരുന്നു. ഇതില്‍ വൈരുദ്യങ്ങളുണ്ടായിരുന്നെങ്കിലും കാര്‍ത്ത്യാനി നല്‍കിയ മൊഴിയെ ശരിവെക്കുന്നതായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിസല്‍ട്ട്‌. വിരലടയാള വിദഗ്‌ധര്‍ വീടിന്റെ അടുക്കളഭാഗത്തെ വാതിലില്‍ പതിഞ്ഞ വിരലടയാളം സമ്പത്തിന്റേതാണെന്ന്‌ കണ്ടെത്തിയിരുന്നു. ഇത്‌ ഏറ്റവും ശാസത്രീയമായ തെളിവാണെന്നും വിധിന്യായത്തില്‍ പറയുന്നു. കനകരാജിന്റ മൊബൈല്‍ ഫോണ്‍ നമ്പര്‍ കൃത്യം നടന്ന ദിവസം പാലക്കാട്‌ നോര്‍ത്ത്‌ സ്റ്റേഷന്‍ പരിധിയിലാണ്‌. പ്രതികളുടെ മൊബൈല്‍ കോളുകളും വിധിക്ക്‌ അനുകൂലമാക്കി. മൂന്നാം പ്രതി മണികണ്‌ഠനെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ പ്രൊസ്യുക്യൂഷന്‌ തെളിയിക്കാന്‍ സാധിച്ചില്ലെന്നും തിരിച്ചറിയല്‍ പരേഡില്‍ മണികണ്‌ഠനെ കാര്‍ത്ത്യാനിക്ക്‌ തരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും വിധിന്യായത്തില്‍ പറയുന്നു.

ഏറെ കോലിളക്കം സൃഷ്‌ടിച്ച ഷീല വധക്കേസില്‍ സുപ്രധാന വിധി പറഞ്ഞ ഡിസ്‌ട്രിക്ട്‌ കോടതി ജഡ്‌ജി പി കെ ഹനീഫ ഇന്നലെ പാലക്കാടിനോട്‌ വിട പറഞ്ഞു. തിരുവനന്തപുരം വിജിലന്‍സ്‌ ജഡ്‌ജിയായാണ്‌ സ്ഥലമാറ്റം. അവിടെ നാളെ ചുമതലയേല്‍ക്കും. 

No comments:

Post a Comment