പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ താലൂക്കിലെ മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി, നെന്മാറ പഞ്ചായത്തുകളിലെ മാവിന്‍ തോട്ടങ്ങളില്‍ വ്യാപകമായി എന്‍ഡോസള്‍ഫാന്‍ തെളിച്ചതുമൂലം ദുരിതം അനുഭവിക്കുന്നവരെ അധികൃതര്‍ കാണാതെ പോകുന്നു. എന്‍ഡോസള്‍ഫാന്‍ മൂലം തലയില്‍ നീര് നിറഞ്ഞ് തല വലുതാകുന്നവര്‍, വികലാംഗര്‍, അന്ധര്‍, ഹൃദ്രോഗം, വന്ധ്യത, ബുദ്ധിമാന്ദ്യം, ത്വക്ക് രോഗം എന്നിങ്ങനെ വിവിധ രോഗങ്ങള്‍കൊണ്ട് ദുരിതമനുഭവിക്കുന്ന ഇരകളായവര്‍ മരുന്നും മറ്റു ചികിത്സാ സൗകര്യങ്ങളൊന്നുമില്ലാതെ കഴിയുകയാണ്.
ചിറ്റൂര്‍ താലൂക്കിലെ മുതലമട പഞ്ചായത്തില്‍ 19 വാര്‍ഡിലും കൊല്ലങ്കോട് പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകളിലും 2010-ല്‍ സംസ്ഥാന ആരോഗ്യ വകുപ്പ് നടത്തിയ സര്‍വ്വെയില്‍ എല്‍ഡോസള്‍ഫാന്‍ മൂലം 46 പേര്‍ ദുരിതം അനുഭവിക്കുന്നതായി കണ്ടെത്തിയിരുന്നു. ആറ് വയസിന് മുകളിലുള്ളവരെയാണ് സര്‍വ്വെ നടത്തിയത്. ആറിനും 14 നും ഇടയ്‌ക്ക് പ്രായമുള്ള 43 കുട്ടികളില്‍ രോഗം ബാധിച്ചതായി കണ്ടെത്തി. എന്നാല്‍ ആറ് വയസിന് താഴെയുള്ളവരെ സര്‍വ്വെക്ക് പരിഗണിച്ചിട്ടില്ല. മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി, നെന്മാറ പഞ്ചായത്തുകളില്‍ എന്‍ഡോസള്‍ഫാന്‍ തെളിച്ചതുമൂലം കെടുതികള്‍ അനുഭവിക്കുന്ന ഇരകളുടെ എണ്ണം 300 ലധികം വരുമെന്നും ഒരു വര്‍ഷത്തിനകം 500 മുതല്‍ 1000 വരെ പേര്‍ എന്‍ഡോസള്‍ഫാന്‍ ബാധിതരായി ഈ പ്രദേശത്തുണ്ടാകുമെന്നും ചിറ്റൂര്‍ താലൂക്ക് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതി ഭാരവാഹികള്‍ സിറാജിനോട് പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ തളിച്ചതുമൂലം ഈ മേഖലയില്‍ ദുരിതമനുഭവിക്കുന്നവരുടെ എണ്ണം ദിനം പ്രതി കൂടിവരുമ്പോഴും പ്രദേശത്തെ മാവിന്‍ തോപ്പുകളില്‍ ഇപ്പോഴും എന്‍ഡോസള്‍ഫാന്‍ തെളിക്കുന്നതായി എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതി ഭാരവാഹികള്‍ ആരോപിച്ചു. സാധാരണ വര്‍ഷത്തില്‍ മൂന്ന് തവണയാണ് മാവിന്‍ തോട്ടങ്ങളില്‍ കീടനാശിനി തെളിക്കാറുള്ളത് എന്നാല്‍ ഈവര്‍ഷം ആറ് തവണ തെളിച്ചിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു.
ഈ പ്രദേശത്ത് അഞ്ച് ലക്ഷത്തോളം മാവിന്‍ തൈകളുള്ളതായാണ് ഔദ്യോഗിക കണക്ക്. മാംഗോ സിറ്റി എന്നറിയപ്പെടുന്ന മുതലമടയില്‍ ഏകദേശം 5000 ഓളം മാങ്ങ കച്ചവടക്കാരുണ്ട്. പ്രദേശത്തെ രാഷ്‌ട്രീയ നേതൃത്വങ്ങളെല്ലാം ഇവര്‍ക്ക് ഓശാന പാടുന്നവരാണ്. ജനപ്രതിനിധകളും മറ്റും ഉന്നത വ്യക്തികളെയെല്ലാം സ്വാധീനിച്ചാണ് ഇവര്‍ ഇവിടെ കീടനാശിനികള്‍ തെളിക്കുന്നത്. ഈ പ്രദേശങ്ങളിലെ മാന്തോപ്പുകളില്‍ പ്രയോഗിക്കുന്ന എന്‍ഡോസള്‍ഫാനടക്കമുള്ള മാരക കീടനാശിനികളുടെ ഉപയോഗം പൂര്‍ണമായി നിരോധിക്കുക, ദുരിധബാധിതര്‍ക്ക് പുനരധിവാസവും നഷ്‌ടപരിഹാരവും ഉടന്‍ നല്‍കുക, മാന്തോപ്പുകളില്‍ എന്‍ഡോസള്‍ഫാനടക്കമുള്ള മാരക രാസകീടനാശിനികള്‍ പ്രയോഗിക്കുന്ന കച്ചവടക്കാരടക്കമുള്ളവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 2004 ല്‍ മാരിയപ്പന്‍ നീളിപ്പാറയുടെ നേതൃത്വത്തില്‍ ആരംഭിച്ച ചിറ്റൂര്‍ താലൂക്ക് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതി നിരന്തരം സമരങ്ങള്‍ നടത്തിയും മറ്റും പ്രദേശത്തെ എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ വിവരങ്ങളും ദുരിതങ്ങളും നിരവധി തവണ അധികൃതരെ അറിയിച്ചെങ്കിലും ഇത് വരെ ആരും തിരിഞ്ഞ് നോക്കിയിട്ടില്ലെന്ന് സമിതി ഭാരവാഹികള്‍ പറയുന്നു. എന്‍ഡോസള്‍ഫാന്‍ മൂലം രോഗബാധിതരായവര്‍ക്ക് ചികിത്സിക്കാന്‍ മാസവും ഏകദേശം 10,000 ഓളം രൂപ ചിലവ് വരുന്നുണ്ട്. കൂലിപണിക്കാരയ ഇവര്‍ക്ക് ഇത് താങ്ങാനാവുന്നതല്ല. സമിതിയുടെ നേതൃത്വത്തില്‍ എത്തുന്ന ഏതെങ്കിലും സന്നദ്ധ സംഘടനകള്‍ നല്‍കുന്ന ചെറിയ സഹായം മാത്രമാണ് ഇവര്‍ക്ക് വല്ലപ്പോഴും ലഭിക്കുന്നത്.
ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച കാസര്‍ക്കോട് പാക്കേജ് നടപ്പിലാക്കുന്നതിനും എന്‍ഡോസള്‍ഫാന്‍ മൂലം ദുരിതം അനുഭവിക്കുന്നവര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ ഇവര്‍ക്കും ലഭ്യമാക്കുന്നതിനുമായി നാളെ ചിറ്റൂര്‍ താലൂക്ക് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതി ജനറല്‍ കണ്‍വീനര്‍ മാരിയപ്പന്‍ നീളിപ്പാറയുടെ നേതൃത്വത്തില്‍ സമിതിയംഗങ്ങള്‍ കാസര്‍ക്കോട്ടെ സമരസമിതി നേതാക്കളുമായി ചര്‍ച്ച നടത്തും. ആഗോള തലത്തില്‍ എന്‍ഡോസല്‍പാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് കാസര്‍കോട്ട് നടക്കുന്ന സമരത്തില്‍ ചിറ്റൂര്‍ താലൂക്ക് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതി നാളെ ഏകദിന സത്യാഗ്രഹം നടത്തും.




No comments:
Post a Comment