Tuesday, April 26, 2011

എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട്‌ കീടനാശിനി ഭൂതം


എന്‍ഡോസള്‍ഫാന്റെ ഭീകരത വിളിച്ചറിയിച്ച്‌ കൊണ്ട്‌ പാലക്കാട്‌ നഗത്തില്‍ കീടനാശിനി ഭൂതമിറങ്ങി. എന്‍ഡോസള്‍ഫാന്‍ നിരോധിച്ച്‌ മാരകമായ വിപത്തില്‍ നിന്ന്‌ മനുഷ്യകുലത്തെ രക്ഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കഞ്ചിക്കോട്‌ കലാസമിതി നടത്തുന്ന സമരത്തിന്റെ ഭാഗമായാണ്‌ കീടനാശിനി ഭൂതമിറങ്ങിയത്‌.
കറുത്ത പൈജാമ്മയും പാന്റ്‌സും തലയില്‍ ശിരോവസ്‌ത്രവും ഭീകരമെന്ന്‌ തോന്നിക്കുന്ന തരത്തിലുള്ള മുഖമൂടിയും ചുവന്ന ഷാളുമാണ്‌ ഭൂതത്തിന്റെ വേഷം. എന്‍ഡോസള്‍ഫാന്‍ കൊടും വിശമാണെന്ന്‌ സൂചിപ്പിക്കുന്നതാണ്‌ ഭൂതത്തിന്റെ ഇടത്‌ തോളിന്‌ മുകളിലായി പത്തി വിടര്‍ത്തി നില്‍ക്കുന്ന സര്‍പ്പം. കയ്യിലുള്ള മണി മരണത്തെ സൂചിപ്പിക്കാനാണ്‌. കഴുത്തില്‍ വലിയ കാര്‍ഡ്‌ ബോര്‍ഡ്‌ തൂക്കി അതില്‍ ഇപ്രകാരം എഴുതിവെച്ചിട്ടുണ്ട്‌. `പരീക്ഷണങ്ങള്‍ മതിയാക്കൂ, പാവം ജനങ്ങളെ രക്ഷിക്കൂ. എന്‍ഡോസള്‍ഫാന്‍ നിരോധിക്കുക. മനുഷ്യന്റെ ആയുസും ആരോഗ്യവും രക്ഷിക്കുക. മന്ത്രിയാകുന്ന കാര്യ നല്ലകാര്യം, ആദ്യം മനുഷ്യനാവുക, പവാര്‍ രാജിവെക്കുക'.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സന്ദേശമെത്തിക്കാനായി കഴിഞ്ഞ ഞായറാഴ്‌ചയാണ്‌ കീടനാശിനി ഭൂതമിറങ്ങിയത്‌. ഇന്നുകൂടി ഭൂതം ജില്ലയിലുടെ വിവിധ ഭാഗങ്ങളും നഗര പ്രദേശങ്ങളിലും ചുറ്റും. കഴുത്തിലെ വലിയ ബോര്‍ഡും തൂക്കി വലതു കയ്യിലുള്ള മണിയും കിലുക്കി ആളുകള്‍ കൂടിയിരിക്കുന്ന സ്ഥലങ്ങളിലെല്ലാം പോയി ബോര്‍ഡിലെഴുതിയത്‌ വായിച്ച്‌ തീരുന്നത്‌ വരെ അവരുടെ മുമ്പില്‍ മണിയും കിലുക്കി നില്‍ക്കും. കാണുന്നവരെല്ലാം ഈ കൗതുക കാഴ്‌ച തങ്ങളുടെ കയ്യിലുള്ള മൊബൈലില്‍ പകര്‍ത്താനും മറക്കുന്നില്ല. കൂട്ടികളും സ്‌ത്രികളും ആദ്യം കാണുമ്പോള്‍ പേടിച്ച്‌ മാറി നില്‍ക്കുമെങ്കിലും എല്ലാവരുടേയും അടുത്തേക്ക്‌ ഓടിയെത്തുന്ന ഭൂതം ഭയവും ഒപ്പം കൗതുകവും നല്‍കി എല്ലവരിലും ഈ സന്ദേശമെത്തിക്കാന്‍ കഴിയുന്നുണ്ടെന്ന്‌ കീടനാശിനി ഭൂതം സിറാജിനോട്‌ പറഞ്ഞു.
മലബാര്‍ സിമന്റ്‌സ്‌ തൊഴിലാളിയായ കഞ്ചിക്കോട്ടെ കലാ സമിതി പ്രവര്‍ത്തകനുമായ കന്തകുമാരനാണ്‌ കീടനാശിനി ഭൂതവേശമണിഞ്ഞ്‌ ജില്ലയിലെ വിവധ ഭാഗങ്ങളില്‍ പ്രചരണം നടത്തുന്നത്‌. ആര്‍ രാജീവ്‌, കെ അച്യുതന്‍, വി പി രവീന്ദ്രനാഥന്‍, പി എസ്‌ മഹാദേവന്‍, എം കൃഷ്‌ണമൂര്‍ത്തി, എസ്‌ സുരേഷ്‌, എസ്‌ ചന്ദ്രന്‍ തുടങ്ങിയ കല സമിതിയുടെ പ്രവര്‍ത്തകരും എന്‍സള്‍ഫാന്‍ വിരുദ്ധ പ്രചരണങ്ങളുമായി ജില്ലയിലെ വിവിധ ഭാഗങ്ങില്‍ നോട്ടീസ്‌ വിതരണവും മറ്റും നടത്തുന്നുണ്ട്‌. 

No comments:

Post a Comment