മര്‍കസ് ശഅ്‌റെ മുബാറക് മസ്ജിദിന് ജനുവരി 30ന് തറക്കല്ലിടും
കോഴിക്കോട്: കോഴിക്കോട് കേന്ദ്രമായി മര്‍കസ് ശഅ്‌റെ മുബാറക് മസ്ജിദിന് ജനുവരി 30ന് തറക്കല്ലിടും സയ്യിദ് അബ്ബാസ് മാലികി മക്ക സംബന്ധിക്കും. ഹിജ്റ വര്‍ഷം 1433 റബീ ഉല്‍ അവ്വല്‍ ഏഴിനു മര്‍കസില്‍ ശഅ്‌റെ മുബാറക് പ്രദര്‍ശനത്തോടനുബന്ധിച്ച് നടക്കുന്ന മീലാദ് കോണ്‍ഫറന്‍സിലാണ് ശിലാസ്ഥാപനം നടത്തുക. ചടങ്ങില്‍ രാജ്യാന്തര നേതാക്കള്‍ക്ക് പുറമേ പ്രമുഖ സാദാത്തുക്കളും മതനേതാക്കളും പങ്കെടുക്കും. മീലാദ് കോണ്‍ഫറന്‍സിന്റെ നടത്തിപ്പിനായി 1433 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. മര്‍കസ് യത്തീംഖാന ഓഡിറ്റോറിയത്തില്‍ നടന്ന സ്വാഗത സംഘ യോഗത്തില്‍ സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍ അധ്യക്ഷതവഹിച്ചു. സയ്യിദലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തി. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍ വിഷയാവതരണം നടത്തി. പി.കെ.എം. സഖാഫി ഇരിങ്ങല്ലൂര്‍, താഹിര്‍ സഖാഫി മഞ്ചേരി എന്നിവര്‍ സംസാരിച്ചു. എന്‍ അലി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍ , കെ പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം, കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ , എ പി മുഹമ്മദ് മുസ്‌ലിയാര്‍ , വി പി എം ഫൈസി വില്ല്യാപ്പള്ളി , ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ആസാദ് ഹാജി എറണാകുളം, നൌഷാദ് മേത്തര്‍, ജമാല്‍ എടപ്പള്ളി, സിദീഖ് ഹാജി, എന്‍ പി ഉമര്‍ ഹാജി, വി പി എം കോയ മാസ്റ്റര്‍ , പ്രൊഫ എം കെ അബ്ദുല്‍ ഹമീദ് , അബൂബക്കര്‍ ഹാജി, നൌഷാദ് അഹ്സനി, അബ്ദുറഹ്മാന്‍ മാസ്റ്റര്‍ പടിപ്പിക്കള്‍, ജി അബൂബക്കര്‍, നാസര്‍ ഹാജി ഓമച്ചപ്പുഴ, ഇബ്രാഹീം കുട്ടി ഹാജി ചെമ്മാട് , സലിം മടവൂര്‍, ഗഫൂര്‍ ഹാജി, സംബന്ധിചു. മര്‍കസ് ജനറല്‍ മാനേജര്‍ സി. മുഹമ്മദ് ഫൈസി സ്വാഗതവും സയ്യിദ് തുറാബ് തങ്ങള്‍ നന്ദിയും പറഞ്ഞു.
----------------------------------------------------------------------------------------------------
സൗമ്യക്ക് വേണ്ടി ആങ്ങളമാര്‍ ഒത്തുചേരുന്നു
![]() |
`ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ സ്വയം സന്നദ്ധരായി വരുന്ന ഓരോ പുരുഷനും ഇതിന്റെ സംഘാടകനാണ്. നിങ്ങളെ ആരും ക്ഷണിക്കുകയില്ല. ആരുടേയും ഉദ്‌ബോധന പ്രസംഗമുണ്ടാവില്ല. പങ്കെടുത്തില്ലെങ്കില്‍ ആരും ചോദിക്കില്ല. സ്വന്തം മനഃസാഷിയുടെ മുന്നില്‍ വിചാരണ ചെയ്യപ്പെടുന്ന ഒരു നിമിഷമുണ്ടെങ്കില്‍ ആ നിമിഷത്തിന്റെ പ്രേരണ കൊണ്ട് മാത്രമായിരിക്കും ഓരോ പുരുഷനും ഇതില്‍ കൈകോര്‍ക്കാനെത്തുന്നത്'. ഇങ്ങനെ പോകുന്നു അനിലിന്റെ കുറിപ്പ്.
ഷൊര്‍ണൂര്‍ എറണാകുളം പാസഞ്ചര്‍ ട്രെയ്‌നില്‍ നിന്നു തള്ളിയിട്ട് മാനംഭംഗപ്പെടുത്തി തമിഴ്‌നാട് സ്വദേശി ഗോവിന്ദച്ചാമി കൊന്നുകളഞ്ഞ സൗമ്യയോട് മനസുകൊണ്ടോരു മാപ്പു പറയാനാണ് ആ ഒത്തുചേരല്‍. പുരുഷന്‍മാര്‍ മാത്രം. സ്‌ത്രീകള്‍ സാക്ഷികളായി നിന്നാല്‍ മതി. വിഷമഘട്ടത്തില്‍ സഹായിക്കാന്‍ പെങ്ങന്‍മാര്‍ക്ക് ആങ്ങളമാരും കൂട്ടുകാരും ഉണ്ടെന്ന് ആശ്വസിക്കുകയുമാകാം.
`അബോധാവസ്ഥയില്‍ റെയില്‍ പാളത്തിനരികെ കണ്ടെത്തുമ്പോള്‍ സൗമ്യ ചുണ്ടും മാറും കടിച്ചെടുത്ത നിലയിലായിരുന്നു. അവളുടെ നിലവിളി കേട്ടില്ലെന്നു നടിച്ചതും ചങ്ങല വലിക്കാന്‍ നോക്കിയ ആളെ വിലക്കിയതും നമ്മളാണ്. അയ്യായിരം രൂപയ്‌ക്കു മേല്‍ വിലയില്ല ഒരു പെണ്‍കുട്ടിക്ക് എന്നു കണ്ടെത്തിയതും നമ്മളാണ്'. ഇങ്ങനെ തുടങ്ങുന്ന അനിലിന്റെ കുറിപ്പ് വായിക്കുന്ന ഓരോ പുരുഷനും അറിയാതെ കുറ്റബോധം തോന്നും. അനിലിന്റെ ഈ കുറിപ്പിന് വലിയ പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. നാളെത്തെ ഒരു ദിവസം പെങ്ങന്‍മാര്‍ക്ക് വേണ്ടി ജോലി സ്ഥാലത്ത് അഞ്ച് മണിക്ക് മുമ്പെ ഇറങ്ങുക. മാനാഞ്ചിറ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളിന് മുമ്പില്‍ എസ് കെ പ്രതിമയ്‌ക്കപ മുമ്പില്‍ താനുണ്ടാകും. എന്നു പറഞ്ഞ്‌കൊണ്ടാണ് അനില്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്. തിരുവനന്തപുരത്ത് പാളയം രക്തസാക്ഷി മണ്ഡപത്തിനടുത്ത്, കോട്ടയം ഗാന്ധിസ്‌ക്വയറില്‍, എറണാകുളം സുഭാഷ് പാര്‍ക്കിനടുത്തോ മറൈന്‍െ്രെഡവിലോ, തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത്?ഇങ്ങനെ സമാനമായ ഒത്തുചേരലുകള്‍ പലയിടത്തും നടന്നേക്കും.
------------------------------------------------------------------------------------------------
ഐ എന്‍ എല്ലിനെ പിളര്‍ത്തിയതാര്?
ഇന്ത്യന്‍ നാഷണല്‍ ലീഗ് (ഐ എന്‍ എല്‍) വീണ്ടും പിളര്‍ന്നിരിക്കുകയാണ്. ഈ പിളര്‍പ്പിന്റെ പിന്നില്‍ ആരെല്ലാമാണെന്ന് അന്വേഷിക്കുകയാണ് പാര്‍ട്ടി പ്രവര്‍ത്തകരും രാഷ്‌ട്രീയ നിരീക്ഷകരും. ഒന്നര പതിറ്റാണ്ട് കാലം ഇടത് പക്ഷത്തിനൊപ്പം നിന്നിട്ടും വേണ്ട പരിഗണന നല്‍കാതെ സി പി എമ്മും കേരളാ രാഷ്‌ട്രീയ ഭൂപടത്തില്‍ തങ്ങളുടെ സ്ഥാനം നിലനിര്‍ത്താനുള്ള മുസ്‌ലിം ലീഗിന്റെ ശ്രമവുമാണ് ഐ എന്‍ എല്ലിനെ മൂന്നാക്കി പിളര്‍ത്തിയത്.1992-ല്‍ ബാബരി മസ്‌ജിദ് തകര്‍ത്തപ്പോള്‍ കോണ്‍ഗ്രസും മുസ്‌ലിം ലീഗും സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ചാണ് ഇബ്‌റാഹിം സുലൈമാന്‍ സേട്ടുവിന്റെ നേതൃത്വത്തില്‍ മുസ്‌ലിം ലീഗിലെ ഒരു വിഭാഗം പുറത്തുപോയി ഐ എന്‍ എല്ലിന് രൂപം നല്‍കിയത്. കോണ്‍ഗ്രസ് ഒന്ന് ശബ്‌ദിച്ചിരുന്നെങ്കില്‍ ബാബരി മസ്‌ജിദ് തകര്‍ക്കപ്പെടുമായിരുന്നില്ല. എന്നാല്‍ അതിനു പോലും ശ്രമിക്കാത്ത കോണ്‍ഗ്രസിന്റെ കൂടെ നാം എന്തിന് നില്‍ക്കണമെന്നായിരുന്നു സേട്ടു സാഹിബിന്റെ നിലപാട്. എന്നാല്‍ ഈ സമയത്ത് സംയമനം പാലിക്കനായിരുന്നു മുസ്‌ലിം ലീഗ് ആഹ്വാനം ചെയ്‌തത്. അധികാരമില്ലെങ്കില്‍ തങ്ങള്‍ക്ക് നിലനില്‍ക്കാനാവില്ലെന്ന് നന്നായിട്ടറിയുന്ന ലീഗ് നേതാക്കള്‍ കോണ്‍ഗ്രസുമായി ബന്ധം വിച്ഛേദിക്കാന്‍ മടിച്ചു. കേരളം പോലെയൊരു സംസ്ഥാനത്ത് ഒറ്റക്ക് നില്‍ക്കുക ആപത്‌കരമാണ്. ഏതെങ്കിലും ഒരു മുന്നണിയില്‍ ഇല്ലെങ്കില്‍ കേരളത്തില്‍ വിജയിക്കില്ലെന്ന് ലീഗ് നേതൃത്വത്തിന് അറിയാമായിരുന്നു. കോണ്‍ഗ്രസുമായി ബന്ധം വിച്ഛേദിച്ചാല്‍ പിന്നെ ഒറ്റക്ക് നില്‍ക്കേണ്ടിവരും. അത്രത്തോളം ശക്തി ലീഗിനില്ലായിരുന്നു. ദേശീയ തലത്തില്‍ ശക്തിയുണ്ടായിട്ടു പോലും കേരളത്തില്‍ ബി ജെ പി ക്ലച്ച് പിടിക്കാത്തത് സ്വന്തമായി നില്‍ക്കുന്നത് കൊണ്ടാണെന്നുള്ളതും ലീഗ് നേതാക്കളെ കോണ്‍ഗ്രസ് ബന്ധം വിച്ഛേദിക്കുന്നതില്‍ നിന്നും പിന്തിരിപ്പിച്ചു. ഏതെങ്കിലും മുന്നണിയുടെ ഭാഗമായി ബി ജെ പി കേരളത്തില്‍ മത്സരിച്ചാല്‍ അവര്‍ക്ക് ധാരാളം സീറ്റുകള്‍ ലഭിക്കും. ലീഗ് മുന്നണിയില്‍ നിന്ന് മാറി നിന്നാല്‍ കേരളത്തില്‍ എഴുതി തള്ളപ്പെട്ട പാര്‍ട്ടികളുടെ ലിസ്റ്റില്‍ മുസ്‌ലിം ലീഗിന്റെ പേരും ചേര്‍ക്കപ്പെടേണ്ടി വരും. അതിനാല്‍ ബാബരി മസ്‌ജിദ് പ്രശ്‌നത്തില്‍ കോണ്‍ഗ്രസിനെ എതിര്‍ത്ത് പറയുന്നതിന് പകരം മുസ്‌ലിം ലീഗ് വെള്ള പൂശുകയായിരുന്നു. ലീഗിന്റെ ഈ നിലപാടില്‍ പ്രതിഷേധിച്ച് സേട്ട് സാഹിബ് 1994 ല്‍ ഐ എന്‍ എല്‍ രൂപവത്‌കരിക്കുമ്പോള്‍ അന്നത്തെ മുസ്‌ലിം ലീഗിലെ നേതാക്കളായ യു എ ബീരാന്‍, പി എം അബൂബക്കര്‍, എം എ ലത്തീഫ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. തുടര്‍ന്ന് സേട്ട് സാഹിബിന്റെ അന്ത്യം വരെ അദ്ദേഹം കോണ്‍ഗ്രസിനേയും മുസ്‌ലിം ലീഗിനേയും ശക്തമായി എതിര്‍ത്തു പോന്നിരുന്നു.
ഐ എന്‍ എല്ലിനെ സംബന്ധിച്ചിടത്തോളം കേരളത്തില്‍ ഇടത് മുന്നണിയല്ലാതെ മറ്റൊന്നിനെ ആശ്രയിക്കാനില്ലായിരുന്നു. സ്വന്തമായി നില്‍ക്കാനുള്ള ശേഷി ഐ എന്‍ എല്ലിന് ഇല്ലതാനും. അതിനാല്‍ 14 വര്‍ഷത്തോളം ഇടതു മുന്നണിയുമായി സഹകരിച്ചു ഐ എന്‍ എല്‍ പോന്നു. ഇതിനിടക്ക് നിരവധി തവണ മുന്നണിയില്‍ തങ്ങള്‍ക്ക് ആവശ്യമായ പരിഗണന നല്‍കണമെന്ന് ഐ എന്‍ എല്‍ നേതാക്കല്‍ എല്‍ ഡി എഫ് നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. മുന്നണിയില്‍ ഘടക കക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ട് പല തവണ കത്തുകളയച്ചു. ഇതിനൊന്നും ഫലം കണ്ടില്ല. തങ്ങള്‍ക്ക് ശേഷം മുന്നണിയുമായി സഹകരിക്കാന്‍ വന്ന പല ചെറിയ പാര്‍ട്ടികള്‍ക്കും വലിയ പരിഗണന മുന്നണി നല്‍കിയതെല്ലാം ഐ എന്‍ എല്‍ നേതാക്കള്‍ വീക്ഷിച്ചു. പ്രത്യേകിച്ച് കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ പി ഡി പിക്ക് നല്‍കിയ പരിഗണന പോലും ഐ എന്‍ എല്ലിന് നല്‍കാന്‍ ഇടതു മുന്നണി കൂട്ടാക്കിയിയിരുന്നില്ല. ഇതെല്ലാം ഐ എന്‍ എല്‍ നേതാക്കളുടെ മാറ്റി ചിന്തിപ്പിക്കാന്‍ ഇടയാക്കി.
അവസാനം കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി തങ്ങളെ മുന്നണിയിലെടുക്കണെമെന്ന ആവശ്യ ശക്തമായി ഉന്നയിച്ചു. എന്നാല്‍ മുന്നണിയിലെടുക്കുന്നതിന് ഘടക കക്ഷികളാണ് എതിരെന്നാണ് സി പി എം മറുപടി നല്‍കി. പി എം എ സലാമിന്റെ നേതൃത്വത്തില്‍ ഐ എന്‍ എല്‍ നേതാക്കള്‍ ഘടക കക്ഷികളെ കണ്ടു. ആദ്യ ചെറിയ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന സി പി ഐ പോലും അവസാനം മുന്നണിയിലെടുക്കാന്‍ സമ്മതം നല്‍കി. ഒടുവില്‍ മുന്നണിയിലെടുക്കുന്നത് പിന്നീട് തീരുമാനിക്കാം എന്ന് സി പി എം പറഞ്ഞതോടെ ഐ എന്‍ എല്‍ അടിയന്തിര യോഗം കോഴിക്കോട് വിളിച്ച് ചേര്‍ക്കുകയായിരുന്നു.
യോഗത്തില്‍ ഇടതു മുന്നണിയുമായുള്ള ബന്ധം വിച്ഛേദിക്കണമെന്ന് പി എം എ സലാമിന്റെ നേതൃത്വത്തില്‍ ഒരു സംഘവും കുറച്ചു കാലംകൂടി നമുക്ക് ക്ഷമിക്കാം എന്ന് പറഞ്ഞ് അഹ്മദ് ദേവര്‍കോവിലിന്റെ നേതൃത്വത്തില്‍ ഒരു സംഘവും ശക്തമായ തര്‍ക്കം നടന്നു. ഒടുവില്‍ ഭൂരിപക്ഷത്തിന്റെ അഭിപ്രായമനുസരിച്ച് തദ്ദേശ തിരഞ്ഞെടുപ്പില്‍ യു ഡി എഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.
സേട്ടു സാഹിബിന്റെ ആദര്‍ശങ്ങള്‍ കാറ്റില്‍ പറത്തി യു ഡി എഫുമായി സഹകരിക്കാനുള്ള ഐ എല്‍ എല്ലിന്റെ തീരുമാനം അംഗീകരിക്കാനാവാതെ ഐ എന്‍ എല്ലില്‍ നിന്ന് ഒരു വിഭാഗം എല്‍ ഡി എഫിന്റെ കൂടെ തന്നെ നിന്ന് ഐ എന്‍ എല്‍ സെക്കുലര്‍ ഫോറം രൂപവത്‌കരിച്ചു. ഇതോടെ ഐ എന്‍ എല്ലിന്റെ ആദ്യ പിളര്‍പ്പ് നടന്നു. സെക്കുലര്‍ പിന്നീട് പി ടി എ റഹീമിന്റെ നേതൃത്വത്തില്‍ രൂപവത്‌കരിച്ച നാഷണല്‍ സെക്കുലര്‍ ഫോറത്തില്‍ ചേര്‍ന്നു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ യു ഡി എഫുമായി സഹകരിക്കുന്നതിന് പകരം ഐ എന്‍ എല്‍ മുസ്‌ലിം ലീഗുമായി സഹകരിക്കുന്ന നിലപാടാണ് കണ്ടത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഐ എന്‍ എല്ലിന് യു ഡി എഫ് സീറ്റ് ന്‍കുന്നതിന് പകരം മുസ്‌ലിം ലീഗിന്റെ സീറ്റുകളാണ് നല്‍കിയിരുന്നത്. ഐ എന്‍ എല്ലിന്റെ വിഷയങ്ങളില്‍ നിന്നെല്ലാം പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയും കെ പി സി പ്രസിഡന്റ് ചെന്നിത്തലയും മാറി നിന്നു. എല്ലാം തീരുമാനങ്ങളും ലീഗിന് വിടുകയായിരുന്നു. പി എം എ സലാമിന്റെ നാടായ തിരൂരങ്ങാടിയിലടക്കം ഐ എന്‍ എല്ലിന്റെ പല സീറ്റുകളിലും മത്സരിച്ചിരുന്നത് ലീഗ് സ്ഥാനാര്‍ഥികളായിരുന്നു.
എന്ത് വിലകൊടുത്തും ഐ എന്‍ എല്ലിനെ മുസ്‌ലിം ലീഗിലെത്തിക്കുകയന്നതായിരുന്നു ലിഗിന്റെ തന്ത്രം. പി എം എ സലാമിന് സംസ്ഥാന ഭാരവാഹിത്വവും മന്ത്രി സ്ഥാനവും എന്‍ എ നെല്ലിക്കുന്നിന് എം എല്‍ എ സ്ഥാനമോ ജില്ലാ ഭാരവാഹിത്വമോ നല്‍കാമെന്നും സിറാജ് സേട്ടിനെ മുസ്‌ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റാക്കാമെന്നുമുള്ള വലിയ ഓഫറുകളാണ് ലീഗ് സമ്മാനിച്ചത്. മാണി- ജോസഫ് ലയനത്തിന് ശേഷം യു ഡി എഫിലെ രണ്ടാം കക്ഷി ആര് എന്ന ചര്‍ച്ച സജിവമായിരിക്കുകയാണ്. ഇത് നേരിടാന്‍ ലീഗ് വിഷമിക്കുമ്പോഴാണ് ഐ എന്‍ എല്ലിനെ വീണ് കിട്ടിയത്. പിന്നെ ഒന്നും ആലോചിച്ചില്ല. ഐ എന്‍ എല്ലിനെ പിളര്‍ത്തിയായാലും ശരി ഒരു വിഭാഗത്തെ തങ്ങളോടൊപ്പം നിലനിര്‍ത്തി തങ്ങളുടെ ഇരിപ്പിടം സുരക്ഷിതമാക്കാനാണ് മുസ്‌ലിം ലീഗ് ശ്രമിച്ചത്.
(published kasarkode vartha, print edition- 29/01/2011 )
--------------------------------------------------------------------------------------------------------------------------
10 രൂപക്ക് പുസ്‌തകകിറ്റൊരുക്കി ഇസ്‌മാഈല്‍ ശ്രദ്ധേയനാകുന്നു
കുട്ടികള്‍ക്കായി സൗജന്യ ഇന്‍ലന്റ് മാഗസിന്‍
കുട്ടികള്‍ക്കായി 10 രൂപക്ക് 10 കുഞ്ഞു പസ്‌തകങ്ങളും ഇന്‍ലന്റ് മാഗസിനുമിറക്കി വട്ടോളി ഇസ്‌മാഈല്‍ ശ്രദ്ധേയനാകുന്നു. തങ്ങുടെ മറ്റു പ്രവര്‍ത്തനങ്ങള്‍ക്കൊന്നും ഭംഗം വരുത്താതെ തന്റെ മുമ്പിലെത്തുന്ന കുരുന്നുകള്‍ക്ക് വാത്സല്യം നല്‍കുന്ന വട്ടോളി ഇസ്‌മാഈല്‍ കുരുന്നുകള്‍ക്ക് കുഞ്ഞന്‍ മാസികയും കുഞ്ഞന്‍ പുസ്‌തകങ്ങളും നല്‍കി വിരുന്നൂട്ടുകയാണ്. കുട്ടികള്‍ക്ക് എഴുതി തുടങ്ങുന്നതിനും അവരുടെ സര്‍ഗാത്മക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള വേദിയായി മാറിയിരിക്കുകയാണ് ഇസ്‌മാഈലിന്റെ ഈ പ്രവര്‍ത്തനം. സ്വന്തമായി ഒരു പ്രസിദ്ധീകരണ വിഭാഗമുണ്ടാക്കി അതിന്റെ പ്രവര്‍ത്തകനും പ്രചാരകനും എല്ലാം ഒരാള്‍ തന്നെ. ഇസ്‌മാഈലിന്റെ ഓരോ പ്രവര്‍ത്തനങ്ങളും മറ്റുള്ളവരില്‍ നിന്നും അദ്ദേഹത്തെ വ്യത്യസ്‌തനാക്കുന്നു. 10 രൂപക്ക് സ്‌നേഹതീരം പബ്ലിക്കേഷന്‍സ് പുറത്തിറക്കുന്ന ഒരു പുസ്‌തക കിറ്റാണ് അദ്ദേഹം വിതരണം ചെയ്യുന്നത്. ഇതില്‍ 10 പുസ്‌തകങ്ങളുണ്ടെന്ന് അറിയുമ്പോഴാണ് അതില്‍ കൗതുകം. ഓരോ പുസ്‌തകവും വളരെ വ്യത്യസ്‌തവും ഹൃസ്വവുമാണ്. ഈ പോക്കറ്റ് പുസ്‌തകങ്ങള്‍ക്കോരോന്നിനും 10 പേജുകളുണ്ട്. കുട്ടിപ്പാട്ടുകള്‍, കുസൃതികണക്കുകള്‍, കേരളാ ക്വിസ്, ഇന്ത്യ ക്വിസ്, വേള്‍ഡ് ക്വിസ്, രാജ്യങ്ങളും തലസ്ഥാനങ്ങളും, കുസൃതി ചോദ്യങ്ങള്‍, നൂറ്റൊന്ന് കടങ്കഥകള്‍, നൂറ്റൊന്ന് പഴഞ്ചൊല്ലുകള്‍, നാടന്‍ പാട്ടുകള്‍ എന്നിവയാണവ. പുസ്‌തകങ്ങള്‍ വളരെ ചെറുതാണെങ്കിലും എല്ലാം മഹത്വമേറിയതാണ്. സ്‌കൂളുകളിലും കുട്ടികള്‍ വരുന്ന മറ്റു പൊതു സ്ഥലങ്ങളിലും എല്ലാവര്‍ക്കും തന്റെ ഇല്ലെന്റ് മാഗസിന്‍ സൗജന്യമായി നല്‍കുകയും സ്‌നോഹതീരം പുസ്‌തക കിറ്റ് വിതരണംചെയ്യുന്നതും ഇസ്‌മാഈലിന് ഹോബിയാണ്. ഇതിനകം ഒരു കോടിയിലധികം കുഞ്ഞു പുസ്‌കങ്ങള്‍ വിതരണം ചെയ്‌തിട്ടുണ്ട്. പുസ്‌തകത്തിന്റെ എല്ലാ പണികളും ചെയ്യുന്നത് ഇസ്‌മാഈലാണ്. 2003ലാണ് സ്‌നേഹതീരം പബ്ലിക്കേഷന്‍ ആരംഭിക്കുന്നത്. നൂറ്റൊന്ന് പഴഞ്ചൊല്ലുകളെന്ന കുഞ്ഞു പുസ്‌തകമാണ് ആദ്യമായിറക്കിയത്.
2002 സെപ്‌തംബറിലാണ് വിദ്യാര്‍ഥികള്‍ക്കായി എല്ലാമാസവും ഇന്‍ലന്റ് മാഗസിന്‍ ആരംഭിച്ചത്. കുട്ടികളും ചെറിയ ചെറിയ കവിതകളും കഥകളും അവരുടെ സര്‍ഗാത്മകമായ മറ്റു കഴികളും പ്രകടിപ്പിക്കാനുള്ള അവസരമായിട്ടാണ് കുട്ടികള്‍ ഇതിനെ കാണുന്നത്. എല്ലാ മാസവും 2000 കോപ്പികളാണ് ഇറക്കുന്നത്. സൗജന്യമായിട്ടാണ് ഇസ്‌മാഈല്‍ ഇത് വിതരണം ചെയ്യുന്നത്. 1000 ഓളം രൂപ എല്ലാ മാസവും ഇതിന്റെ ചെലവിനായി ഇസ്‌മാഈല്‍ മാറ്റിവെക്കുന്നുണ്ട്. സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലെ വിദ്യാര്‍ഥികളും ഇന്ന് ഇസ്‌മാഈലിന്റെ വായനക്കാരാണ്.
നുറുങ്ങുകളടങ്ങിയ ഈ കുഞ്ഞുപുസ്‌തകം ചില മുതിര്‍ന്നവരും മുറതെറ്റാതെ വായിക്കുന്നവരുണ്ട്. ഇതിനകം 87 ലക്കങ്ങള്‍ ഇറങ്ങിക്കഴിഞ്ഞു. 25 ലക്കങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ സ്‌നേഹതീരം സ്‌പെഷല്‍ പതിപ്പ് പുറത്തിറക്കും. 2008, 2009 ഡിസംബര്‍ മാസത്തില്‍ വിദ്യാര്‍ഥികളുടെ ഗാനവിരുന്ന് സ്‌നേഹതീരത്തിന്റെ പേരില്‍ ഇസ്‌മാഈല്‍ സംഘടിപ്പിച്ചിരുന്നു. 2012 ജനുവരിയില്‍ സ്‌നേഹതീരം നൂറാം ലക്കം സ്‌പെഷല്‍ പതിപ്പും കുട്ടികളുടെ കലാപരിപാടിയും സംഘടിപ്പിക്കാനൊരുങ്ങുകയാണ്.
കുട്ടികളോടുള്ള സ്‌നേഹമാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തനവുമായി മുന്നോട്ടുപോകാന്‍ ഇസ്‌മാഈലിനുള്ള പ്രചോദനം. കുട്ടികള്‍ക്ക് അവരുടെ കഥകളും കവിതകളും അച്ചടിച്ചുവരുമ്പോഴുണ്ടാകുന്ന സന്തോഷമാണ് സാമ്പത്തിക നഷ്ടം നോക്കാതെ തന്നെ ഇതിന് പ്രേരിപ്പിക്കുന്നതെന്ന് അദ്ദേഹം സിറാജിനോട് പറഞ്ഞു. കോഴിക്കോട് വട്ടോളി ബസാറിനടുത്ത പരേതനായ മുണ്ടിക്കുളങ്ങര മൂസക്കുട്ടി- നഫീസ ദമ്പതികളുടെ മകനാണ് ഇസ്‌മാഈല്‍. ശാനിബ ഭാര്യയും റാഹില, റാജിയ, റാംസിം മുഹമ്മദ്, ആദില്‍, അദ്‌നാന്‍ എന്നിവര്‍ മക്കളുമാണ്.
(PUBLISHED BY SIRAJ DAILY 12/12/2010)



