മിന്‍ശാദ് അഹ്‌മദ്
പാലക്കാട്: കാഞ്ചിക്കോട്ടെ പെപ്‌സി കമ്പനി വിനിയോഗിക്കുന്ന ഭൂഗര്‍ഭജലത്തിന്റെ അളവ് സംബന്ധിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കുന്നത് വരെ ജലം ഊറ്റാനുള്ള ഹൈക്കോടതിയുടെ ഉത്തരവില്‍ പ്രദേശവാസികള്‍ക്ക് ആശങ്ക. ഉത്തരവിനെ മറയാക്കി കമ്പനി നിര്‍ബാധം ജലചൂഷണം തുടരുമെന്നാണ് നാട്ടുകാര്‍ ഭയപ്പെടുന്നത്. ഭൂഗര്‍ഭജലത്തെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ വിദഗ്‌ധ സമിതിയെ നിയോഗിക്കണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. പ്രദേശവാസികള്‍ കുടിവെള്ളത്തിനായി കേഴുമ്പോഴാണ് കമ്പനിയുടെ ജലചൂഷണം നടക്കുന്നത്. 2000-ല്‍ സ്ഥാപിച്ച പെപ്‌സികോ ഇന്ത്യ ഹോള്‍ഡിംഗ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ആറ് ലക്ഷത്തോളം ലിറ്റര്‍ ഭൂഗര്‍ഭജലം ദിവസേനെ ഊറ്റുന്നുവെന്നാണ് പറയുന്നത്. കമ്പനിയുടെ അകത്തേക്ക് ആര്‍ക്കും പ്രവേശനമില്ലാത്തതിനാല്‍ എത്രത്തോളം ഭൂഗര്‍ഭജലം ഊറ്റുന്നുണ്ടെന്നുള്ള കണക്ക് വ്യക്തമല്ല. വലിയ ഒമ്പതോളം കുഴല്‍ കിണറുകളില്‍ നിന്ന് ദിനം പ്രതി 10 ലക്ഷത്തോളം ലിറ്റര്‍ ഭൂഗര്‍ഭ ജലം ഊറ്റുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
വി എസ് സര്‍ക്കാര്‍ കമ്പനിക്ക് ഊറ്റിയെടുക്കാവുന്ന ഭൂഗര്‍ഭജലത്തിന്റെ അളവ് ദിവസേന 2.34 ലക്ഷം ലിറ്ററായി പരിമിതപ്പെടുത്തിയതിനെതിരെ പെപ്‌സികോ കമ്പനി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. കമ്പനിക്ക് നോട്ടീസ് നല്‍കിയ ശേഷം സമഗ്ര പഠനം നടത്തി മൂന്നു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം. അതുവരെ വ്യവസ്‌ഥകള്‍ക്കു വിധേയമായി ദിനംപ്രതി ആറുലക്ഷം ലീറ്റര്‍വരെ വെള്ളമൂറ്റുന്ന സ്ഥിതി തുടരാനും കോടതി നിര്‍ദേശിച്ചു. ഭൂഗര്‍ഭജലത്തിന്റെ ലഭ്യത, ഊറ്റിയെടുക്കാവുന്ന ജലത്തിന്റെ പരമാവധി പരിധി എന്നിവയെക്കുറിച്ചു പഠിക്കണം. ഇതുവരെ ലഭ്യമായ വിവരങ്ങളും പരിശോധിക്കണം. പരിശോധനാ സമയത്തു പ്രസക്‌തമായ മറ്റു വിവരങ്ങളുണ്ടെങ്കില്‍ അവയും സമിതിയുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും കോടതി വ്യക്‌തമാക്കി.
പെപ്‌സി കമ്പനിയുടെ ജല ചൂഷണത്തിനെതിരെ നാട്ടുകാര്‍ ശക്തമായി രംഗത്ത് വന്നതിനെ തുടര്‍ന്ന് 2003 ല്‍ പുതുശ്ശേരി ഗ്രാമപഞ്ചായത്ത് കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കിയിരുന്നു. എന്നാല്‍ ലൈസന്‍സ് പുതുക്കി നല്‍കാന്‍ കമ്പനി കോടതിയില്‍ പോയി. കോടതിയില്‍ നിന്ന് കമ്പനിക്ക് അനുകൂലമായ വിധിയുമുണ്ടായി. 2006ല്‍ ലൈസന്‍സിന്റെ കാലാവധി അവസാനിച്ചപ്പോള്‍ പുതുക്കി നല്‍കാന്‍ പഞ്ചായത്ത് വിസമ്മതിച്ചു. തുടര്‍ന്ന് ലൈസന്‍സ് പുതുക്കാനായി കമ്പനി സുപ്രീംകോടതിയിലേക്ക് പോയി. 2007 ല്‍ കേരളത്തിലെ വിദഗ്‌ധ സംഘം പഠനം നടത്തി അനുവദനീയമായതിലും 48.5 ശതമാനം വെള്ളം കൂടുതല്‍ ഊറ്റുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. അതിനാല്‍ ഭൂഗര്‍ഭ ജലം ഊറ്റുന്നതിന് നിയന്ത്രണം ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. റിപ്പോര്‍ട്ടുകള്‍ നടപ്പാക്കുന്നതിനെതിരെ കോടതികളില്‍ നിന്നും താത്‌ക്കാലിക ഉത്തരവുകള്‍ നേടി കമ്പനി പ്രവര്‍ത്തനം തുടരുകയായിരുന്നു. ആരോഗ്യവകുപ്പ് നടത്തിയ വിദഗ്‌ധ പഠനത്തില്‍ പ്രദേശത്തെ കിണറുകളില്‍ ഫ്‌ളൂറൈഡിന്റെ അംശം അളവില്‍ കൂടുതലുള്ളതായി ചൂണ്ടികാട്ടിയിരുന്നു. ഇപ്പോള്‍ മലമ്പുഴ ഡാമിലെ വെള്ളം പമ്പ് ചെയ്‌താണ് സമീപ പ്രദേശങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്യുന്നത്. ഇനിയൊരു പഠനം നടത്തി അതിന്റെ റിപ്പോര്‍ട്ട് വരുന്നത് വരെ കമ്പനിക്ക് വെള്ളമൂറ്റാനുള്ള അനുമതിയ നല്‍കിയതിനെതിരെ ശക്തമായ പ്രക്ഷേപം നടത്താനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.
![]() |
| SIRAD DAILY- 25/05/2011........ PAGE 12 |

കേഴുക മാത്രമല്ലാതെ എന്തു ചെയ്യാൻ? കോടതി പോലും...അതും ദാഹജലത്തിന്..
ReplyDelete