Monday, August 8, 2011

റമസാന്‍: പാപമോചനത്തിന്റെ നാളുകള്‍

വിശുദ്ധമായ റമസാന്‍ മാസം അല്ലാഹു നല്‍കിയ അനുഗ്രഹത്തിന്റെ മാസമാണ്. പാപമോചനം തേടിയും കൂടുതല്‍ ആരാധനകള്‍ ചെയ്തും ആത്മീയമായ പുരോഗതി നേടാന്‍ വിശ്വാസികള്‍ക്ക് റമസാന്‍ അവസരമൊരുക്കുന്നു. ഈ പുണ്യമാസത്തിലെ ഓരോ നിമിഷവും വിലപ്പെട്ടതാണ്. ഐഛീക ആരാധനകള്‍ക്ക് (സുന്നത്ത്) നിര്‍ബന്ധ ആരാധനകളുടെ (ഫര്‍ള്) കൂലിയും നിര്‍ബന്ധ ആരാധനകള്‍ക്ക് എഴുപതിലധികം മടങ്ങ്‌ പ്രതിഫലവും ലഭിക്കുന്ന റമസാന്‍ മാസത്തെ ഗൗരവത്തോടെ കാണാന്‍ വിശ്വാസികള്‍ക്കാവണം. ഓരോ ദിവസങ്ങളും കൂടുതല്‍ കൂടുതല്‍ നന്മകള്‍ ചെയ്ത് അല്ലാഹുവിന്റെ പ്രീതി നേടാനാണ് വിശ്വാസികള്‍ ശ്രമിക്കേണ്ടത്.
ആരാധനകള്‍ക്ക് മുന്‍പത്തേക്കാള്‍ ആവേശം കണ്ടുവരുന്ന കാലമാണിത്. കഴിഞ്ഞ് പോയ കാലത്തെ തെറ്റുകള്‍ അല്ലാഹുവിനോട് ഏറ്റുപറഞ്ഞ് പലരും ആരാധനകള്‍ ആരംഭിക്കുന്ന പുണ്യമാസമാണ്‌ റമസാന്‍. അള്ളാഹുവിന്റെ അനുഗ്രഹത്തിന്റെ കവാടങ്ങള്‍ വിശ്വാസികള്‍ക്കായി തുറന്നിട്ടിരിക്കുന്ന കാലം. ഈമാസത്തില്‍ തെറ്റുകളില്‍ നിന്ന് മോചനം തേടാന്‍ വിശ്വാസികള്‍ക്കാവണം.
വിശുദ്ധ ഖുര്‍ആന്‍ ജ്ഞാനത്തിന്റെ അക്ഷയ ഖനിയാണ്. അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ) യുടെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ്. ഖുര്‍ആനിലെ ഒരു അക്ഷരം ഈ വിശുദ്ധമാസത്തില്‍ പാരായണം ചെയ്താല്‍ 10 പ്രതിഫലം നബി (സ) വാഗ്ദാനം ചെയ്തിട്ടുണ്ട്. അതിനാല്‍ ഈമാസത്തില്‍ വിശ്വാസികള്‍ ഖുര്‍ആര്‍ പാരായണത്തില്‍ മുഴുകുന്നു. ഖുര്‍ആനിന്റെ വാര്‍ഷികം കൂടിയായ ഈമാസത്തില്‍ ഖുആന്‍ പഠന ക്ലാസുകളും ഖുര്‍ആനിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന വിവിധ പരിപാടികളും നാടുനീളെ സംഘടിപ്പിക്കുന്നു. എന്നാല്‍ വിശുദ്ധ റമസാനില്‍ വിശ്വാസികള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് ഖുര്‍ആന്‍ പാരായണത്തിനാണ്‌.
അല്ലാഹു ബഹുമാനിച്ചതും ആദരിച്ചതുമായ വ്യക്തികളേയും വസ്തുക്കളേയും ബഹുമാനിക്കലും ആദരിക്കലും വിശ്വാസികള്‍ക്ക് നിര്‍ബന്ധമാണ്. മതത്തിന്റെ അംഗീകൃത അടയാളങ്ങളെ ബഹുമാനിക്കല്‍ വിശ്വാസത്തിന്റെ ഭാഗമാണ്. വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്. വിശുദ്ധ റമസാന്‍ മാസത്തില്‍ വിശ്വാസികള്‍ ഈവിഷയത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നു. ഖുര്‍ആന്‍, പള്ളികള്‍, മദ്‌റസകള്‍, മതപണ്ഡിതര്‍ എന്നിങ്ങനെ അല്ലാഹു ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്ത ഒന്നിനേയും വിശ്വാസികള്‍ നിന്ദിച്ചു കൂടാ.
നമ്മുടെ നാടുകളിലെ പള്ളികള്‍ ഈ വിശുദ്ധമാസത്തില്‍ വിശ്വാസികളെക്കൊണ്ട് നിറഞ്ഞ് കവിയുന്നത് പതിവാണ്‌.അല്ലാഹുവിന്റെ കല്‍പ്പനകളേയും അല്ലാഹു വിലക്കിയതിനേയും വേണ്ടവിധം കൈകാര്യം ചെയ്യുന്നവനാണ് യഥാര്‍ത്ഥ വിശ്വാസി. നമ്മുടെ ചുറ്റുപാടുമുള്ള സാഹചര്യം തെറ്റിലേക്ക് മാടി വിളിക്കുമ്പോള്‍ അതില്‍ നിന്ന് മാറി നില്‍ക്കാന്‍ വിശ്വാസികള്‍ക്ക് അവസരം നല്‍കുന്ന മാസമാണ്‌ വിശുദ്ധറമസാന്‍.

No comments:

Post a Comment