
രണ്ടുകാലില്‍ നേരാവണ്ണം എണീറ്റു നില്‍ക്കാനാവാത്ത ഉമ്മന്‍ചാണ്ടിസര്‍ക്കാരിനെ പാമൊയില്‍ കേസില്‍ തുടരന്വേഷണത്തിനുള്ള ഉത്തരവ് കൂടുതല്‍ പ്രതിസന്ധിയിലാക്കും. പാമൊയിലില്‍ തെന്നിവീണത് പ്രമുഖ നോതാക്കന്‍മാരാണ്. കെ കരുണാകരന്‍ മുതല്‍ ഒടുവില്‍ വീഴ്ത്തിയത് ചീഫ് വിജിലന്‍സ് കമ്മീഷണറായിരുന്ന പി.ജെ തോമസിനെയാണ്. ഇപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നേരെ വാളോങ്ങി നില്‍ക്കുന്നു.
ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ കൂടുതല്‍ പേരെ പ്രതിചേര്‍ക്കാന്‍ തെളിവില്ലെന്നു വിശദീകരിച്ച് വിജിലന്‍സ് ഹാജരാക്കിയ തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളിയാണ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയുടെ ഉത്തരവ്. മൂന്നു മാസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും പ്രത്യേക ജഡ്ജി പി കെ ഹനീഫ നിര്‍ദേശിച്ചു.
1991- 92 കാലത്താണ് വിവാദമായ പാമൊലിന്‍ ഇടപാട്. പവര്‍ ആന്‍ഡ് എനര്‍ജി കോര്‍പറേഷനില്‍ നിന്ന് 15,000 ടണ്‍ പാമൊലിന്‍ ഇറക്കുമതി ചെയ്തിരുന്നു കേരള സര്‍ക്കാര്‍. സ്റ്റേറ്റ് ട്രേഡിംഗ് കോര്‍പറേഷന്റെ മാനദണ്ഡങ്ങള്‍ ലംഘിച്ച് അന്താരാഷ്ട്ര വിലയേക്കാള്‍ കൂടുതല്‍ നിരക്കിന് പാമോയില്‍ ഇറക്കുമതി ചെയ്തുവെന്നായിരുന്നു കേസ്. അന്താരാഷ്ട്ര വിപണിയില്‍ ഒടു ടണ്‍ പാമൊയിലിന് 392.25 ഡോളര്‍ മാത്രം വിലയുണ്ടായിരുന്നപ്പോള്‍ 405 ഡോളര്‍ നിരക്കില്‍ ഇറക്കുമതി ചെയ്തുവെന്നും ഈ ഇടപാടില്‍ പൊതുഖജനാവിന് 2.32 കോടി രൂപ നഷ്ടം സംഭവിച്ചതായും കുറ്റപത്രത്തില്‍ ചൂണ്ടികാട്ടുന്നു. കെ. കരുണാകരനെ ലക്ഷ്യം വച്ചാണു പ്രതിപക്ഷം അന്ന് ആക്രമണം തുടങ്ങിയത്. 1997ല്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തു. കെ. കരുണാകരനായിരുന്നു ഒന്നാം പ്രതി. അദ്ദേഹം സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. ആറു വര്‍ഷത്തിനു ശേഷമാണു വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. അതില്‍ 23ാം സാക്ഷിയായിരുന്നു ധനകാര്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി. മന്ത്രിസഭാ യോഗത്തില്‍ പ്രത്യേക അജന്‍ഡയായി പാമോയില്‍ ഇറക്കുമതി വിഷയം ചര്‍ച്ചയ്‌ക്കെടുത്തതും ഒരു മാസത്തിലധികം ഈ ഫയല്‍ ധനവകുപ്പിലായിരുന്നുവെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉമ്മന്‍ ചാണ്ടിയെ സാക്ഷിയാക്കിയത്.
2005ല്‍ അധികാരത്തിലെത്തിയ യു.ഡി.എഫ് സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചു. പിന്നീട് വന്ന ഇടതു സര്‍ക്കാര്‍ കേസ് റദ്ദാക്കി. ഇതിനെ ചോദ്യം ചെയ്തു കരുണാകരന്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഹര്‍ജി നല്‍കി. അദ്ദേഹം അന്തരിച്ച ശേഷം 2011ല്‍ കേസ് വിജിലന്‍സ് കോടതിയില്‍ വിചാരണയ്ക്കു വന്നു. മുന്‍ ഭക്ഷ്യമന്ത്രി ടി.എച്ച്. മുസ്തഫയും സകറിയാ മാത്യുവും ഉള്‍പ്പെടെ എല്ലാ പ്രതികളും തുടര്‍ന്ന് ഒഴിവാക്കല്‍ ഹര്‍ജി നല്‍കി. മുസ്തഫയുടെ ഹര്‍ജിയില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് പരാമര്‍ശിച്ചതിനെച്ചൊല്ലി വിവാദങ്ങളുണ്ടായി. തുടര്‍ന്നു കേസില്‍ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് തുടരന്വേഷണം നടത്തണമെന്നു സര്‍ക്കാരിനു വേണ്ടി ഹാജരായ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി.എ. അഹമ്മദ് 2011 ഫെബ്രുവരി 26ന് ഹര്‍ജി നല്‍കി. മാര്‍ച്ച് 14ന് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി തുടരന്വേഷണം നടത്താന്‍ നിര്‍ദേശിച്ചു. തുടരന്വേഷണ റിപ്പോര്‍ട്ട് മെയ് 13നു നല്‍കി. അന്ന് ഇടതു സര്‍ക്കാരായിരുന്നു അധികാരത്തില്‍. പുതുതായി ആരെയും പ്രതിചേര്‍ക്കാന്‍ തെളിവില്ലെന്ന റിപ്പോര്‍ട്ടാണ് അന്വേഷണോദ്യോഗസ്ഥന്‍ നല്‍കിയത്. ഈ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ തള്ളിയത്.
പാമൊലിന്‍ ഇടപാടുമായി ബന്ധപ്പെട്ട എല്ലാ കാര്യവും തനിക്ക് അറിയാമെന്ന് 2005 ജനുവരി 19നു ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതാണ് കേസിന് വഴിത്തിരിവായത്. പാമൊലിന്‍ ഇറക്കുമതി സംബന്ധിച്ച എല്ലാ കാര്യവും അന്ന് ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ അറിവോടെയാണ് നടന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. പാമൊലിന്‍ ഇറക്കുമതിക്കാര്യം മന്ത്രിസഭാ യോഗത്തിന്റെ അജന്‍ഡയ്ക്കു പുറത്ത് പ്രത്യേക വിഷയമായി കൊണ്ടുവരണമെന്ന അന്നത്തെ ഭക്ഷ്യമന്ത്രി ടി എച്ച് മുസ്തഫയുടെ നിര്‍ദേശം ധനമന്ത്രിയും അംഗീകരിച്ച് ഒപ്പുവച്ചു. ഇറക്കുമതിയെ കുറിച്ച് തനിക്ക് അറിവില്ലായിരുന്നെന്ന ഉമ്മന്‍ചാണ്ടിയുടെ വാദം അംഗീകരിക്കാനാകില്ല. ഫയല്‍ ഒന്നരമാസം ധനമന്ത്രിയുടെ ഓഫീസിലുണ്ടായിരുന്നു. 15 ശതമാനം കമീഷന്‍ നല്‍കണമെന്ന വ്യവസ്ഥ ഉമ്മന്‍ചാണ്ടിക്കും അറിവുള്ളതായിരുന്നു. തുടങ്ങിയവയാണ് ഉമ്മന്‍ചാണ്ടിയുടെ പങ്കിനെ കുറിച്ച് പ്രധാനമായും കോടതിപറയുന്നത്.
കേസില്‍ മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് ന്‌ലകാനാണ് കോടതി പറഞ്ഞിരിക്കുന്നത്. ഈ റിപ്പോര്‍ട്ട് ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായി വന്നാല്‍ തന്നെ അന്വേഷണത്തിലെ വിശ്വാസതയെ ചോദ്യം ചെയ്യപ്പെടും. വരും ദിവസങ്ങളില്‍ യു.ഡി.എഫില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും ഉമ്മന്‍ചാണ്ടിക്ക് ലഭിക്കുന്ന പിന്തുണയെ ആശ്രയിച്ചാവും അദ്ദേഹത്തിന്റെ ഭാവി. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല അദ്ദേഹത്തിന് പൂര്‍ണ പിന്തുണ നല്‍കിയിട്ടുണ്ടെങ്കിലും ഗ്രൂപ്പ് പോര് ശക്തമായ കോണ്‍ഗ്രസില്‍ ഇനി എന്തെല്ലാമാണ് നടക്കുന്നതെന്ന് കാത്തിരുന്ന് കാണാം.
No comments:
Post a Comment