Tuesday, December 13, 2011

മാണിയുടെ ഭീഷണി ഏറ്റെടുക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിയുമോ?

ഭരണം നഷ്ടമായാലും മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ നടത്തുന്ന സമരത്തില്‍ നിന്ന് പിറകോട്ടില്ലെന്നാണ് മന്ത്രി കെഎം മാണിയുടെ നിലപാട്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ 10 ദിവസത്തിനകം തീരുമാനമെടുത്തില്ലെങ്കില്‍ സമരസ്വഭാവം മാറുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. മുല്ലപ്പെരിയാര്‍ വിഷശയത്തില്‍ ഏറ്റവും കൂടുതല്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ കഴിയുക മാണിയുടെ പാര്‍ട്ടിയ്ക്ക് തന്നെയാണ്. അതിനാല്‍ അത് പരമാവധി പ്രയോജനപ്പെടുത്താന്‍ തന്നെയാണ് കേരള കോണ്‍ഗ്രസിന്റെ തീരുമാനവും.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഒളിഞ്ഞും മറിഞ്ഞും കോണ്‍ഗ്രസിനെതിരെ കുത്തുന്ന മാണി ഗ്രൂപ്പിന് ഇടതു മുന്നണി വാതില്‍ തുറന്നിട്ടിരിക്കുകയാണ്. അതിനാല്‍ മാണിയുടെ മുന്നറയിപ്പ് കേവലം രാഷ്ട്രീയക്കാരന്റെ സംസാരമായി തള്ളിവിടാനാവില്ല. കേന്ദ്ര സര്‍ക്കാര്‍ യുക്തമായ തീരുമാനം എടുത്തില്ലെങ്കില്‍ തന്റെ എംഎല്‍എമാരെയും എംപി മാരെയും രാജിവെപ്പിക്കാനുള്ള നീക്കം നടക്കുന്നതായും സൂചനയുണ്ട്. കേന്ദ്രത്തല്‍ ഒരു പക്ഷെ ഇതു വലിയ ക്ഷീണം സംഭവച്ചേക്കില്ല. എന്നാല്‍ കേരളത്തില്‍ ഇതോടെ ഉമ്മന്‍ചാണ്ടി സര്‍ക്കാറിന് അന്ത്യമാകും. മാണിഗ്രൂപ്പിലെ മന്ത്രി പിജെ ജോസഫ് കഴിഞ്ഞ ദിവസം എല്‍ഡിഎഫ് തീര്‍ത്ത മനുഷ്യമതിലില്‍ സംബന്ധിച്ച് എല്‍ഡിഎഫിലേക്കു പോകുന്നതിനുള്ള സൂചനകള്‍ നല്‍കിക്കഴിഞ്ഞു. മോന്‍ജോസഫിനേയും കൂട്ടി എംഎല്‍എ സ്ഥാനം രാജിവെയ്ക്കാതെ തന്നെ പിജെ ജോസഫ് എല്‍ഡിഎഫിലേക്കു ചേക്കാറാന്‍ ശ്രമിക്കുന്നതായും റിപോര്‍ട്ടുകളുണ്ട്.
എന്നാല്‍ കെഎം മാണിയുടെ ഭീഷണിയ്ക്ക് വഴങ്ങിക്കൊടുക്കരുതെന്ന് ആര്‍ ബാലകൃഷ്ണ പിള്ള കഴിഞ്ഞ ദിവസം പറഞ്ഞു. യുഡിഎഫിലെ മറ്റു ചില ഘടകകക്ഷികള്‍ക്കും ഈ അഭിപ്രായമാണുള്ളത്. മുസ്‌ലിം ലീഗ് തല്‍ക്കാലം മാണിക്കെതിരെ ഒന്നും സംസാരിക്കില്ല. കാരണം അഞ്ചാം മന്ത്രി പോക്കറ്റിലാകാതെ കമന്റ് അടിച്ചാല്‍ മാണി തിരിച്ച് കൊത്തിയാല്‍ സംഗതി നഷ്ടം ലീഗിനാണ്. മുല്ലപ്പെരിയാര്‍ വിഷയം ഉന്നയിച്ചു സമരത്തിനിറങ്ങിയാല്‍ ഇപ്പോള്‍ പാര്‍ട്ടിയ്ക്ക് ചെറിയ നഷ്ടം സംഭവിച്ചാലും ഭാവിയില്‍ അത് വലിയ ഗുണം ചെയ്യുമെന്നാണ് മാണിഗ്രൂപ്പിന്റെ വിലയിരുത്തല്‍. എല്‍ഡിഎഫിനോടു അനുഭാവം പുലര്‍ത്തുന്ന സമീപനങ്ങളാണ് മാണി ഗ്രൂപ്പ് സ്വീകരിച്ചുവരുന്നത്.
കല്ലിനും മുള്ളിനും ഏല്‍ക്കാതെ പ്രശ്‌നം പരിഹരിക്കുകയെന്നതാണ് ഉമ്മന്‍ചാണ്ടിയുടെ മുമ്പിലുള്ളത്. അതിനാല്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി കൃത്യമായ തീരുമാനങ്ങളും നടപടികളും എടുക്കേണ്ടതുണ്ട്. തന്റെ സര്‍ക്കാര്‍ തകരാതെ സൂക്ഷിക്കുകയെന്നത് അദ്ദേഹത്തിന്റെ ബാധ്യതയാണ്. പിറവം ഉപതിരഞ്ഞെടുപ്പും മുഖ്യമന്ത്രിയ്ക്ക് മുമ്പിലുള്ള മറ്റൊരു ഭീഷണിയാണ്.

അഞ്ചാം മന്ത്രി: കോണ്‍ഗ്രസിന് സമ്മതം; കാത്തിരിക്കാന്‍ നിര്‍ദേശം

മുസ്‌ലിം ലീഗിന്റെ അഞ്ചാം മന്ത്രിയെന്ന ആവശ്യത്തിന് ഒടുവില്‍ കോണ്‍ഗ്രസ് സമ്മതം മൂളി. പക്ഷെ, പിറവം തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ കാത്തിരിക്കണമെന്ന് മാത്രം. പിറവം തിരഞ്ഞെടുപ്പിന്റെ പ്രാരംഭ നടപടികള്‍ പോലൂം ആരംഭിക്കാത്ത സാഹജര്യത്തില്‍ മന്ത്രി സ്ഥാനം സ്വപ്നം കാണുന്ന മഞ്ഞളാംകുഴി അലിക്കും അനുയായികള്‍ക്കും ഇനിയും ഏറെ നാള്‍ കാത്തിരിക്കേണ്ടി വരും.
കഴിഞ്ഞ ദിവസം പാണക്കാട് ചേര്‍ന്ന ലീഗിന്റെ ഉന്നതരാഷ്ട്രീയകാര്യ സമമിതി ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്തിരുന്നു. ഇനിയും കുറച്ചു കാലം കൂടി കാത്തിരിക്കാനാണ് അവര്‍ അലിയ്ക്ക് നല്‍കിയ നിര്‍ദേശം. പിറവത്ത് യുഡിഎഫ് പരാജയപ്പെട്ടാല്‍ ഈ സ്വപ്നങ്ങള്‍ ഒരു പക്ഷെ അസ്ഥാനത്താകും. യുഡിഎഫ് പരാജയപ്പെടുകയും രാഷ്ട്രീയ അടിയൊഴുക്കുകള്‍ സംഭവിക്കുകയും ചെയ്താല്‍ പതിറ്റാണ്ടുകളായി മങ്കടക്കാര്‍ കാത്തിരുന്ന 'മന്ത്രി' ഇല്ലാതാകും.
മഞ്ഞളാംകുഴിയ്ക്ക് മന്ത്രി സ്ഥാനം ലഭിക്കാതെ നീട്ടികൊണ്ടുപോകുന്നത് അലി അനുകൂലികള്‍ക്കിടയില്‍ കടുത്ത അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്. ഒടുവില്‍ കഴിഞ്ഞ നിയമസഭാ സമ്മേളനത്തിന് ശേഷം അഞ്ചാം മന്ത്രി പ്രഖ്യാപനവും സത്യപ്രഖ്യാപനവും ഉണ്ടാകുമെന്നാണ് ലീഗ് നേതൃത്വം അറിയിച്ചിരുന്നത്. മുസ്‌ലിം ലീഗ് നേതാക്കള്‍ പത്രപ്രസ്താവനകള്‍ നടത്തുകയെന്നല്ലാതെ കാര്യമായി ഈ വിഷയത്തില്‍ ഇടപെടുന്നില്ലെന്നാണ് അലി അനുകൂലികള്‍ ആരോപിക്കുന്നത്. അതിനാലാണ് മുന്നണിയില്‍ നിര്‍ണായക ശക്തിയായിരുന്നിട്ടുപോലും ലീഗിന് അത് നേടിയെടുക്കാനാവാത്തത് എന്നാണ് ഇവര്‍ പറയുന്നത്.
കഴിഞ്ഞ വിഎസ് മന്ത്രിസഭയില്‍ അലിയ്ക്ക് മന്ത്രി സ്ഥാനം നല്‍കുമെന്ന സിപിഎമ്മിന്റെ വാഗ്ദാനം അവസാനം വരെ പാലിക്കാതെ വന്നപ്പോള്‍ എം എല്‍ എ സ്ഥാനം രാജിവെച്ച് മുസ്‌ലിം ലീഗിലേക്ക് ചേക്കേറിയ അലിക്ക് യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മന്ത്രിസ്ഥാനം നല്‍കുമെന്ന് വാഗാദാനം ചെയ്തിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലീഗിലെ ചില പ്രാദേശിക നേതാക്കളുടെ എതിര്‍പ്പിനെ തുര്‍ന്ന് മങ്കടയില്‍ നിന്നും അലിയെ പെരിന്തല്‍മണ്ണയിലേക്ക് മാറ്റി. കടുത്ത പോരാട്ടത്തിനൊടുവില്‍ സിപിഎമ്മിന്റെ കയ്യില്‍ നിന്നും പെരിന്തല്‍മണ്ണ അലി പിടിച്ചെടുത്തു. മണ്ഡലം പിടിച്ചു നല്‍കിയാല്‍ മന്ത്രിസ്ഥാനം നല്‍കാമെന്ന് അലിയ്ക്ക് ഉറപ്പ് നല്‍കിയിരുന്നു. അങ്ങനെയാണ് മന്ത്രിമാരെ പ്രഖ്യപിച്ചപ്പോള്‍ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ അഞ്ചാം മന്ത്രിയായി മഞ്ഞളാംകുഴി അലിയെ പ്രഖ്യപിച്ചത്. യുഡിഎഫ് മുസ്‌ലിം ലീഗിന് നാല് മന്ത്രിമാരെ നല്‍കിയപ്പോള്‍ യുഡിഎഫ് പോലും അറിയാതെ മുസ്‌ലിം ലീഗ് അഞ്ചാം മന്ത്രിയെ പ്രഖ്യാപിച്ചത് ഏറെ വിവാദമായിരുന്നു. തുടര്‍ന്ന് മാണി ഗ്രൂപ്പും വിലപേശി. ലീഗിന് ചീഫ് വിപ്പ് സ്ഥാനം നല്‍കാമെന്ന് അറിയിച്ചെങ്കിലും ലീഗ് തൃപ്തിപ്പെട്ടില്ല. ഒടുവില്‍ ചീഫ് വിപ്പ് സ്ഥാനം മാണിയ്ക്ക് ലഭിച്ചു. മന്ത്രി സ്ഥാനം എന്ന വാശിയില്‍ കടിച്ചു തൂങ്ങിയ ലീഗിന് ഇപ്പോഴും ഒന്നും ലഭിച്ചിട്ടില്ല. അലിയ്ക്ക് മന്ത്രി സ്ഥാനം നല്‍കാതെ നീട്ടി കൊണ്ടു പോകുന്നതിനെതിരെ മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ സിപിഎമ്മിന്റെ പാര്‍ട്ടി സമ്മേളനങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യുന്നതും അലിയുടെ മന്ത്രിസ്ഥാനമാണ്.
ഇനിയും നീട്ടികൊണ്ടുപോകാതെ മങ്കടക്കാരുടെ സ്വപ്നമായ മന്ത്രി സ്ഥാനം നല്‍കണമെന്നാണ് അലി അലി അനുകൂലികളുടെ ആവശ്യം. അല്ലെങ്കില്‍ അഞ്ചാം മന്ത്രിയില്ലെന്ന് പറയാന്‍ മുസ്‌ലിം ലീഗ് നേതൃത്വം തയ്യറാകണം.


-മിന്‍ശാദ് അഹ്മദ്‌

Friday, December 9, 2011

മര്‍കസ്‌ ശഅ്‌റെ മുബാറക്‌ മസ്ജിദിന് ജനുവരി 30ന് തറക്കല്ലിടും

 കോഴിക്കോട്‌: കോഴിക്കോട്‌ കേന്ദ്രമായി മര്‍കസ്‌ ശഅ്‌റെ മുബാറക്‌ മസ്ജിദിന് ജനുവരി 30ന് തറക്കല്ലിടും സയ്യിദ്‌ അബ്ബാസ്‌ മാലികി മക്ക സംബന്ധിക്കും. ഹിജ്റ വര്‍ഷം 1433 റബീ ഉല്‍ അവ്വല്‍ ഏഴിനു മര്‍കസില്‍ ശഅ്‌റെ മുബാറക്‌ പ്രദര്‍ശനത്തോടനുബന്ധിച്ച് നടക്കുന്ന മീലാദ് കോണ്‍ഫറന്‍സിലാണ് ശിലാസ്ഥാപനം നടത്തുക. ചടങ്ങില്‍ രാജ്യാന്തര നേതാക്കള്‍ക്ക്‌ പുറമേ പ്രമുഖ സാദാത്തുക്കളും മതനേതാക്കളും പങ്കെടുക്കും. മീലാദ് കോണ്‍ഫറന്‍സിന്റെ നടത്തിപ്പിനായി 1433 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. മര്‍കസ് യത്തീംഖാന ഓഡിറ്റോറിയത്തില്‍ നടന്ന സ്വാഗത സംഘ യോഗത്തില്‍ സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍ അധ്യക്ഷതവഹിച്ചു. സയ്യിദലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തി. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍ വിഷയാവതരണം നടത്തി. പി.കെ.എം. സഖാഫി ഇരിങ്ങല്ലൂര്‍, താഹിര്‍ സഖാഫി മഞ്ചേരി എന്നിവര്‍ സംസാരിച്ചു. എന്‍ അലി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍ , കെ പി മുഹമ്മദ്‌ മുസ്‌ലിയാര്‍ കൊമ്പം, കെ കെ അഹമ്മദ്‌ കുട്ടി മുസ്‌ലിയാര്‍ , എ പി മുഹമ്മദ്‌ മുസ്‌ലിയാര്‍ , വി പി എം ഫൈസി വില്ല്യാപ്പള്ളി , ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ആസാദ്‌ ഹാജി എറണാകുളം, നൌഷാദ് മേത്തര്‍, ജമാല്‍ എടപ്പള്ളി, സിദീഖ്‌ ഹാജി, എന്‍ പി ഉമര്‍ ഹാജി, വി പി എം കോയ മാസ്റ്റര്‍ , പ്രൊഫ എം കെ അബ്ദുല്‍ ഹമീദ്‌ , അബൂബക്കര്‍ ഹാജി, നൌഷാദ് അഹ്സനി, അബ്ദുറഹ്മാന്‍ മാസ്റ്റര്‍ പടിപ്പിക്കള്‍, ജി അബൂബക്കര്‍, നാസര്‍ ഹാജി ഓമച്ചപ്പുഴ, ഇബ്രാഹീം കുട്ടി ഹാജി ചെമ്മാട് , സലിം മടവൂര്‍, ഗഫൂര്‍ ഹാജി, സംബന്ധിചു. മര്‍കസ് ജനറല്‍ മാനേജര്‍ സി. മുഹമ്മദ് ഫൈസി സ്വാഗതവും സയ്യിദ് തുറാബ് തങ്ങള്‍ നന്ദിയും പറഞ്ഞു.