Tuesday, April 26, 2011

എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട്‌ കീടനാശിനി ഭൂതം


എന്‍ഡോസള്‍ഫാന്റെ ഭീകരത വിളിച്ചറിയിച്ച്‌ കൊണ്ട്‌ പാലക്കാട്‌ നഗത്തില്‍ കീടനാശിനി ഭൂതമിറങ്ങി. എന്‍ഡോസള്‍ഫാന്‍ നിരോധിച്ച്‌ മാരകമായ വിപത്തില്‍ നിന്ന്‌ മനുഷ്യകുലത്തെ രക്ഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കഞ്ചിക്കോട്‌ കലാസമിതി നടത്തുന്ന സമരത്തിന്റെ ഭാഗമായാണ്‌ കീടനാശിനി ഭൂതമിറങ്ങിയത്‌.
കറുത്ത പൈജാമ്മയും പാന്റ്‌സും തലയില്‍ ശിരോവസ്‌ത്രവും ഭീകരമെന്ന്‌ തോന്നിക്കുന്ന തരത്തിലുള്ള മുഖമൂടിയും ചുവന്ന ഷാളുമാണ്‌ ഭൂതത്തിന്റെ വേഷം. എന്‍ഡോസള്‍ഫാന്‍ കൊടും വിശമാണെന്ന്‌ സൂചിപ്പിക്കുന്നതാണ്‌ ഭൂതത്തിന്റെ ഇടത്‌ തോളിന്‌ മുകളിലായി പത്തി വിടര്‍ത്തി നില്‍ക്കുന്ന സര്‍പ്പം. കയ്യിലുള്ള മണി മരണത്തെ സൂചിപ്പിക്കാനാണ്‌. കഴുത്തില്‍ വലിയ കാര്‍ഡ്‌ ബോര്‍ഡ്‌ തൂക്കി അതില്‍ ഇപ്രകാരം എഴുതിവെച്ചിട്ടുണ്ട്‌. `പരീക്ഷണങ്ങള്‍ മതിയാക്കൂ, പാവം ജനങ്ങളെ രക്ഷിക്കൂ. എന്‍ഡോസള്‍ഫാന്‍ നിരോധിക്കുക. മനുഷ്യന്റെ ആയുസും ആരോഗ്യവും രക്ഷിക്കുക. മന്ത്രിയാകുന്ന കാര്യ നല്ലകാര്യം, ആദ്യം മനുഷ്യനാവുക, പവാര്‍ രാജിവെക്കുക'.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സന്ദേശമെത്തിക്കാനായി കഴിഞ്ഞ ഞായറാഴ്‌ചയാണ്‌ കീടനാശിനി ഭൂതമിറങ്ങിയത്‌. ഇന്നുകൂടി ഭൂതം ജില്ലയിലുടെ വിവിധ ഭാഗങ്ങളും നഗര പ്രദേശങ്ങളിലും ചുറ്റും. കഴുത്തിലെ വലിയ ബോര്‍ഡും തൂക്കി വലതു കയ്യിലുള്ള മണിയും കിലുക്കി ആളുകള്‍ കൂടിയിരിക്കുന്ന സ്ഥലങ്ങളിലെല്ലാം പോയി ബോര്‍ഡിലെഴുതിയത്‌ വായിച്ച്‌ തീരുന്നത്‌ വരെ അവരുടെ മുമ്പില്‍ മണിയും കിലുക്കി നില്‍ക്കും. കാണുന്നവരെല്ലാം ഈ കൗതുക കാഴ്‌ച തങ്ങളുടെ കയ്യിലുള്ള മൊബൈലില്‍ പകര്‍ത്താനും മറക്കുന്നില്ല. കൂട്ടികളും സ്‌ത്രികളും ആദ്യം കാണുമ്പോള്‍ പേടിച്ച്‌ മാറി നില്‍ക്കുമെങ്കിലും എല്ലാവരുടേയും അടുത്തേക്ക്‌ ഓടിയെത്തുന്ന ഭൂതം ഭയവും ഒപ്പം കൗതുകവും നല്‍കി എല്ലവരിലും ഈ സന്ദേശമെത്തിക്കാന്‍ കഴിയുന്നുണ്ടെന്ന്‌ കീടനാശിനി ഭൂതം സിറാജിനോട്‌ പറഞ്ഞു.
മലബാര്‍ സിമന്റ്‌സ്‌ തൊഴിലാളിയായ കഞ്ചിക്കോട്ടെ കലാ സമിതി പ്രവര്‍ത്തകനുമായ കന്തകുമാരനാണ്‌ കീടനാശിനി ഭൂതവേശമണിഞ്ഞ്‌ ജില്ലയിലെ വിവധ ഭാഗങ്ങളില്‍ പ്രചരണം നടത്തുന്നത്‌. ആര്‍ രാജീവ്‌, കെ അച്യുതന്‍, വി പി രവീന്ദ്രനാഥന്‍, പി എസ്‌ മഹാദേവന്‍, എം കൃഷ്‌ണമൂര്‍ത്തി, എസ്‌ സുരേഷ്‌, എസ്‌ ചന്ദ്രന്‍ തുടങ്ങിയ കല സമിതിയുടെ പ്രവര്‍ത്തകരും എന്‍സള്‍ഫാന്‍ വിരുദ്ധ പ്രചരണങ്ങളുമായി ജില്ലയിലെ വിവിധ ഭാഗങ്ങില്‍ നോട്ടീസ്‌ വിതരണവും മറ്റും നടത്തുന്നുണ്ട്‌. 

Saturday, April 23, 2011

എന്‍ഡോസള്‍ഫാന്‍: ദുരിതം പേറി ഇവരും




പാലക്കാട്‌ ജില്ലയിലെ ചിറ്റൂര്‍ താലൂക്കിലെ മുതലമട, കൊല്ലങ്കോട്‌, എലവഞ്ചേരി, നെന്മാറ പഞ്ചായത്തുകളിലെ മാവിന്‍ തോട്ടങ്ങളില്‍ വ്യാപകമായി എന്‍ഡോസള്‍ഫാന്‍ തെളിച്ചതുമൂലം ദുരിതം അനുഭവിക്കുന്നവരെ അധികൃതര്‍ കാണാതെ പോകുന്നു. എന്‍ഡോസള്‍ഫാന്‍ മൂലം തലയില്‍ നീര്‌ നിറഞ്ഞ്‌ തല വലുതാകുന്നവര്‍, വികലാംഗര്‍, അന്ധര്‍, ഹൃദ്രോഗം, വന്ധ്യത, ബുദ്ധിമാന്ദ്യം, ത്വക്ക്‌ രോഗം എന്നിങ്ങനെ വിവിധ രോഗങ്ങള്‍കൊണ്ട്‌ ദുരിതമനുഭവിക്കുന്ന ഇരകളായവര്‍ മരുന്നും മറ്റു ചികിത്സാ സൗകര്യങ്ങളൊന്നുമില്ലാതെ കഴിയുകയാണ്‌.
ചിറ്റൂര്‍ താലൂക്കിലെ മുതലമട പഞ്ചായത്തില്‍ 19 വാര്‍ഡിലും കൊല്ലങ്കോട്‌ പഞ്ചായത്തിലെ അഞ്ച്‌ വാര്‍ഡുകളിലും 2010-ല്‍ സംസ്ഥാന ആരോഗ്യ വകുപ്പ്‌ നടത്തിയ സര്‍വ്വെയില്‍ എല്‍ഡോസള്‍ഫാന്‍ മൂലം 46 പേര്‍ ദുരിതം അനുഭവിക്കുന്നതായി കണ്ടെത്തിയിരുന്നു. ആറ്‌ വയസിന്‌ മുകളിലുള്ളവരെയാണ്‌ സര്‍വ്വെ നടത്തിയത്‌. ആറിനും 14 നും ഇടയ്‌ക്ക്‌ പ്രായമുള്ള 43 കുട്ടികളില്‍ രോഗം ബാധിച്ചതായി കണ്ടെത്തി. എന്നാല്‍ ആറ്‌ വയസിന്‌ താഴെയുള്ളവരെ സര്‍വ്വെക്ക്‌ പരിഗണിച്ചിട്ടില്ല. മുതലമട, കൊല്ലങ്കോട്‌, എലവഞ്ചേരി, നെന്മാറ പഞ്ചായത്തുകളില്‍ എന്‍ഡോസള്‍ഫാന്‍ തെളിച്ചതുമൂലം കെടുതികള്‍ അനുഭവിക്കുന്ന ഇരകളുടെ എണ്ണം 300 ലധികം വരുമെന്നും ഒരു വര്‍ഷത്തിനകം 500 മുതല്‍ 1000 വരെ പേര്‍ എന്‍ഡോസള്‍ഫാന്‍ ബാധിതരായി ഈ പ്രദേശത്തുണ്ടാകുമെന്നും ചിറ്റൂര്‍ താലൂക്ക്‌ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതി ഭാരവാഹികള്‍ സിറാജിനോട്‌ പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ തളിച്ചതുമൂലം ഈ മേഖലയില്‍ ദുരിതമനുഭവിക്കുന്നവരുടെ എണ്ണം ദിനം പ്രതി കൂടിവരുമ്പോഴും പ്രദേശത്തെ മാവിന്‍ തോപ്പുകളില്‍ ഇപ്പോഴും എന്‍ഡോസള്‍ഫാന്‍ തെളിക്കുന്നതായി എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതി ഭാരവാഹികള്‍ ആരോപിച്ചു. സാധാരണ വര്‍ഷത്തില്‍ മൂന്ന്‌ തവണയാണ്‌ മാവിന്‍ തോട്ടങ്ങളില്‍ കീടനാശിനി തെളിക്കാറുള്ളത്‌ എന്നാല്‍ ഈവര്‍ഷം ആറ്‌ തവണ തെളിച്ചിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു.
ഈ പ്രദേശത്ത്‌ അഞ്ച്‌ ലക്ഷത്തോളം മാവിന്‍ തൈകളുള്ളതായാണ്‌ ഔദ്യോഗിക കണക്ക്‌. മാംഗോ സിറ്റി എന്നറിയപ്പെടുന്ന മുതലമടയില്‍ ഏകദേശം 5000 ഓളം മാങ്ങ കച്ചവടക്കാരുണ്ട്‌. പ്രദേശത്തെ രാഷ്‌ട്രീയ നേതൃത്വങ്ങളെല്ലാം ഇവര്‍ക്ക്‌ ഓശാന പാടുന്നവരാണ്‌. ജനപ്രതിനിധകളും മറ്റും ഉന്നത വ്യക്തികളെയെല്ലാം സ്വാധീനിച്ചാണ്‌ ഇവര്‍ ഇവിടെ കീടനാശിനികള്‍ തെളിക്കുന്നത്‌. ഈ പ്രദേശങ്ങളിലെ മാന്തോപ്പുകളില്‍ പ്രയോഗിക്കുന്ന എന്‍ഡോസള്‍ഫാനടക്കമുള്ള മാരക കീടനാശിനികളുടെ ഉപയോഗം പൂര്‍ണമായി നിരോധിക്കുക, ദുരിധബാധിതര്‍ക്ക്‌ പുനരധിവാസവും നഷ്‌ടപരിഹാരവും ഉടന്‍ നല്‍കുക, മാന്തോപ്പുകളില്‍ എന്‍ഡോസള്‍ഫാനടക്കമുള്ള മാരക രാസകീടനാശിനികള്‍ പ്രയോഗിക്കുന്ന കച്ചവടക്കാരടക്കമുള്ളവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ 2004 ല്‍ മാരിയപ്പന്‍ നീളിപ്പാറയുടെ നേതൃത്വത്തില്‍ ആരംഭിച്ച ചിറ്റൂര്‍ താലൂക്ക്‌ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതി നിരന്തരം സമരങ്ങള്‍ നടത്തിയും മറ്റും പ്രദേശത്തെ എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ വിവരങ്ങളും ദുരിതങ്ങളും നിരവധി തവണ അധികൃതരെ അറിയിച്ചെങ്കിലും ഇത്‌ വരെ ആരും തിരിഞ്ഞ്‌ നോക്കിയിട്ടില്ലെന്ന്‌ സമിതി ഭാരവാഹികള്‍ പറയുന്നു. എന്‍ഡോസള്‍ഫാന്‍ മൂലം രോഗബാധിതരായവര്‍ക്ക്‌ ചികിത്സിക്കാന്‍ മാസവും ഏകദേശം 10,000 ഓളം രൂപ ചിലവ്‌ വരുന്നുണ്ട്‌. കൂലിപണിക്കാരയ ഇവര്‍ക്ക്‌ ഇത്‌ താങ്ങാനാവുന്നതല്ല. സമിതിയുടെ നേതൃത്വത്തില്‍ എത്തുന്ന ഏതെങ്കിലും സന്നദ്ധ സംഘടനകള്‍ നല്‍കുന്ന ചെറിയ സഹായം മാത്രമാണ്‌ ഇവര്‍ക്ക്‌ വല്ലപ്പോഴും ലഭിക്കുന്നത്‌.
ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച കാസര്‍ക്കോട്‌ പാക്കേജ്‌ നടപ്പിലാക്കുന്നതിനും എന്‍ഡോസള്‍ഫാന്‍ മൂലം ദുരിതം അനുഭവിക്കുന്നവര്‍ക്ക്‌ നല്‍കുന്ന ആനുകൂല്യങ്ങള്‍ ഇവര്‍ക്കും ലഭ്യമാക്കുന്നതിനുമായി നാളെ ചിറ്റൂര്‍ താലൂക്ക്‌ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതി ജനറല്‍ കണ്‍വീനര്‍ മാരിയപ്പന്‍ നീളിപ്പാറയുടെ നേതൃത്വത്തില്‍ സമിതിയംഗങ്ങള്‍ കാസര്‍ക്കോട്ടെ സമരസമിതി നേതാക്കളുമായി ചര്‍ച്ച നടത്തും. ആഗോള തലത്തില്‍ എന്‍ഡോസല്‍പാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട്‌ കാസര്‍കോട്ട്‌ നടക്കുന്ന സമരത്തില്‍ ചിറ്റൂര്‍ താലൂക്ക്‌ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതി നാളെ ഏകദിന സത്യാഗ്രഹം നടത്തും.
 

Monday, April 4, 2011

എന്‍ഡോസള്‍ഫാന്‍ ഇരകളെ സംരക്ഷിക്കാന്‍ നെന്മാറയില്‍ സ്ഥാനാര്‍ഥി സംഗമം


പാലക്കാട്‌ ജില്ലയിലെ  നെന്മാറ മണ്ഡലത്തിലെ മുതലമട, കോല്ലങ്കോട്‌, എലവഞ്ചേരി, നെന്മാറ പഞ്ചായത്തുകളിലുള്ള എന്‍ഡോസള്‍ഫാന്‍ ഇരകളെ സംരക്ഷിക്കുന്നതിനായി ചിറ്റൂര്‍ താലൂക്ക്‌ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ സ്ഥാനാര്‍ഥി സംഗമം സംഘടിപ്പിക്കുന്നു. എന്‍ഡോസള്‍ഫാന്‍ തെളിച്ചത്‌ മൂലം രോഗ ബാധിതരായവരെ സംബന്ധിച്ച്‌ സ്ഥാനാര്‍ഥികളുടെ നിലപാട്‌ വ്യക്തമാക്കുന്നതിനാണ്‌ സംഗമം. എന്‍ഡോസള്‍ഫാനടക്കമുള്ള മാരകമായ രാസകീടങ്ങള്‍ പ്രയോഗിച്ചതുമൂലം ദുരിതങ്ങള്‍ അനുഭവിക്കുന്ന ഇരകളും അവരുടെ നീറുന്ന പ്രശ്‌നങ്ങളും രാഷ്ട്രീയപരമായി ഉയര്‍ത്തികൊണ്ടു വരികയാണ്‌ സംഗമത്തിന്റെ ലക്ഷ്യമെന്ന്‌ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതി കണ്‍വീനര്‍ മാരിയപ്പന്‍ നീളിപ്പാറ സിറാജിനോട്‌ പറഞ്ഞു. മണ്ഡലത്തില്‍ നിന്ന്‌ മത്സരിക്കുന്ന വി ചെന്താമരാക്ഷന്‍ (എല്‍ ഡി എഫ്‌), എം വി രാഘവന്‍ (യു ഡി എഫ്‌), എന്‍ ശിവരാജന്‍ (ബി ജെ പി), എ ചന്ദ്രന്‍ (ബി എസ്‌ പി), സക്കീര്‍ ഹുസൈന്‍ (എസ്‌ ഡി പി ഐ), ജോയ്‌ പീറ്റര്‍ (സി പി ഐ-മാര്‍ക്‌സിസ്റ്റ്‌ ലെനിനിസ്റ്റ്‌ ലിബറേഷന്‍), സുഗുണന്‍ എസ്‌ (എ ഐ എ ഡി എം കെ) എന്നീ മുഴുവന്‍ സ്ഥാനാര്‍ഥികളും സംഗമത്തില്‍ സംബന്ധിക്കും.

`നെന്മാറ മണ്ഡലത്തില്‍ എന്‍ഡോസള്‍ഫാന്‍ ബാധിതരുണ്ടെന്ന്‌ കരുതുന്നുവോ? ഉണ്ടെങ്കില്‍ എത്രപേര്‍ക്ക്‌ ബാധിച്ചുവെന്നാണ്‌ കരുതുന്നത്‌? എന്‍ഡോസള്‍ഫാന്‍ ബാധിച്ചവരെ കാണാന്‍ ശ്രമിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ എന്താണ്‌ കാരണം? മണ്ഡലത്തിലെ എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക്‌ എന്തെങ്കിലും സഹായം നല്‍കിയിട്ടുണ്ടോ? എന്‍ഡോസള്‍ഫാന്‍ തെളിച്ചതുമൂലം മുതലമുടയിലെ രോഗികള്‍ക്ക്‌ കാസര്‍കോട്‌്‌ ഉണ്ടായ പോലെ ഭീകരമായ തോതില്‍ ഉണ്ടായെന്ന്‌ കരുതുന്നുവോ? എന്‍ഡോസള്‍ഫാന്‍ ബാധിച്ചവര്‍ക്ക്‌ പ്രഖ്യപിച്ച കാസര്‍കോട്‌ പാക്കേജ്‌ മുതലമടക്കാര്‍ക്കും നല്‍കണമെന്ന കാര്യത്തില്‍ എന്താണ്‌ അഭിപ്രായം? താങ്കള്‍ പ്രതികരിക്കുന്ന പാര്‍ട്ടി എന്‍ഡോസള്‍ഫാന്‍ വിരുദ്ധ നിലപാടെടുത്താല്‍ താങ്കള്‍ എങ്ങനെ പ്രതികരിക്കും? മണ്ഡലത്തില്‍ നിന്നും താങ്കള്‍ വിജയിച്ചുപോയാല്‍ മുതലമടയിലെ എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക്‌ വോണ്ടി നിയമസഭയില്‍ ഏതുതരത്തില്‍ ഇടപെടും?'
എന്നിങ്ങനെ 12 ഓളം ചോദ്യങ്ങള്‍ എല്ലാ സ്ഥാനാര്‍ഥികള്‍ക്കും മുന്‍കൂട്ടി നല്‍കിയിട്ടുണ്ട്‌. ഓരോരുത്തര്‍ക്കും 15 മിനുട്ടാണ്‌ വ്യക്തിപരമായും പാര്‍ട്ടിയുടെ നിലപാടും വ്യക്തമാക്കാന്‍ അനുവദിച്ചിട്ടുള്ളത്‌. മണ്ഡലത്തിലെ ഏറ്റവും കൂടുതല്‍ എന്‍ഡോസള്‍ഫാന്‍ ബാധിതരുള്ള പഞ്ചായത്താണ്‌ മുതലമട. ഇവിടെ മാത്രം 30 ഓളം രോഗികളുണ്ട്‌. 2004 മുതല്‍ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ പല സമരങ്ങളും നിവേദനങ്ങളു#െട നല്‍കിയിരുന്നെങ്കിലും ഒരു ഫലവുമാണ്ടാവാത്തതിനാലാണ്‌ ഇത്തരമോരു സംഗമത്തിന്‌ സംഘാടകരെ പ്രേരിപ്പിച്ചതെന്ന്‌ മാരിയപ്പന്‍ പറഞ്ഞു.
എട്ടിന്‌ ഉച്ചതിരിഞ്ഞ്‌ മൂന്നിന്‌ മുതലമട കാമ്പ്രത്ത്‌ ചള്ളയില്‍ നടക്കുന്ന സംഗമം മനുഷ്യവകാശ പ്രവര്‍ത്തകനും പി യു സി എല്‍ സ്സ്‌ഥാന പ്രസിഡന്റുമായ അഡ്വ. പി പൗരന്‍ ഉദ്‌ഘാടനം ചെയ്യും. സി ആര്‍ നീലകണ്‌ഠന്‍ അധ്യക്ഷത വഹിക്കും.  

Sunday, April 3, 2011

നെല്ലിക്കുത്ത്‌ ഉസ്‌താദ്‌ വഫാത്തായി


 കാരന്തൂര്‍ മര്‍ക്കസ്‌ ശരീഅത്ത്‌ കോളേജ്‌ വൈസ്‌പ്രിന്‍സിപ്പലും മലപ്പുറം ജില്ലാ സംയുക്ത ഖാളിയും സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ മലപ്പുറം ജില്ലാ പ്രസിഡന്റും മുശാവറ അംഗവുമായ നെല്ലിക്കുത്ത്‌ എം കെ ഇസ്‌മാഈല്‍ മുസ്‌ലിയാര്‍ (72) അന്തരിച്ചു. ഞായറാഴ്‌ച ഉച്ചക്ക്‌ 12:30ന്‌ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. മുസ്‌ല്യാരകത്ത്‌ അഹമ്മദ്‌ മുസ്‌ല്യാരാണ്‌ പിതാവ്‌. ജനനം 1939ല്‍. മാതാവ്‌ മറിയം ബിവി.
ഏഴാം വയസ്സില്‍ ഉപ്പ മരിച്ചു. പിന്നീട്‌ ഉമ്മയുടെ പരിചരണത്തില്‍ വളര്‍ന്ന്‌ മഹാപ്രതിഭയായി. ഇസ്‌മാഈല്‍ എന്ന പേര്‌ തിരഞ്ഞെടുക്കപ്പെട്ടതിന്‌ പിന്നിലും ഒരു കഥയുണ്‌ട്‌. ഇസ്‌മാഈല്‍ മുസ്‌ലിയാരുടെ ഉപ്പയുടെ ജ്യേഷ്‌ഠ സഹോദരനായിരുന്നു ഇസ്‌മാഈല്‍. 1921ല്‍ സാമ്രാജ്യത്വത്തിനെതിരെ ഖിലാഫത്ത്‌ സമരത്തില്‍ ആലിമുസ്‌ലിയാരുടെ സന്തത സഹചാരിയായിരുന്നു അദ്ദേഹം. ആലി മുസ്‌ലിയാരെ അറസ്റ്റു ചെയ്യാന്‍ തിരൂരങ്ങാടി പട്ടാളം വളഞ്ഞപ്പോള്‍ ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചാണ്‌ ആ ദേശാഭിമാനി രക്തസാക്ഷിയായത്‌. ആ സ്‌മരണ നിലനിര്‍ത്താനാണ്‌ അഹ്‌മദ്‌ എന്നവര്‍ തന്റെ മകന്‌ ഇസ്‌മാഈല്‍ എന്ന പേരുനല്‍കിയത്‌.
നെല്ലിക്കുത്തിലെ സ്വലാഹുദ്ദീന്‍ മദ്‌റസയില്‍ പ്രാഥമിക പഠനം. അഞ്ചാംതരം വരെ സ്‌കൂളിലും പഠിച്ചു. 12ാം വയസ്സില്‍ നിലമ്പൂര്‍ ചന്തക്കുന്നിലാണ്‌ ആദ്യമായി ദര്‍സില്‍ ചേരുന്നത്‌. അമ്മാവന്‍ നെല്ലിക്കുത്ത്‌ കോട്ടക്കുത്ത്‌ കുഞ്ഞസ്സന്‍ ഹാജിയായിരുന്നു ഉസ്‌താദ്‌.
ശഷം ഉസ്‌താദ്‌ കിടങ്ങയത്തേക്ക്‌ മാറിയപ്പോള്‍ കൂടെ പോയി. ആവര്‍ഷം ഏതാനും മാസങ്ങള്‍ ഉസ്‌താദിന്‌ ദര്‍സില്ലാതിരുന്നപ്പോള്‍ വെട്ടിക്കാട്ടിരിയില്‍ വള്ളുവങ്ങാട്‌ ബാപ്പു മുസ്‌ലിയാരുടെ ദര്‍സില്‍ ചേര്‍ന്നു. അടുത്ത വര്‍ഷം ഉസ്‌താദ്‌ കുഞ്ഞസ്സന്‍ ഹാജി പുല്ലാരയില്‍ ദര്‍സ്‌ തുടങ്ങിയപ്പോള്‍ ഉസ്‌താദിന്റെ അടുത്തേക്ക്‌ തന്നെ മടങ്ങി. അവിടെ മൂന്ന്‌ വര്‍ഷമുണ്‌ടായിരുന്നു. തുടര്‍ന്ന്‌ നഹ്‌വില്‍ പ്രത്യേകമായ അവഗാഹം നേടണമെന്ന ലക്ഷ്യത്തോടെ അക്കാലത്ത്‌ ഏറ്റവും പ്രസിദ്ധനായ നഹ്‌വീ പണ്ഡിതന്‍ കാട്ടുകണ്‌ടന്‍കുഞ്ഞഹമ്മദ്‌ മുസ്‌ലിയാരുടെ വെട്ടത്തൂരിലെ ദര്‍സില്‍ ചേര്‍ന്നു. വെല്ലൂര്‍ ബാഖിയാത്തിലും പട്ടിക്കാട്ടും മറ്റും മുദരിസായിരുന്ന കരുവാരകുണ്‌ട്‌ കെ.കെ എന്നറിയപ്പെട്ട പണ്ഡിതന്‍ ഈ കുഞ്ഞഹമ്മദ്‌ മുസ്‌ലിയാരുടെ മകനാണ്‌. മഞ്ചേരി അബ്‌ദുര്‍റഹ്‌മാന്‍ മുസ്‌ലിയാര്‍, അബ്‌ദുര്‍റഹ്‌മാന്‍ ഫള്‌ഫരി(കുട്ടി)മുസ്‌ലിയാര്‍ തുടങ്ങിയവരും പ്രധാന ഗുരുനാഥന്മാരാണ്‌.
ആലത്തൂര്‍പടി, കാവനൂര്‍, അരിമ്പ്ര, പുല്ലാര എന്നിവിടങ്ങളില്‍ മുദര്‍രിസായി സേവനം. പിന്നീട്‌ നന്തി ദാറുസ്സലാം അറബിക്‌ കോളേജില്‍ വൈസ്‌പ്രിന്‍സിപ്പല്‍ പദവിയില്‍. 1986 മുതല്‍ മര്‍കസില്‍ ശൈഖുല്‍ഹദീസും വൈസ്‌പ്രിന്‍സിപ്പലുമായിരുന്നു.
വഹാബികളുടെ അത്തൗഹീദിന്‌ `തൗഹീദ്‌ ഒരു സമഗ്രപഠനം' എന്ന ഖണ്ഡനകൃതിയെഴുതി രചനാരംഗത്തു വന്നു. മതങ്ങളിലൂടെ ഒരു പഠനപര്യടനം, മദ്‌ഹബുകളും ഇമാമുകളും ഒരു ലഘുപഠനം, മരണാനുബന്ധമുറകള്‍, ഇസ്‌ലാമിക സാമ്പത്തികനിയമങ്ങള്‍, ജുമുഅ ഒരു പഠനം തുടങ്ങി നിരവധി മലയാള കൃതികള്‍ സ്വന്തമായുണ്‌ട്‌. മിശ്‌കാതിനെഴുതിയ വ്യാഖ്യാനം `മിര്‍ഖാതുല്‍ മിശ്‌കാത്‌' പ്രധാന അറബി കൃതിയാണ്‌. അഖാഇദുസ്സുന്ന, ഫിഖ്‌ഹുസ്സുന്ന എന്നീ ഗ്രന്ഥങ്ങളും ജംഉല്‍ ജവാമിഅ്‌, ജലാലൈനി എന്നിവക്കെഴുതിയ വ്യാഖ്യാനങ്ങളും എടുത്തുപറയേണ്‌ടതാണ്‌