
ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് (ഐ.യു.എം.എല്‍) ചാനല്‍ തുടങ്ങാന്‍ ഒരുങ്ങിയിട്ട് കാലങ്ങളേറെയായി. തൊട്ടതെല്ലാം പൊന്നാക്കുന്ന ലീഗിന് ചാനല്‍ സ്വപ്‌നം മാത്രമാവുകയാണ്. ഒരു ചാനല്‍ തുടങ്ങാനുള്ള സംഘടനാ ശക്തിയോ, വലുപ്പമോ ലീഗിന് ഇല്ലാഞ്ഞിട്ടല്ല. എന്നാല്‍ ചാനല്‍ തുടങ്ങാനുള്ള ശ്രമം മാത്രം പരാജയപ്പെടുകയായിരുന്നു. ഒടുവില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ചെയര്‍മാനായി തുടങ്ങാനിരുന്ന ചാനല്‍ ഐ.ബി.സി അടച്ചുപൂട്ടിയതായി കഴിഞ്ഞ മാസം പ്രഖ്യാപിച്ചു. ഇതോടെ മുസ്‌ലിം ലീഗിന്റെ പുതിയ ചാനല്‍ സ്വപ്‌നവും അകാല ചരമമടഞ്ഞു. സാമ്പത്തികമാണ് പോലും പ്രശ്‌നം. അധിക വൈകാതെ അടുത്ത പ്രൊജക്ട് വന്നേക്കും.
ഇന്ത്യവിഷന്‍ തുടങ്ങുന്ന സമയത്ത് ലീഗിന്റെ ചാനലെന്ന് ഏറെ കൊട്ടിയാഘോഷിച്ചു. മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തകരും അനുഭാവികളുമായവര്‍ ധാരാളം അതില്‍ പണം നിക്ഷേപിക്കുകയും ചെയ്തു. മുസ്‌ലിം ലീഗിലെ അനിഷേധ്യനായ നേതാവ് സി.എച്ച്. മുഹമ്മദ് കോയയുടെ പൊന്നോമന പുത്രന്‍ ഡോ. എം.കെ മുനീര്‍ ചാനലിന്റെ ചെയര്‍മാനാണെന്നറിഞ്ഞതോടെ ലീഗുകാര്‍ക്ക് മറ്റൊന്ന് ചിന്തിക്കേണ്ടി വന്നില്ല. മുനീര്‍ സാഹിബ് നേതൃത്വം കൊടുക്കുന്ന ചാനല്‍ ലീഗിന്റേതല്ലാതെ പിന്നെ ആരുടേതാണ് എന്ന മട്ടിലായിരുന്നു ലീഗുകാര്‍. അതിനാല്‍ ഇന്ത്യാവിഷന്റെ വിജയത്തിന് വേണ്ടി മുസ്‌ലിം ലീഗ് പ്രവര്‍ത്തകരും നേതാക്കളും അനുഭാവികളുമെല്ലാം അക്ഷീണം പ്രവര്‍ത്തിച്ചു.
മുസ്‌ലിം ലീഗിന്റേയും ഒപ്പം സമുദായത്തിന്റേയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു ചാനല്‍ സ്വപ്‌നം കണ്ടവര്‍ പിന്നീട് നിരാശരാകുന്ന കാഴ്ചയാണ് കണ്ടത്. തങ്ങളുടെ സ്വപ്‌ന ചാനലല്ല ഇന്ത്യവിഷന്‍ എന്ന് തിരിച്ചറിയാന്‍ ഇത്തിരി വൈകി. ഒടുവില്‍ തോളിലിരുന്ന് ചെവികടിച്ചത് പോലെയായി. മുസ്‌ലിം ലീഗുകാര്‍ ഏറെ സ്‌നേഹിച്ച ചാനലാണ് ഇന്ത്യാവിഷന്‍. എന്നാല്‍ ഇന്ന് മുസ്‌ലിം ലീഗുകാര്‍ ഏറ്റവും വെറുക്കുന്നതും ഇന്ത്യാവിഷന്‍ തന്നെ.
മുസ്‌ലിം ലീഗിലെ രാഷ്ട്രീയ ചാണക്യനായ പാണ്ടിക്കടവത്ത് കുഞ്ഞാലിക്കുട്ടിയെ തൊട്ടുകളിച്ചാല്‍ വിവരമറിയും. ലീഗുകാരന്റെ സ്വന്തം കുഞ്ഞാപ്പയാണത്. ഐസ്‌ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ ആദ്യമായി വാര്‍ത്ത നല്‍കിയത് ഇന്ത്യവിഷനാണെന്ന് പറയുമ്പോള്‍ ലീഗുകാര്‍ അത് പൊറുക്കുമോ? ചുട്ടുപൊള്ളുന്ന മണലാരണ്യത്തില്‍ ചോര നീരാക്കി അധ്വാനിച്ച് ഇന്ത്യാവിഷന്റെ ഷെയര്‍ വാങ്ങിയത് മുസ്‌ലിം ലീഗിനെ സ്‌നേഹിച്ചാണ്. ലീഗ് കഴിഞ്ഞിട്ടാണ് അവര്‍ക്ക് അവരുടെ കുടുംബവും മറ്റുമെല്ലാം. കുഞ്ഞാലിക്കുട്ടിക്കെതിരായ വാര്‍ത്ത ഇന്ത്യവിഷന്‍ പുറത്ത് വിട്ടതോടെ തങ്ങളുടെ ചാനല്‍ എന്ന് ലീഗുകാര്‍ പറഞ്ഞിരുന്ന ഇന്ത്യവിഷന്‍ ഓഫീസുകള്‍ക്ക് നേരെ മാര്‍ച്ചും അക്രമങ്ങളും നടന്നു. മക്കയിലായിരുന്ന കുഞ്ഞാലിക്കുട്ടി ഉംറ കഴിഞ്ഞ് കരിപ്പൂരിലെത്തിയപ്പോള്‍ സാഹിബിന് ലീഗുകാരുടെ ഊഷ്മള വരവേല്‍പ്പ്. പക്ഷെ, ഇത്തിരി ഏറിപ്പോയി. വിമാനത്താവളത്തിന്റെ മുകളില്‍ ലീഗിന്റെ പതാക ഉയര്‍ത്തി. എയര്‍പോര്‍ട്ടില്‍ വന്ന പത്രക്കാരെയെല്ലാം അടിച്ചോടിച്ചു. ഒടുവില്‍ സാഹിബ് ജനറല്‍സെക്രട്ടറി സ്ഥാനം രാജിവെച്ചു. അപ്പോഴും ചാനലിന്റെ ചെയര്‍മാന്‍ മുനീര്‍ തന്നെയായിരുന്നു. മുനീറിനെതിരെ ലീഗില്‍ വലിയ ഒച്ചപ്പാടും ബഹളവും ഉണ്ടായി. പക്ഷെ നടപടിയൊന്നും ഉണ്ടായില്ലെന്ന് മാത്രം. ഇന്ത്യാവിഷന്‍ സ്വതന്ത്ര ചാനലാണെന്നും ലീഗിന്റേതല്ലെന്നും ലീഗുകാര്‍ അറിയുന്നത് അപ്പോഴാണ്. അല്‍പം കഴിഞ്ഞപ്പോഴേക്കും കുഞ്ഞാപ്പ വീണ്ടും ജനറല്‍ സെക്രട്ടറിയായി പാര്‍ട്ടിയില്‍ സജീവമായി. സ്വന്തമായ ചാനലെന്ന ആശയം വീണ്ടും ഉദിച്ചു. അങ്ങനെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ചാനല്‍ ആരംഭിക്കാന്‍ തീരുമാനിച്ചു.
കുഞ്ഞാലിക്കുട്ടി ചെയര്‍മനായി ഐ.ബി.സി എന്ന പേരില്‍ ചാനല്‍ ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയി. കേരള ഇ- മീഡിയ ഡെവലപ്‌മെന്റ് ആന്റ് സര്‍വ്വീസസ്(കെഡ്‌സ്) എന്ന എന്ന കമ്പനിയെയാണ് ചാനല്‍ ഐ.ബി.സി യുടെ പ്രമോട്ടര്‍മാരായി പ്രഖാപിച്ചിരുന്നത്. കോഴിക്കോട് മിനി ബൈപാസ് റോഡില്‍ ചാനലിന്റെ ഓഫീസും പ്രവര്‍ത്തനം തുടങ്ങി. 70 ഓളം പേരെ വിവിധ സെക്ഷനുകളിലേക്കായി ഇന്റര്‍വ്യൂ നടത്തി തിരഞ്ഞെടുക്കുകയും ഇവര്‍ക്കുവെണ്ട പരിശിലനം ആരംഭിക്കുകയും ചെയ്തിരുന്നു. ഇന്ത്യ വിഷനില്‍ നിന്നും രാജി വെച്ചുവന്ന കെ. പി. ഗോപീകൃഷണനാണ് എക്‌സിക്യൂട്ടീവ് എഡിറ്ററായി ചുമതലയേറ്റത്. എം.ഡിയായി സെയ്ഫൂദ്ദീനെയും, വൈസ് ചെയര്‍മാനായി കുഞ്ഞിഖാദറിനെയും നിയമിച്ചിരുന്നു. റെനു കുരുവിളയായിരുന്നു ജനറല്‍ മാനേജര്‍. തിരഞ്ഞെടുപ്പിന് മുമ്പ് കേബിള്‍ വഴി ചാനല്‍ സംപ്രേക്ഷണം തുടങ്ങാനും പിന്നീട് സാറ്റലൈറ്റിലേക്ക് മാറാനുമായിരുന്നു പദ്ധതി.
ഇന്ത്യാവിഷന് പണം നല്‍കിയത് എം.കെ മുനീറിനെ കണ്ടാണ്. ഇത് പോലെ ഇനി വഞ്ചിതരാകാനില്ലെന്ന ചില ലീഗുകാരുടെ നിലപാടുകള്‍ ചാനല്‍ ഐ.ബി.സിയെ ബാധിച്ചു. ഇനി വടികൊടുത്ത് അടിവാങ്ങിക്കാനാകില്ലെന്ന നിലപാടിലായിരുന്നു പലരും. ചാനല്‍ ഐ.ബി.സിയെ പ്രതീക്ഷച്ചത് പോലെ മുന്നോട്ട് കൊണ്ടുപോകാനായില്ല. സാമ്പത്തീക ബുദ്ധിമുട്ടിനപ്പുറം വലിയൊരു വിഭാഗം ലീഗുകാരുടെ എതിര്‍പ്പും ചാനല്‍ സ്വപ്‌നത്തിന് തിരിച്ചടിയായിട്ടുണ്ട്. ഐ.ബി.സിയുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്നതിനിടെയാണ് ഐസ്‌ക്രീം കേസുമായി ഇന്ത്യാവിഷന്‍ രണ്ടാമതും എത്തിയത്. തിരഞ്ഞെടുപ്പിന്റെ വക്കിലെത്തിയ സമയത്ത് ഇത്തരത്തിലുള്ള ആരോപണം ലീഗിന് തലവേദനയായി. അതിനാല്‍ ചാനല്‍ ഐ.ബി.സിയുടെ പ്രവര്‍ത്തനത്തില്‍ ശ്രദ്ധിക്കാന്‍ കുഞ്ഞാലിക്കുട്ടിക്ക് തീരെ കഴിയാതെയായി. നാല് മാസത്തോളം ജീവനക്കാര്‍ ശമ്പളം നല്‍കിയിട്ടില്ലായിരുന്നു. പലരും മറ്റുള്ളവയിലേക്ക് ചേക്കേറി. ബാക്കിയുള്ളവര്‍ കേസുകൊടുക്കാനുള്ള തയ്യറെടുപ്പിലായിരുന്നു. അങ്ങനെയാണ് കഴിഞ്ഞ മാസം ജീവനക്കാരെ വിളിച്ചു ചേര്‍ത്ത് ചാനല്‍ അടച്ചുപൂട്ടിതായി പ്രഖ്യാപിച്ചത്.
അതിനിടെ കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ആശിഖ് പുതിയ വാര്‍ത്താ ചാനല്‍ തുടങ്ങുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇതിന്റെ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാകുന്നു. ഐ.ബി.സിയുടെ എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്ന കെ. പി. ഗോപികൃഷണനാണ് പുതിയ ചാനലിന്റെ സി.ഇ.ഒ. എന്നാല്‍ ഗോപീകൃഷ്ണനേക്കാള്‍ പരിചയ സമ്പന്നരായ ആരെയെങ്കലും ഈ സ്ഥാനത്തേക്ക് പരിഗണിച്ചേക്കും. ചാനല്‍ ഐ.ബി.സിയില്‍ നിയമിതരായ മാധ്യമ പ്രവര്‍ത്തകരെ കുറിച്ച് ലീഗിനുള്ളില്‍ വന്‍ എതിര്‍പ്പാണുണ്ടായിരുന്നത്. അതിനാല്‍ കുഞ്ഞാലിക്കുട്ടിയുടെ മകന്റെ ചാനലിലേക്ക് ഐ.ബി.സി.യിലുണ്ടായിരുന്ന വാര്‍ത്താവിഭാഗം ജീവനക്കാരെ എടുത്തേക്കില്ല. കുഞ്ഞാലിക്കുട്ടിയുടെ മകന്‍ പുതിയ ചാനല്‍ തുടങ്ങിയാലും ഇത് ഇന്നല്ലെങ്കില്‍ നാളെ മറ്റൊരു ഇന്ത്യവിഷനായേക്കക്കുമോയെന്ന ഭയവും ലീഗുകാര്‍ക്കുണ്ട്. എന്നാലും ലീഗിന് സ്വന്തമനായി ഒരു ചാനല്‍ പ്രതീക്ഷിച്ചിരിക്കുകായണ് നല്ലൊരു വിഭാഗം ലീഗുകാര്‍.
http://kvartha.com/profiles/blogs/6430427:BlogPost:25321
