Showing posts with label Minshad Ahmed. Show all posts
Showing posts with label Minshad Ahmed. Show all posts

Tuesday, January 24, 2012

വിവാദങ്ങളുടെ ഇഷ്ടതോഴന്‍

അഴീക്കോട് മാഷ് എന്നും വിവാദങ്ങളുടെ നായകനായിരുന്നു. ഒരു വിവാദം ഒഴിഞ്ഞാല്‍ ഉടനെ അടുത്ത വിവാദം അതാണ് അഴീക്കോട്. തന്‍ കണ്ടത് എന്തും തുറന്ന് പറയുക, അത് ശരിയോ, തെറ്റോ എന്തോ ആവട്ടെ, തനിക്ക് ശരിയെന്ന് തോന്നിയാല്‍ അത് ശരി തന്നെ, അതാണ് മാഷ്. അഴീക്കോട് ഇടപെടുന്ന മിക്ക വിഷയങ്ങളിലും അത് കൊണ്ടാണ് വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നതും. വിമര്‍ശനങ്ങള്‍ സന്തോഷത്തോടെ സ്വീകരിച്ച് ഉടനെ അതിന്റെ ഡബിള്‍ സ്പീഡിലുള്ള മാഷിന്റെ മറുപടി കേരളം ആസ്വദിച്ചു. പുകഴ്ത്തിയെ വ്യക്തിയെ ഇകഴ്ത്തണം എന്നു തോന്നിയാല്‍ യാതൊരു മടിയും ഇല്ല. അതിന് ആരെയും ഭയപ്പെട്ടിരുന്നും ഇല്ല. മാത്രമല്ല, അങ്ങനെ വൈരുദ്ധ്യങ്ങള്‍ പറയുന്നത് ശരിയാണോ എന്ന് ഒരു ചിന്തപോലും മാഷിനില്ലായിരുന്നു. തനിക്ക് തോന്നിയത് അപ്പോള്‍ പറയും. അതിലൊരു അപമാനഭാരവും അദ്ദേഹം കണ്ടില്ല.

അഴീക്കോട് വെറും ഒരു സാഹിത്യകാരനായി ഒതുങ്ങികൂടിയില്ല. എല്ലാ വിഷയങ്ങളിലും ഇടപെട്ടു. വിഎസ് അച്യുതാനന്ദനെ വലിജനസമ്മതനായ വ്യക്തിയാണെന്ന് വിഎസ് പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ അഴീക്കോട് പുകഴ്ത്തി. എന്നാല്‍ വിഎസ് മുഖ്യമന്ത്രിയായിരിക്കെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് പരാജയം രുചിച്ചപ്പോള്‍ വിഎസിനെ കളിയാക്കാനും മാഷ് മറന്നില്ല. വിഎസിന്റെ ചിരി അശ്ലീലമാണെന്നാണ് മാഷിന്റെ കമന്റ്. തുര്‍ന്ന് പരസ്പരം വാക് യുദ്ധങ്ങള്‍ അരങ്ങേറി ഒടുവില്‍ അച്യുതാനന്ദന്‍ ഫോണില്‍ വിളിച്ചുവെന്ന് പറഞ്ഞ് ആ വിവാദം അവസാനിപ്പിക്കുകയായിരുന്നു.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും അഴീക്കോടിന്റെ വിമര്‍ശനം ഏറ്റുവാങ്ങി. വ്യാജ മരുന്നുകളും, ഒരേ മരുന്നിന് പല കമ്പനികള്‍ ഈടാക്കുന്ന പല വിലയും വിവാദമായപ്പോള്‍ അഴീക്കോട് അവര്‍ക്കെതിരെ തിരിഞ്ഞത്. ഇത് വിവാദത്തിന് തിരികൊളുത്തി. മാപ്പര്‍ഹിക്കാത്ത കുറ്റം ചെയ്തിട്ടും അതിന്റെ പേരില്‍ ദുഃഖമോ ഖേദമോ പ്രകടിപ്പിക്കാത്ത ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കൊലയാളികളുടെ സംഘടനയാണെന്നു സുകുമാര്‍ അഴീക്കോട് കുറ്റപ്പെടുത്തി. 'ഐഎംഎ കേരളഘടകം' കേസിനു പോയെങ്കിലും സംഘടനയ്ക്കു നിയമപരമായ നിലനില്‍പ്പില്ല എന്ന നിരീക്ഷണത്തോടെ കോടതി കേസ് തള്ളുകയായിരുന്നു.

വാണിജ്യ സാധ്യതകള്‍ മനസ്സിലാക്കി മാതാ അമൃതാനന്ദമയിയെ പലരും അതു ചൂഷണം ചെയ്യുന്നതിനെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. 'അമൃതാനന്ദമയിയുടെ വാണിജ്യ സാധ്യതകള്‍ മനസ്സിലാക്കിയ വഞ്ചക സമൂഹത്തെയാണു ഞാന്‍ വിമര്‍ശിക്കുന്നത്. മതത്തെപ്പറ്റിയുള്ള സന്ദേഹം പരിഹരിക്കാന്‍ അവരുടെ പക്കല്‍ എന്തെങ്കിലുമുണ്ടോ? കെട്ടിപ്പിടിച്ചാലും സന്ദേഹം മാറില്ല. റിട്ടയര്‍ ചെയ്ത കുടവയറന്മാരെയല്ല, കുഷ്ഠരോഗികളെയാണു കെട്ടിപ്പിടിക്കേണ്ടത്' എന്നും പറഞ്ഞു.

2006 ജനുവരി എട്ടിന് അന്വേഷി പ്രസിഡന്റ് കെ. അജിത ഐസ്‌ക്രീം പാര്‍ലര്‍ കേസിലെ സാക്ഷികളുടെ കൂട്ടക്കൂറുമാറ്റത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട്ട് സംഘടിപ്പിച്ച സമരപ്രഖ്യാപന കണ്‍വന്‍ഷനില്‍ പ്രസംഗിക്കുമ്പോള്‍ അഴീക്കോട് നടത്തിയ പരാമര്‍ശങ്ങള്‍ വീണ്ടും കേസിന് ആധാരമായി. 'വഞ്ചനയ്ക്കു കൂട്ടു നിന്ന പ്രോസിക്യൂട്ടറെ പിരിച്ചുവിട്ടാല്‍ പോരാ, കയ്യും കാലും പിരിച്ചൊടിച്ച് ആശുപത്രിയിലെത്തിക്കണ'മെന്ന് അഴീക്കോടു പ്രസംഗിച്ചു.

വയലാര്‍ രവിയുടെ മകന്റെ ഗുരുവായൂര്‍ ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ടു പുണ്യാഹം നടത്തിയതിനെതിരെയും സുകുമാര്‍ അഴീക്കോടിന്റെ പ്രതികരണം വന്നു. പുണ്യാഹം ഗുരുവായൂര്‍ ദേവസ്വത്തിനു തന്നെ അപമാനമാണെന്ന് അഴീക്കോട് ആരോപിച്ചു. മനുഷ്യന്‍ ക്ഷേത്രത്തില്‍ കടന്നതിന് പുണ്യാഹത്തിന് ഉത്തരവിട്ടവരെയാണ് ഗുരുവായൂര്‍ ഭരണസമിതി പുണ്യാഹം തളിച്ചു ശുദ്ധീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഒടുവില്‍ തിലകനെ പുറത്താക്കിയ താരസംഘടന അമ്മയുടെ നടപടിക്കെതിരെ അഴീക്കോട് ആഞ്ഞടിച്ചു. 'അമ്മ' അധോലോക സംഘടനയായാണു പ്രവര്‍ത്തിക്കുന്നതെന്നും മക്കളുടെ ചോര കുടിക്കുന്ന പിശാചായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മോഹന്‍ലാലും അഴീക്കോടും വലിയ ഒരു ഫൈറ്റിന് തന്നെ കളമൊരുക്കി. തത്വമസി എന്ന തന്റെ പുസ്തകത്തിന്റെ മഹത്വം അറിയാതെ സംസാരിക്കുന്ന മോഹന്‍ലാല്‍ കുങ്കുമം ചുമക്കുന്ന കഴുതയാണെന്നു പ്രസ്താവനയും നടത്തി. മോഹന്‍ലാലിനെ സംസ്ഥാന സര്‍ക്കാരിന്റെ ഖാദി ബോര്‍ഡിന്റെ ബ്രാന്‍ഡ് അംബാസിഡറാക്കിയപ്പോള്‍ മദ്യത്തിന്റെ പ്രചാരകനാകാനാണു യോഗ്യനെന്നും ഖാദിയുടേതല്ലെന്ന് അഴീക്കോട് പറഞ്ഞു. ഒടുവില്‍ മോഹന്‍ലാല്‍ പത്രം സമ്മേളനം വിളിച്ചു അഴീക്കോടിനെ ബുദ്ധിഭ്രംശം സംഭവിച്ചയാള്‍ എന്നു പറഞ്ഞു. 'അമ്മ' അഴീക്കോടിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. അഴീക്കോട് മാഹന്‍ലാലിനെതിരെയും. ആരോഗ്യം മോശമായി തൃശൂര്‍ അമല ആശുപത്രിക്കിടക്കയില്‍ വിശ്രമിക്കുമ്പോഴാണ് ഇരുവരും തമ്മില്‍ സംസാരിച്ച് കേസ് ഒത്തുതീര്‍പ്പാക്കിയത്.

അഴീക്കോടിന്റെ ജീവിതത്തിലെ അവസാനത്തെ ക്ലൈമാക്‌സ്‌ എന്നു പറയുന്നത് വിലാസിനി ടീച്ചറുടേതാണ്. ഒരിക്കല്‍ വിവാഹാലോചന വരെ എത്തിയ ബന്ധത്തില്‍ നിന്നു പിന്മാറിയെങ്കിലും തന്നെ ആത്മകഥയില്‍ മോശപ്പെട്ട സ്ത്രീയായി ചിത്രീകരിച്ചെന്നാരോപിച്ച് റിട്ട. കോളജ് പ്രിന്‍സിപ്പല്‍ ജി. വിലാസിനി അദ്ദേഹത്തിനെതിരെ അപകീര്‍ത്തിക്കേസിനു വക്കീല്‍ നോട്ടീസ് അയച്ചു. പിന്നെ പരസ്പം ആക്ഷേപിച്ചു ചാനലുകള്‍ക്ക് വാര്‍ത്തയാക്കി. ഒടുവില്‍ തൃശൂര്‍ അമല ആശുപത്രിയില്‍ കിടക്കുമ്പോള്‍ വിലാസിനി ടീച്ചര്‍ അഴീക്കോടിനെ കാണാനെത്തി. പ്രണയത്തിന്റെ റോസാപുഷ്പങ്ങള്‍ മാഷിന് നല്‍കി വിലാസിനി ടീച്ചര്‍ വിതുമ്പി. അഴീക്കോട് മാഷാകട്ടെ ടീച്ചറുടെ കൈകള്‍ ചേര്‍ത്ത് പിടിച്ച് ഗദ്ഗദ കണ്ഠനായി ചുവന്ന റോസാപുഷ്പങ്ങള്‍ ഏറ്റുവാങ്ങി. ഒരുപാടു വര്‍ഷങ്ങള്‍ക്കുശേഷം ഒടുവില്‍ സംഭവിച്ച സ്വപ്‌നസാക്ഷാത്കാരത്തിന്റെ വേദിയായി തൃശൂര്‍ അമല ആശുപത്രി. പനിനീര്‍പ്പൂക്കളുമായി എത്തിയ ടീച്ചര്‍ അഴീക്കോടിനൊപ്പം അരമണിക്കൂറോളം ചെലവിട്ടു. തന്റെ കൂടെ വന്നാല്‍ പൊന്നുപോലെ നോക്കാമെന്ന് വിലീസിനി ടീച്ചര്‍ അഴീക്കോടിനോട് പറഞ്ഞു. ഈ വാക്കുകള്‍ കേള്‍ക്കാനായത് തന്നെ ഏറെ സന്തോഷിപ്പിക്കുന്നുവെന്നായിരുന്നു അഴീക്കോടിന്റെ മറുപടി. ഒന്നിലും വിഷമമില്ലെന്നും എല്ലാം തന്റെ തലയിലെഴുത്താണെന്നും ടീച്ചര്‍ പറഞ്ഞു.

Tuesday, December 13, 2011

മാണിയുടെ ഭീഷണി ഏറ്റെടുക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിയുമോ?

ഭരണം നഷ്ടമായാലും മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ നടത്തുന്ന സമരത്തില്‍ നിന്ന് പിറകോട്ടില്ലെന്നാണ് മന്ത്രി കെഎം മാണിയുടെ നിലപാട്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ 10 ദിവസത്തിനകം തീരുമാനമെടുത്തില്ലെങ്കില്‍ സമരസ്വഭാവം മാറുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. മുല്ലപ്പെരിയാര്‍ വിഷശയത്തില്‍ ഏറ്റവും കൂടുതല്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ കഴിയുക മാണിയുടെ പാര്‍ട്ടിയ്ക്ക് തന്നെയാണ്. അതിനാല്‍ അത് പരമാവധി പ്രയോജനപ്പെടുത്താന്‍ തന്നെയാണ് കേരള കോണ്‍ഗ്രസിന്റെ തീരുമാനവും.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഒളിഞ്ഞും മറിഞ്ഞും കോണ്‍ഗ്രസിനെതിരെ കുത്തുന്ന മാണി ഗ്രൂപ്പിന് ഇടതു മുന്നണി വാതില്‍ തുറന്നിട്ടിരിക്കുകയാണ്. അതിനാല്‍ മാണിയുടെ മുന്നറയിപ്പ് കേവലം രാഷ്ട്രീയക്കാരന്റെ സംസാരമായി തള്ളിവിടാനാവില്ല. കേന്ദ്ര സര്‍ക്കാര്‍ യുക്തമായ തീരുമാനം എടുത്തില്ലെങ്കില്‍ തന്റെ എംഎല്‍എമാരെയും എംപി മാരെയും രാജിവെപ്പിക്കാനുള്ള നീക്കം നടക്കുന്നതായും സൂചനയുണ്ട്. കേന്ദ്രത്തല്‍ ഒരു പക്ഷെ ഇതു വലിയ ക്ഷീണം സംഭവച്ചേക്കില്ല. എന്നാല്‍ കേരളത്തില്‍ ഇതോടെ ഉമ്മന്‍ചാണ്ടി സര്‍ക്കാറിന് അന്ത്യമാകും. മാണിഗ്രൂപ്പിലെ മന്ത്രി പിജെ ജോസഫ് കഴിഞ്ഞ ദിവസം എല്‍ഡിഎഫ് തീര്‍ത്ത മനുഷ്യമതിലില്‍ സംബന്ധിച്ച് എല്‍ഡിഎഫിലേക്കു പോകുന്നതിനുള്ള സൂചനകള്‍ നല്‍കിക്കഴിഞ്ഞു. മോന്‍ജോസഫിനേയും കൂട്ടി എംഎല്‍എ സ്ഥാനം രാജിവെയ്ക്കാതെ തന്നെ പിജെ ജോസഫ് എല്‍ഡിഎഫിലേക്കു ചേക്കാറാന്‍ ശ്രമിക്കുന്നതായും റിപോര്‍ട്ടുകളുണ്ട്.
എന്നാല്‍ കെഎം മാണിയുടെ ഭീഷണിയ്ക്ക് വഴങ്ങിക്കൊടുക്കരുതെന്ന് ആര്‍ ബാലകൃഷ്ണ പിള്ള കഴിഞ്ഞ ദിവസം പറഞ്ഞു. യുഡിഎഫിലെ മറ്റു ചില ഘടകകക്ഷികള്‍ക്കും ഈ അഭിപ്രായമാണുള്ളത്. മുസ്‌ലിം ലീഗ് തല്‍ക്കാലം മാണിക്കെതിരെ ഒന്നും സംസാരിക്കില്ല. കാരണം അഞ്ചാം മന്ത്രി പോക്കറ്റിലാകാതെ കമന്റ് അടിച്ചാല്‍ മാണി തിരിച്ച് കൊത്തിയാല്‍ സംഗതി നഷ്ടം ലീഗിനാണ്. മുല്ലപ്പെരിയാര്‍ വിഷയം ഉന്നയിച്ചു സമരത്തിനിറങ്ങിയാല്‍ ഇപ്പോള്‍ പാര്‍ട്ടിയ്ക്ക് ചെറിയ നഷ്ടം സംഭവിച്ചാലും ഭാവിയില്‍ അത് വലിയ ഗുണം ചെയ്യുമെന്നാണ് മാണിഗ്രൂപ്പിന്റെ വിലയിരുത്തല്‍. എല്‍ഡിഎഫിനോടു അനുഭാവം പുലര്‍ത്തുന്ന സമീപനങ്ങളാണ് മാണി ഗ്രൂപ്പ് സ്വീകരിച്ചുവരുന്നത്.
കല്ലിനും മുള്ളിനും ഏല്‍ക്കാതെ പ്രശ്‌നം പരിഹരിക്കുകയെന്നതാണ് ഉമ്മന്‍ചാണ്ടിയുടെ മുമ്പിലുള്ളത്. അതിനാല്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി കൃത്യമായ തീരുമാനങ്ങളും നടപടികളും എടുക്കേണ്ടതുണ്ട്. തന്റെ സര്‍ക്കാര്‍ തകരാതെ സൂക്ഷിക്കുകയെന്നത് അദ്ദേഹത്തിന്റെ ബാധ്യതയാണ്. പിറവം ഉപതിരഞ്ഞെടുപ്പും മുഖ്യമന്ത്രിയ്ക്ക് മുമ്പിലുള്ള മറ്റൊരു ഭീഷണിയാണ്.

Tuesday, August 9, 2011

പാമൊയിലില്‍ തെന്നി വീഴുമോ?


 രണ്ടുകാലില്‍ നേരാവണ്ണം എണീറ്റു നില്‍ക്കാനാവാത്ത ഉമ്മന്‍ചാണ്ടിസര്‍ക്കാരിനെ പാമൊയില്‍ കേസില്‍ തുടരന്വേഷണത്തിനുള്ള ഉത്തരവ് കൂടുതല്‍ പ്രതിസന്ധിയിലാക്കും. പാമൊയിലില്‍ തെന്നിവീണത് പ്രമുഖ നോതാക്കന്‍മാരാണ്. കെ കരുണാകരന്‍ മുതല്‍ ഒടുവില്‍ വീഴ്ത്തിയത് ചീഫ് വിജിലന്‍സ് കമ്മീഷണറായിരുന്ന പി.ജെ തോമസിനെയാണ്. ഇപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നേരെ വാളോങ്ങി നില്‍ക്കുന്നു.

ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ കൂടുതല്‍ പേരെ പ്രതിചേര്‍ക്കാന്‍ തെളിവില്ലെന്നു വിശദീകരിച്ച് വിജിലന്‍സ് ഹാജരാക്കിയ തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളിയാണ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയുടെ ഉത്തരവ്. മൂന്നു മാസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും പ്രത്യേക ജഡ്ജി പി കെ ഹനീഫ നിര്‍ദേശിച്ചു.

1991- 92 കാലത്താണ് വിവാദമായ പാമൊലിന്‍ ഇടപാട്. പവര്‍ ആന്‍ഡ് എനര്‍ജി കോര്‍പറേഷനില്‍ നിന്ന് 15,000 ടണ്‍ പാമൊലിന്‍ ഇറക്കുമതി ചെയ്തിരുന്നു കേരള സര്‍ക്കാര്‍. സ്റ്റേറ്റ് ട്രേഡിംഗ് കോര്‍പറേഷന്റെ മാനദണ്ഡങ്ങള്‍ ലംഘിച്ച് അന്താരാഷ്ട്ര വിലയേക്കാള്‍ കൂടുതല്‍ നിരക്കിന് പാമോയില്‍ ഇറക്കുമതി ചെയ്തുവെന്നായിരുന്നു കേസ്. അന്താരാഷ്ട്ര വിപണിയില്‍ ഒടു ടണ്‍ പാമൊയിലിന് 392.25 ഡോളര്‍ മാത്രം വിലയുണ്ടായിരുന്നപ്പോള്‍ 405 ഡോളര്‍ നിരക്കില്‍ ഇറക്കുമതി ചെയ്തുവെന്നും ഈ ഇടപാടില്‍ പൊതുഖജനാവിന് 2.32 കോടി രൂപ നഷ്ടം സംഭവിച്ചതായും കുറ്റപത്രത്തില്‍ ചൂണ്ടികാട്ടുന്നു. കെ. കരുണാകരനെ ലക്ഷ്യം വച്ചാണു പ്രതിപക്ഷം അന്ന് ആക്രമണം തുടങ്ങിയത്. 1997ല്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തു. കെ. കരുണാകരനായിരുന്നു ഒന്നാം പ്രതി. അദ്ദേഹം സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. ആറു വര്‍ഷത്തിനു ശേഷമാണു വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. അതില്‍ 23ാം സാക്ഷിയായിരുന്നു ധനകാര്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി. മന്ത്രിസഭാ യോഗത്തില്‍ പ്രത്യേക അജന്‍ഡയായി പാമോയില്‍ ഇറക്കുമതി വിഷയം ചര്‍ച്ചയ്‌ക്കെടുത്തതും ഒരു മാസത്തിലധികം ഈ ഫയല്‍ ധനവകുപ്പിലായിരുന്നുവെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉമ്മന്‍ ചാണ്ടിയെ സാക്ഷിയാക്കിയത്.

2005ല്‍ അധികാരത്തിലെത്തിയ യു.ഡി.എഫ് സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചു. പിന്നീട് വന്ന ഇടതു സര്‍ക്കാര്‍ കേസ് റദ്ദാക്കി. ഇതിനെ ചോദ്യം ചെയ്തു കരുണാകരന്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഹര്‍ജി നല്‍കി. അദ്ദേഹം അന്തരിച്ച ശേഷം 2011ല്‍ കേസ് വിജിലന്‍സ് കോടതിയില്‍ വിചാരണയ്ക്കു വന്നു. മുന്‍ ഭക്ഷ്യമന്ത്രി ടി.എച്ച്. മുസ്തഫയും സകറിയാ മാത്യുവും ഉള്‍പ്പെടെ എല്ലാ പ്രതികളും തുടര്‍ന്ന് ഒഴിവാക്കല്‍ ഹര്‍ജി നല്‍കി. മുസ്തഫയുടെ ഹര്‍ജിയില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് പരാമര്‍ശിച്ചതിനെച്ചൊല്ലി വിവാദങ്ങളുണ്ടായി. തുടര്‍ന്നു കേസില്‍ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് തുടരന്വേഷണം നടത്തണമെന്നു സര്‍ക്കാരിനു വേണ്ടി ഹാജരായ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി.എ. അഹമ്മദ് 2011 ഫെബ്രുവരി 26ന് ഹര്‍ജി നല്‍കി. മാര്‍ച്ച് 14ന് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി തുടരന്വേഷണം നടത്താന്‍ നിര്‍ദേശിച്ചു. തുടരന്വേഷണ റിപ്പോര്‍ട്ട് മെയ് 13നു നല്‍കി. അന്ന് ഇടതു സര്‍ക്കാരായിരുന്നു അധികാരത്തില്‍. പുതുതായി ആരെയും പ്രതിചേര്‍ക്കാന്‍ തെളിവില്ലെന്ന റിപ്പോര്‍ട്ടാണ് അന്വേഷണോദ്യോഗസ്ഥന്‍ നല്‍കിയത്. ഈ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ തള്ളിയത്.

പാമൊലിന്‍ ഇടപാടുമായി ബന്ധപ്പെട്ട എല്ലാ കാര്യവും തനിക്ക് അറിയാമെന്ന് 2005 ജനുവരി 19നു ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതാണ് കേസിന് വഴിത്തിരിവായത്. പാമൊലിന്‍ ഇറക്കുമതി സംബന്ധിച്ച എല്ലാ കാര്യവും അന്ന് ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ അറിവോടെയാണ് നടന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. പാമൊലിന്‍ ഇറക്കുമതിക്കാര്യം മന്ത്രിസഭാ യോഗത്തിന്റെ അജന്‍ഡയ്ക്കു പുറത്ത് പ്രത്യേക വിഷയമായി കൊണ്ടുവരണമെന്ന അന്നത്തെ ഭക്ഷ്യമന്ത്രി ടി എച്ച് മുസ്തഫയുടെ നിര്‍ദേശം ധനമന്ത്രിയും അംഗീകരിച്ച് ഒപ്പുവച്ചു. ഇറക്കുമതിയെ കുറിച്ച് തനിക്ക് അറിവില്ലായിരുന്നെന്ന ഉമ്മന്‍ചാണ്ടിയുടെ വാദം അംഗീകരിക്കാനാകില്ല. ഫയല്‍ ഒന്നരമാസം ധനമന്ത്രിയുടെ ഓഫീസിലുണ്ടായിരുന്നു. 15 ശതമാനം കമീഷന്‍ നല്‍കണമെന്ന വ്യവസ്ഥ ഉമ്മന്‍ചാണ്ടിക്കും അറിവുള്ളതായിരുന്നു. തുടങ്ങിയവയാണ് ഉമ്മന്‍ചാണ്ടിയുടെ പങ്കിനെ കുറിച്ച് പ്രധാനമായും കോടതിപറയുന്നത്.

കേസില്‍ മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് ന്‌ലകാനാണ് കോടതി പറഞ്ഞിരിക്കുന്നത്. ഈ റിപ്പോര്‍ട്ട് ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായി വന്നാല്‍ തന്നെ അന്വേഷണത്തിലെ വിശ്വാസതയെ ചോദ്യം ചെയ്യപ്പെടും. വരും ദിവസങ്ങളില്‍ യു.ഡി.എഫില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും ഉമ്മന്‍ചാണ്ടിക്ക് ലഭിക്കുന്ന പിന്തുണയെ ആശ്രയിച്ചാവും അദ്ദേഹത്തിന്റെ ഭാവി. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല അദ്ദേഹത്തിന് പൂര്‍ണ പിന്തുണ നല്‍കിയിട്ടുണ്ടെങ്കിലും ഗ്രൂപ്പ് പോര് ശക്തമായ കോണ്‍ഗ്രസില്‍ ഇനി എന്തെല്ലാമാണ്‌ നടക്കുന്നതെന്ന് കാത്തിരുന്ന് കാണാം.